വൈദ്യുതി വാഹന വിൽപനയിൽ വൻ കുതിപ്പ്
text_fieldsജൂലൈയിൽ വൈദ്യുതി വാഹനങ്ങളുടെ ചില്ലറ വിൽപനയിൽ 93 ശതമാനം വർധന. കഴിഞ്ഞ മാസം മൊത്തം വൈദ്യുതി യാത്രാ വാഹന വിൽപന 15,528 യൂനിറ്റായി ഉയർന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്.എ.ഡി.എ) അറിയിച്ചു. 2024 ജൂലൈയിൽ ഇത് 8,037 യൂനിറ്റ് മാത്രമായിരുന്നു.
വൈദ്യുതി വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സ് തന്നെയാണ് മുന്നിൽ. കഴിഞ്ഞ വർഷം ജൂലൈയിൽ 5,100 വാഹനങ്ങൾ വിറ്റ ടാറ്റ കഴിഞ്ഞമാസം വിൽപന 6,047 യൂനിറ്റുകളാക്കി ഉയർത്തി. വർധന 19 ശതമാനം.എന്നാൽ, ഇരുചക്ര വൈദ്യുതി വാഹനങ്ങളുടെ വിൽപന വാർഷികാടിസ്ഥാനത്തിൽ നാലു ശതമാനം കുറയുകയാണ് ചെയ്തത്.
2024 ജൂലൈയിൽ വിറ്റഴിഞ്ഞ 1,07,655 യൂനിറ്റുകളിൽനിന്ന് 1,02,973 യൂനിറ്റായി കുറഞ്ഞു. ടി.വി.എസ് മോട്ടോർ കമ്പനി 22,256 ഇരുചക്ര വാഹനം വിറ്റഴിച്ച് ഒന്നാമതെത്തി. കഴിഞ്ഞ വർഷം ഇത് 19,655 യൂനിറ്റുകളായിരുന്നു. ഇലക്ട്രിക് മുച്ചക്ര വാഹന വിൽപന കഴിഞ്ഞ വർഷത്തെ 63,675 യൂനിറ്റുകളെ അപേക്ഷിച്ച് ഒമ്പത് ശതമാനം കൂടി 69,146 യൂനിറ്റുകളായി. 9,766 യൂനിറ്റുകൾ വിറ്റഴിച്ച മഹീന്ദ്ര ഗ്രൂപ്പാണ് ഈ വിഭാഗത്തിൽ മുന്നിൽ.