Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇലക്ട്രിക് വിപണിയിൽ...

ഇലക്ട്രിക് വിപണിയിൽ ഹോണ്ടയുടെ പുതിയ നീക്കം! ക്യുസി3 ഇവി സ്കൂട്ടർ ഇന്ത്യൻ നിരത്തുകളിൽ

text_fields
bookmark_border
Honda QC3
cancel
camera_alt

ഹോണ്ട ക്യുസി3

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിക്കൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) പുതിയ ഹോണ്ട ക്യുസി3 (Honda QC3) ഇലക്ട്രിക് സ്കൂട്ടർ ഔദ്യോഗികമായി അവതരിപ്പിച്ചു. കുടുംബങ്ങളുടെയും യാത്രാപ്രേമികളുടെയും ആവശ്യങ്ങൾ പൂർണമായും മുൻനിർത്തിയാണ് പുതിയ ഇവി മോഡൽ ഹോണ്ട വിപണിയിൽ എത്തിച്ചിരിക്കുന്നത്. നിലവിൽ വിപണിയിലുള്ള ക്യുസി1 (QC1), ആക്ടിവ ഇ: (Activa e:) എന്നീ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഒപ്പമാണ് ക്യുസി3-യും ഇടംപിടിക്കുന്നത്.

മൂന്ന് കിലോവാട്ട് ശേഷിയുള്ള ഫിക്സഡ് ബാറ്ററി പായ്ക്കാണ് ഹോണ്ട ക്യുസി3-ൽ നൽകിയിട്ടുള്ളത്. ഒറ്റച്ചാർജിൽ 145 കിലോമീറ്റർ റേഞ്ച് (ഐ.ഡി.സി) വാഗ്‌ദാനം ചെയ്യാൻ ഈ ബാറ്ററിക്ക് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. നഗരയാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്ന രീതിയിൽ ഫാസ്റ്റ് ചാർജിങ് പിന്തുണയും സ്കൂട്ടറിലുണ്ട്. 2 മണിക്കൂറും 40 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ ചാർജ് 0-ൽ നിന്ന് 80 ശതമാനത്തിലെത്തിക്കാൻ സാധിക്കും. കൂടാതെ കുടുംബങ്ങളുടെ യാത്രാ ആവശ്യങ്ങൾക്കായി 32 ലിറ്റർ ഉൾക്കൊള്ളാവുന്ന വലിയ അണ്ടർ സീറ്റ് സ്റ്റോറേജ് ഇലക്ട്രിക് സ്കൂട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്.

സാങ്കേതികപരമായി ഏറെ മുന്നിലാണ് പുതിയ ക്യുസി3 ഇവി സ്കൂട്ടർ. പ്രധാന വിവരങ്ങൾ വ്യക്തമായി കാണുന്നതിനായി അഞ്ച് ഇഞ്ചിന്റെ ടി.എഫ്.ടി (TFT) ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹോണ്ട റോഡ്‌സിങ്ക് (Honda RoadSync) കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ റൈഡർമാർക്ക് വഴി എളുപ്പമാക്കുന്നു. കൂടാതെ, വാഹനത്തിന്റെ ഉപയോഗം കൂടുതൽ എളുപ്പമാക്കാൻ സ്മാർട്ട് കീ സിസ്റ്റവും (Smart Key system) സജ്ജീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളോടുള്ള താൽപ്പര്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹോണ്ടയുടെ പുതിയ നീക്കം. ഇതിനോടകം തന്നെ എൻട്രി ലെവൽ ആവശ്യങ്ങൾക്കായി ക്യുസി1 മോഡലുകളും, സ്വാപ്പബിൾ ബാറ്ററി സാങ്കേതികവിദ്യയോടെയുള്ള ആക്ടിവ ഇ: മോഡലുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇവക്ക് പുറമെയാണ് കൂടുതൽ റേഞ്ചും കുടുംബ സൗഹൃദവുമായ ഫീച്ചറുകളുമായി ക്യുസി3 വിപണിയിൽ എത്തുന്നത്.

ക്യുസി3 ഇലക്ട്രിക് സ്കൂട്ടറിനോടൊപ്പം മറ്റ് ഒമ്പത് പുതിയ ഉൽപ്പന്നങ്ങളും ഹോണ്ട വിപണിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിൽ എഡിവി 160 (ADV 160) സ്കൂട്ടർ, റിബൽ 300 (Rebel 300), റിബൽ 500 (Rebel 500) ക്രൂയിസർ മോട്ടോർസൈക്കിളുകൾ, പുതുക്കിയ സി.ബി 350 (CB 350) റേഞ്ച്, എക്സ്.ആർ 300 (XR 300) ഓഫ്-റോഡ് മോട്ടോർസൈക്കിളുകൾ എന്നിവയും ഉൾപ്പെടുന്നു.

Show Full Article
TAGS:Honda QC3 Electric Scooter Electric Vehicle Auto News 
News Summary - ഇലക്ട്രിക് വിപണിയിൽ ഹോണ്ടയുടെ പുതിയ നീക്കം! ക്യുസി3 ഇവി സ്കൂട്ടർ ഇന്ത്യൻ നിരത്തുകളിൽ
Next Story