Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇറക്കുമതി നികുതിയില്ല;...

ഇറക്കുമതി നികുതിയില്ല; ഇനി യു.എസ് നിർമിത ഹാർലി ഡേവിഡ്സൺ കുറഞ്ഞ വിലയിൽ വാങ്ങാം

text_fields
bookmark_border
ഇറക്കുമതി നികുതിയില്ല; ഇനി യു.എസ് നിർമിത ഹാർലി ഡേവിഡ്സൺ കുറഞ്ഞ വിലയിൽ വാങ്ങാം
cancel

മുംബൈ: അമേരിക്കൻ ഐക്കണിക് മോട്ടോർസൈക്കിൾ ബ്രാൻഡായ ഹാർലി ഡേവിഡ്സൺ ബൈക്കുകൾ ഇഷ്ടപ്പെടുന്ന ഇന്ത്യയിലെ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത. വ്യാപാര കരാർ നിലവിൽ വന്നതോടെ യു.എസിൽനിന്ന് ഇനി മുതൽ ഇറക്കുമതി നികുതിയില്ലാതെ ഹാർലി ഡേവിഡ്സൺ ബൈക്കുകൾ ഇന്ത്യൻ വിപണിയിലെത്തും. 800 സിസിയിൽ അധികം ശേഷിയു​ള്ള വില കൂടിയ ബൈക്കുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിരവധി കാലത്തെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

നിലവിൽ ഹീറോ മോട്ടോർ കോർപറേഷനുമായി ചേർന്നാണ് ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽ ബൈക്കുകൾ പുറത്തിറക്കുന്നത്. ലോകത്ത് ഹാർലി ഡേവിഡ്സണിന്റെ 440 സിസി എഞ്ചിനുള്ള ബൈക്കുകൾ നിർമിക്കുന്ന ഓരോയൊരു കമ്പനിയാണ് ഹീറോ. വ്യാപാര കരാറിൽ ഇറക്കുമതി നികുതി പൂർണമായും ഒ​ഴിവാക്കിയത് ഹീറോ മോട്ടോറുമായുള്ള ബിസിനസുകളെ ബാധിക്കില്ലെന്നാണ് സൂചന. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇന്ത്യൻ വിപണിയിൽ 800-1600 സിസി എഞ്ചിനുകളുള്ള പൂർണമായും ഇറക്കുമതി ചെയ്ത 187 മോട്ടോർസൈക്കിളുകൾ ഹാർലി-ഡേവിഡ്‌സൺ വിറ്റിരുന്നു. 14.54 മുതൽ 45.75 ലക്ഷം രൂപ വരെയാണ് ഇവയുടെ വില.

ഇന്ത്യയുടെ നിരവധി ഉത്പന്നങ്ങൾക്ക് യു.എസിൽ നികുതി ഇളവ് ലഭിക്കുന്നുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയ ട്രംപ്, ഇന്ത്യയെ വളരെ ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ തവണ പ്രസിഡന്റ് പദവിയിലിരിക്കെ കൺസർവേറ്റിവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ (സി.പി.എ.സി) ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് ഇന്ത്യയിൽ ഉയർന്ന താരിഫ് ചുമത്തുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പരാമർശം. ‘‘നമ്മൾ ഇന്ത്യയിൽ ഒരു മോട്ടോർ സൈക്കിൾ ഇറക്കുമതി ചെയ്യുമ്പോൾ, അവർ 100 ശതമാനം താരിഫ് ഈടാക്കുന്നു. ഇന്ത്യ യു.എസിൽ ഒരു മോട്ടോർ സൈക്കിൾ വിൽക്കുമ്പോൾ, നമ്മൾ ഒരു ചാർജും ഈടാക്കുന്നില്ല’’ എന്നാണ് അന്ന് ട്രംപ് പറഞ്ഞത്.

വ്യാപാര കരാറിന്റെ കരട് രൂപരേഖ പ്രകാരം യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 800 സിസി മുതൽ 1600 സിസി വരെ എൻജിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് തീരുവ ഇളവ് നൽകാൻ ഇന്ത്യ തീരുമാനിച്ചതായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മോട്ടോർസൈക്കിളുകൾക്ക് നിലവിൽ 44 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. ഇതിൽ 40 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും നാല് ശതമാനം സാമൂഹിക ക്ഷേമ സർചാർജുമാണ്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രീമിയം മോട്ടോർസൈക്കിളുകളുടെ ഇറക്കുമതി തീരുവ 5-20 ശതമാനം വരെ ഇന്ത്യ കുറച്ചിരുന്നു. എഞ്ചിൻ ശേഷിയും പൂർണമായും ഇറക്കുമതി ചെയ്തതാണോ അതോ പ്രാദേശികമായി അസംബിൾ ചെയ്തതാണോ എന്ന കാര്യം അടിസ്ഥാനമാക്കിയാണ് ഇളവ് നൽകിയത്. പ്രതിവർഷം 20 ദശലക്ഷം യൂനിറ്റ് ഇരുചക്ര വാഹനങ്ങൾ വിറ്റുപോകുന്ന ഇന്ത്യൻ വിപണിയിൽ ആധിപത്യം പുലർത്തുന്നത് 110-250 സിസി എഞ്ചിനുകളുള്ള മോട്ടോർസൈക്കിളുകളാണ്. അമേരിക്കക്കാരുടെ ആശങ്കകൾ ലഘൂകരിക്കുകയാണ് ഈ ഇളവ് ലക്ഷ്യമിടുന്നതെന്ന് അവന്റിയം അഡ്വൈസേഴ്‌സ് എൽ.എൽ.പിയുടെ മാനേജിങ് പാർട്ണർ വി.ജി. രാമകൃഷ്ണൻ പറഞ്ഞു. കസ്റ്റംസ് തീരുവ പിൻവലിച്ചത് ഹാർലിയുടെ ഉയർന്ന വിലയുള്ള ബൈക്കുകൾക്ക് മാത്രമേ ഗുണം ചെയ്യൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
TAGS:Harley-Davidson Hero MotoCorp US India trade deal import tax two wheeler Auto News 
News Summary - India removes import tax on fully-built US Harley-Davidson motorcycles
Next Story