Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇൻ-കാർ തിയറ്റർ മോഡ്,...

ഇൻ-കാർ തിയറ്റർ മോഡ്, 540 ഡിഗ്രി കാമറ; കിടിലൻ ഫീച്ചറുകളോടെ മഹീന്ദ്ര എക്സ്.യു.വി 7 എക്സ്.ഒ

text_fields
bookmark_border
ഇൻ-കാർ തിയറ്റർ മോഡ്, 540 ഡിഗ്രി കാമറ; കിടിലൻ ഫീച്ചറുകളോടെ മഹീന്ദ്ര എക്സ്.യു.വി 7 എക്സ്.ഒ
cancel

ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവരുടെ എസ്.യു.വി സെഗ്‌മെന്റിലെ പുതിയ എക്സ്.യു.വി 7എക്സ്.ഒ, പുത്തൻ ലുക്കിൽ ആധുനിക ഫീച്ചറുകളുമായി 2026 ജനുവരി അഞ്ചാം തിയതി വിപണിയിൽ എത്തും. 21,000 രൂപ ടോക്കൺ അഡ്വാൻസ് നൽകി അംഗീകൃത ഡീലർഷിപ്പുകൾ വഴി ഉപഭോക്താക്കൾക്ക് വാഹനം ബുക്ക് ചെയ്യാനുള്ള അവസരം ഡിസംബർ 15 മുതൽ മഹീന്ദ്ര ഒരുക്കിയിരുന്നു.

മഹീന്ദ്ര 2021ൽ വിപണിയിൽ എത്തിച്ച എക്സ്.യു.വി 700 മോഡലിന്റെ ഫ്ലാഗ്ഷിപ്പ് വകഭേദമാണിത്. അതിനാൽ തന്നെ 2.0 ലിറ്റർ ടർബോ-പെട്രോൾ, 2.2 ലിറ്റർ ടർബോ-ഡീസൽ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളാണ് എക്സ്.യു.വി 7 എക്സ്.ഒ മോഡലിന്റെ കരുത്ത്. പെട്രോൾ എൻജിൻ 200 എച്ച്.പി കരുത്തും 380 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എൻജിൻ 182 എച്ച്.പി കരുത്തും 450 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിച്ച് വാഹനത്തിന് കൂടുതൽ കരുത്ത് നൽകുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം തിരഞ്ഞെടുത്ത വേരിയന്റുകളിൽ ഓൾ-വീൽ ഡ്രൈവ് (AWD) സൗകര്യവും ലഭ്യമാകും.

മഹീന്ദ്ര എക്സ്.യു.വി 7 എക്സ്.ഒ

മഹീന്ദ്ര ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കിയപ്പോൾ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മികച്ച ഫീച്ചറുകളും മോഡലുകൾക്ക് നൽകിയിരുന്നു. അതിൽ നിന്നും വ്യത്യസ്തമായാണ് എക്സ്.യു.വി 7 എക്സ്.ഒയെ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നത്. അഞ്ച്, ആറ്, ഏഴ് സീറ്റുകളിൽ ഉപഭോക്താക്കൾക്ക് വാഹനം തെരഞ്ഞെടുക്കാം.

അത്യാധുനിക 540 ഡിഗ്രി കാമറ

എക്സ്.യു.വി 700ലെ 360-ഡിഗ്രി കാമറക്ക് പകരം, പുതിയ എക്സ്.യു.വി 7 എക്സ്.ഒയിൽ 540-ഡിഗ്രി കാമറ സംവിധാനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് വാഹനത്തിന് ചുറ്റും മാത്രമല്ല, ടയറുകൾക്ക് താഴെയുള്ള ഭാഗങ്ങൾ കൂടി വ്യക്തമായി കാണാൻ സഹായിക്കുന്നു. ഇടുങ്ങിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും ഓഫ്‌റോഡ് യാത്രകൾക്കും ഇത് ഏറെ സഹായകമാകും.

ഇൻ-കാർ തിയേറ്റർ മോഡ്

യാത്രക്കാർക്കായി പുത്തൻ വിനോദ സംവിധാനമാണ് മഹീന്ദ്ര ഒരുക്കുന്നത്. പിൻസീറ്റിലിരിക്കുന്നവർക്ക് സ്വന്തം ഉപകരണങ്ങൾ കണക്ട് ചെയ്ത് സിനിമകളോ മറ്റ് വീഡിയോകളോ സ്ട്രീം ചെയ്യാൻ സാധിക്കുന്ന തിയേറ്റർ മോഡ് എക്സ്.യു.വി 7 എക്സ്.ഒയിൽ ഉണ്ടാകും. മഹീന്ദ്രയുടെ അഡ്രെനോസ് പ്ലസ് സോഫ്റ്റ്‌വെയർ വഴിയായിരിക്കും ഈ ഫീച്ചറിന്റെ നിയന്ത്രണം.

ട്രിപ്പിൾ-സ്ക്രീൻ ഡാഷ്‌ബോർഡ്

എക്സ്.യു.വി 7 എക്സ്.ഒയുടെ ഉൾഭാഗത്തെ ഏറ്റവും വലിയ മാറ്റം അതിന്റെ ഡാഷ്‌ബോർഡാണ്. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെൻട്രൽ ഇൻഫോടൈന്മെന്റ്, പാസഞ്ചർ ഡിസ്‌പ്ലേ എന്നിങ്ങനെ മൂന്ന് സ്‌ക്രീനുകൾ അടങ്ങിയ ലേഔട്ട് വാഹനത്തിൽ കാണാം. ഐ.സി.ഇ എഞ്ചിൻ മോഡലുകളിൽ മഹീന്ദ്ര ആദ്യമായാണ് ഇത്തരമൊരു ഫീച്ചർ നൽകുന്നത്.

ആധുനിക ഫീച്ചറുകൾക്ക് പുറമെ വാഹനത്തിന്റെ രൂപകൽപ്പനയിലും മാറ്റങ്ങൾ നൽകിയിട്ടുണ്ട് കമ്പനി. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനങ്ങളോട് (എക്സ്.ഇ.വി) സാമ്യമുള്ള ഡിസൈനാണ് എക്സ്.യു.വി 7 എക്സ്.ഒക്ക്. പരിഷ്കരിച്ച എൽ.ഇ.ഡി ഡി.ആർ.എല്ലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പിന്നിൽ വശങ്ങളിൽ നിന്ന് വശങ്ങളിലേക്ക് നീളുന്ന എൽ.ഇ.ഡി ലൈറ്റ് ബാർ എന്നിവയും വാഹനത്തിനുണ്ടാകും. കൂടാതെ പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകളും പുതുക്കിയ ബമ്പറുകളും വാഹനത്തിന് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നു.

ഉയർന്ന വേരിയന്റായ AX7L-ൽ മോഡലിൽ പനോരമിക് സൺറൂഫ്, പുതിയ എയർ വെന്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ വ്യൂ മിററുകൾ, പ്രീമിയം ലതർ ഫിനിഷ് എന്നിവ പ്രതീക്ഷിക്കാം. ഈ പുതിയ ഫേസ് ലിഫ്റ്റ് മോഡലിന്റെ വിലയും കൂടുതൽ വിവരങ്ങളും ജനുവരി 5ന് മഹീന്ദ്ര ഔദ്യോഗികമായി പുറത്തുവിടും.

Show Full Article
TAGS:Mahindra and Mahindra Mahindra XUV700 SUV Segment Auto News Auto News Malayalam 
News Summary - In-car theater mode, 540-degree camera; Mahindra XUV7XO with cool features
Next Story