ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ സ്ഥാനം ഉറപ്പിക്കാൻ ഹോണ്ട; WN7ന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
text_fieldsഹോണ്ട WN7
ജാപ്പനീസ് ഇരുചക്രവാഹനനിർമാതാക്കളായ ഹോണ്ടയുടെ ആദ്യ ഫുൾ-സൈസ് ഇലക്ട്രിക് ബൈക്കായ WN7ന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇറ്റലിയിലെ മിലാനിൽ നടക്കുന്ന അന്താരാഷ്ട്ര മോട്ടോർസൈക്കിൾ ആൻഡ് ആക്‌സസറീസ് എക്സിബിഷൻ (ഇ.ഐ.സി.എം.എ) 2025ലാണ് മോട്ടോർസൈക്കിളിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടത്. നേരത്തെ വാഹനത്തിന്റെ പരീക്ഷണയോട്ടം യൂറോപ്പിൽ വെച്ച് ഹോണ്ട വിജയകരമായി പൂർത്തിയാക്കിയിരുന്നു.
9.3kWh ബാറ്ററി പാക്കിൽ വിപണിയിൽ എത്തുന്ന ഹോണ്ട WN7നിൽ 11kW, 18kW എന്നിങ്ങനെ രണ്ട് മോട്ടോർ ഓപ്ഷനുകൾ ലഭിക്കുന്നു. 11kW മോഡലിന് 11.2kW പവർ ഔട്ട്പുട്ട് ഉണ്ട്. അതേസമയം 18kW പതിപ്പിന് 50kW ഔട്പുട്ട് വരെ ഉത്പാദിപ്പിക്കാൻ കഴിയും. അതിനാൽത്തന്നെ യൂറോപ്പിൽ A1, A2 ലൈസൻസുകൾ കരസ്ഥമാക്കാൻ ഹോണ്ട WN7നെ പ്രാപ്തമാക്കിയിട്ടുണ്ട്. വേഗത കുറഞ്ഞ പതിപ്പിന് ഒറ്റ ചാർജിൽ 153 കിലോമീറ്ററും ഉയർന്ന വേഗത പതിപ്പിന് 140 കിലോമീറ്ററും റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 18kW മോട്ടോറിന്റെ ഉയർന്ന വേഗത 129kph ആണ്.
സാധാരണ ടൈപ്പ് 2 ചാർജർ ഉപയോഗിച്ചും മിക്ക കാറുകളിലും ഉപയോഗിക്കുന്ന ഒരു ഫാസ്റ്റ് CCS2 ചാർജർ ഉപയോഗിച്ചും ഹോണ്ട WN7 മോട്ടോർസൈക്കിൾ ചാർജ് ചെയ്യാം. സ്റ്റാൻഡേർഡ്, സ്‌പോർട്, റൈൻ, ഇകോൺ എന്നിങ്ങനെ നാല് ഡീഫാൾട്ട് റൈഡിങ് മോഡുകളുണ്ട് ഈ മോട്ടോർസൈക്കിളിന്. ഓരോ മോഡും ട്രാക്ഷൻ കണ്ട്രോൾ ലെവൽ മാറ്റുന്നു. ഇടത് ഹാൻഡിൽബാറിലെ ഫിംഗർ/തമ്പ് പാഡിൽസ് വഴി ലെവൽ 0 മുതൽ ലെവൽ 3 വരെ (പരമാവധി) വേഗത കുറയ്ക്കനും റീജനറേറ്റീവ് ബ്രേക്കിങ് ലെവൽ ഇഷ്ടാനുസരണം ക്രമീകരിക്കാൻ സാധിക്കും.
'ഫൺ' കാറ്റഗറി അടിസ്ഥാനമാക്കി ഹോണ്ട നിർമിക്കുന്ന ആദ്യ ഫിക്സഡ്-ബാറ്ററി ഇലക്ട്രിക് മോട്ടോർസൈക്കിളാണ് WN7. അതിനാൽതന്നെ അലുമിനിയം മോണോകോക്ക് ചേസിസ് ഉപയോഗിച്ചാണ് മോട്ടോർസൈക്കിൾ നിർമിച്ചിരിക്കുന്നത്. 43 എം.എം ഷോവ യു.എസ്.ഡി ഫോർക്കും ഒരു മോണോഷോക്കും ഫ്രെയിമിൽ സസ്‌പെൻഡ് ചെയ്തിരിക്കുന്നു. പേറ്റന്റ് നേടിയ ഇ-ക്ലച്ച് സാങ്കേതികവിദ്യയും V3R പ്രോട്ടോടൈപ്പുമുള്ള അഞ്ച് മോട്ടോർസൈക്കിളുകൾ കമ്പനി ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.
സുരക്ഷക്ക് മുൻഗണനയുള്ളതിനാൽ മുൻവശത്ത് 296 എം.എം നിസിൻ ഡ്യൂവൽ-പിസ്റ്റൺ കലിപർ ഡിസ്‌ക്കും റിയർ വശത്ത് 256 എം.എം മോണോ-പിസ്റ്റൺ കലിപർ ഡിസ്ക് ബ്രേക്കും ഹോണ്ട സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് ഇഞ്ച് ടി.എഫ്‍.ടി സ്‌ക്രീനിൽ നിന്ന് ക്രമീകരിക്കാൻ കഴിയുന്ന ഐ.എം.യു ലിങ്ക്ഡ് സിസ്റ്റം വഴി കോർണറിങ് എ.ബി.എസ് നിയന്ത്രണവും മോട്ടോർസൈക്കിളിന് നൽകിയിട്ടുണ്ട്.


