ഇലക്ട്രികിൽ ഹിറ്റടിക്കാൻ ഹോണ്ട; ആദ്യ ഇ.വി ബൈക്കിന്റെ ആഗോള അരങ്ങേറ്റ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി
text_fieldsഹോണ്ടയുടെ പുതിയ ഇലക്ട്രിക് ബൈക്ക്
ജാപ്പനീസ് ഇരുചക്രവാഹനനിർമാതാക്കളായ ഹോണ്ട അവരുടെ ആദ്യ ഇലക്ട്രിക് ബൈക്കിന്റെ പരീക്ഷണയോട്ടം യൂറോപ്പിൽ പൂർത്തിയാക്കി. 'ഹോണ്ട WN7' എന്ന് നാമകരണം ചെയ്തിരിക്കുന്ന ബൈക്ക് കമ്പനിയുടെ കാർബൺ ന്യൂട്രാലിറ്റി സ്ട്രാറ്റജി അടിസ്ഥാനമാക്കിയും ഏറ്റവും സ്റ്റൈലിഷ് മോഡലിലുമാണ് നിർമിച്ചിട്ടുള്ളത്. ഈ മോഡലിന്റെ നിർമാണത്തോടെ കാർബൺ ന്യൂട്രൽ 2040 എന്ന ക്യാമ്പയിനിനാണ് ഹോണ്ട തുടക്കം കുറിച്ചത്.
ഹോണ്ട WN7 ഇലക്ട്രിക് മോട്ടോർസൈക്കിൾ
'ഫൺ' കാറ്റഗറി അടിസ്ഥാനമാക്കി ഹോണ്ട നിർമിക്കുന്ന ആദ്യ ഫിക്സഡ്-ബാറ്ററി ഇലക്ട്രിക് മോട്ടോർസൈക്കിളാണ് WN7. 2024ൽ ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോ എക്സ്പോ ഇ.ഐ.സി.എം.എയിലാണ് ഹോണ്ട ആദ്യമായി ഈ മോഡൽ പ്രദർശിപ്പിച്ചത്. റൈഡേഴ്സിന്റെ ആവശ്യപ്രകാരം സുസ്ഥിരതയും പ്രകടനവും അടിസ്ഥാനമാക്കി നിർമിച്ച ഇലക്ട്രിക് ബൈക്കാണിതെന്ന് കമ്പനി പറഞ്ഞു.
ഒറ്റചാർജിൽ 130 കിലോമീറ്റർ (83 മൈൽസ്) സഞ്ചരിക്കാൻ പ്രാപ്തമുള്ളതാണ് ഹോണ്ട WN7 ഫിക്സഡ് ബാറ്ററി. ലിഥിയം-അയോൺ ഫിക്സഡ് ബാറ്ററിയാണ് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹങ്ങൾക്കായി യൂറോപ്യൻ യൂനിയൻ നടപ്പിലാക്കിയ CCS2 സ്പീഡ് ചാർജിങ്ങാണ് മോട്ടോർസൈക്കിളിനുള്ളത്. 20% മുതൽ 80% വരെ ചാർജ് ചെയ്യാൻ 30 മിനിറ്റ് മതി എന്നതും ഹോണ്ടയുടെ ഇലക്ട്രിക് ബൈക്കിന്റെ പ്രത്യേകതയാണ്. ഫാസ്റ്റ് ചാർജിങ് കൂടാതെ വീട്ടിൽ നിന്നും ചാർജ് ചെയ്യാനുള്ള സൗകര്യം ഹോണ്ട WN7നുണ്ട്. ഇങ്ങനെ ചാർജ് ചെയ്യുമ്പോൾ വാഹനം മുഴുവനായി ചാർജ് ആകാൻ മൂന്ന് മണിക്കൂർ മതിയാകും.
600 സി.സി ആന്തരിക ജ്വലന എഞ്ചിനാണ് (ഐ.സി.ഇ) ഹോണ്ട WN7 കരുത്ത്. ഇത് 1000 സി.സി ഐ.സി.ഇ ടോർക്കും ഉത്പാതിപ്പിക്കും. അതിനാൽ റൈഡേഴ്സിന് മികച്ചൊരു റൈഡിങ് അനുഭവം ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഹോണ്ട റോഡ്സിങ്ക് കണക്ടിവിറ്റിയുമായി എത്തുന്ന 5-ഇഞ്ച് ടി.എഫ്.ടി സ്‌ക്രീനിൽ നാവിഗേഷൻ, കോളുകൾ, മറ്റ് നോട്ടിഫിക്കേഷൻ എന്നിവ കാണാൻ സാധിക്കും. വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും ഹോണ്ട അറിയിച്ചു.