Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right51kWh ബാറ്ററി, 510...

51kWh ബാറ്ററി, 510 കിലോമീറ്റർ റേഞ്ച്; 10.99 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ഹ്യുണ്ടായിയുടെ കിടിലൻ ഇലക്ട്രിക് എസ്.യു.വി!

text_fields
bookmark_border
Hyundai Creta EV
cancel
camera_alt

ഹ്യൂണ്ടായ് ക്രെറ്റ ഇവി 

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് എസ്‌.യു.വിയായ 'ക്രെറ്റ ഇലക്ട്രിക്കി'നായി 'ബാറ്ററി-ആസ്-എ-സർവീസ്' (BaaS) പദ്ധതി അവതരിപ്പിച്ചു. ഇതോടെ, വാഹനത്തിന്റെ പ്രാരംഭ വില 10.99 ലക്ഷം രൂപയായി (എക്‌സ്-ഷോറൂം) കുറഞ്ഞു. വാഹനത്തിന്റെ മൊത്തം വിലയിൽ നിന്ന് ബാറ്ററിയുടെ വില മാറ്റിനിർത്തിയാണ് ഹ്യുണ്ടായ് ഈ പുതിയ ഉടമസ്ഥാവകാശ മാതൃക രൂപപ്പെടുത്തിയിരിക്കുന്നത്. ബാറ്ററിക്കായി ഉപഭോക്താക്കൾക്ക് തങ്ങളുടെ ഉപയോഗത്തിനനുസരിച്ച് കിലോമീറ്ററിന് 3.9 രൂപ എന്ന നിരക്കിൽ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് അടയ്ക്കാവുന്നതാണ്.

എന്താണ് ബാറ്ററി-ആസ്-എ-സർവീസ്?

സാധാരണയായി ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന വിലക്ക് പ്രധാന കാരണം ബാറ്ററിയാണ്. വാഹനത്തിന്റെ മൊത്തം വിലയിൽ നിന്ന് ബാറ്ററിയുടെ വില കുറക്കുന്നതോടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ തുകക്ക് വാഹനം വാങ്ങാൻ സാധിക്കുന്നു. ബാറ്ററിക്കുള്ള തുക ഒരു ലോൺ അല്ലെങ്കിൽ സബ്‌സ്‌ക്രിപ്‌ഷൻ രീതിയിൽ പിന്നീട് അടച്ചാൽ മതിയാകും. ഇത് ഇലക്ട്രിക് വാഹനങ്ങൾ സാധാരണക്കാർക്കും കൂടുതൽ പ്രാപ്യമാക്കാൻ സഹായിക്കും.

ബാറ്ററി-ആസ്-എ-സർവീസ് പദ്ധതിക്ക് പുറമെ, ക്രെറ്റ ഇലക്ട്രിക്കിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന മറ്റ് ചില പരിഷ്കരണങ്ങളും ഹ്യുണ്ടായ് വരുത്തിയിട്ടുണ്ട്. വാഹനത്തിൽ എളുപ്പത്തിൽ കയറാനും ഇറങ്ങാനും സഹായിക്കുന്നതിനായി 'ഇന്റഗ്രേറ്റഡ് സൈഡ് ഫൂട്ട് സ്റ്റെപ്പ്' ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് വാഹനത്തിന് കൂടുതൽ കരുത്തുറ്റ സാന്നിധ്യം നൽകുന്നു. കൂടാതെ, ഹോം ചാർജർ സൗകര്യമുള്ള വകഭേദങ്ങളിൽ ഇനി മുതൽ 7.4 kW വാൾ ബോക്സ് ചാർജർ ലഭ്യമാക്കും. ഇത് വീടുകളിൽ വാഹനം വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കും.

വാഹനത്തിന്റെ എൻജിൻ കരുത്തിലോ റേഞ്ചിലോ മറ്റ് മാറ്റങ്ങൾ വരുത്തിയിട്ടില്ല. 42kWh, 51.4kWh എന്നിങ്ങനെ രണ്ട് ബാറ്ററി വകഭേദങ്ങളിൽ വാഹനം ലഭ്യമാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 42kWh മോഡലിന് 420 കിലോമീറ്ററും, 51.4kWh മോഡലിന് 510 കിലോമീറ്ററും എ.ആർ.എ.ഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച് ലഭിക്കും. 51.4kWh മോഡലിന് 171 ബി.എച്ച്.പി കരുത്തുണ്ട്, 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 7.9 സെക്കൻഡ് മാത്രം മതി. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 39 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും.

ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റം) സുരക്ഷാ സംവിധാനം, വെഹിക്കിൾ-ടു-ലോഡ് (V2L) സാങ്കേതികവിദ്യ, ഡിജിറ്റൽ കീ (സ്മാർട്ട്ഫോൺ/സ്മാർട്ട്വാച്ച് വഴി), ബാറ്ററിക്ക് 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വാറന്റി തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹന വിപണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ഇവി ചാർജിങ് ശൃംഖല ശക്തമാക്കാനും ഹ്യുണ്ടായ് ലക്ഷ്യമിടുന്നു. നിലവിൽ 183 സ്ഥലങ്ങളിലായി 214 ഡിസി ഫാസ്റ്റ് ചാർജറുകൾ ഹ്യുണ്ടായ്ക്കുണ്ട്. വരും വർഷങ്ങളിൽ ഇത് 600ഓളം പബ്ലിക് ഫാസ്റ്റ്-ചാർജിങ് സ്റ്റേഷനുകളായി വർധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനുപുറമെ, മൈഹ്യുണ്ടായ്‌ ആപ്പ് ഉപയോഗിച്ച് ഇന്ത്യയിലെ 10,000ത്തിലധികം ചാർജിങ് പോയിന്റുകൾ കണ്ടെത്താനും ഉപഭോക്താക്കൾക്ക് സാധിക്കും. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്സ്, എം.ജി മോട്ടോർ തുടങ്ങിയ കമ്പനികളോട് മത്സരിക്കുമ്പോൾ ഹ്യുണ്ടായിയുടെ ഈ പുതിയ നീക്കം വലിയ വിപണി മുന്നേറ്റത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
TAGS:Hyundai Motor India Hyundai Creta EV Electric Vehicle Auto News 
News Summary - Hyundai's powerful electric SUV at an ex-showroom price of Rs 10.99 lakh!
Next Story