സൈബർ ആക്രമണം: ഉൽപാദനം മൂന്നാഴ്ചത്തേക്ക് നിർത്തിവെച്ച് ജാഗ്വാർ ലാൻഡ് റോവർ
text_fieldsസൈബർ ആക്രമണത്തെ തുടർന്ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ ഉൽപാദനം മൂന്നാഴ്ചത്തേക്ക് നിർത്തിവെച്ചു. സെപ്തംബർ 24 വരെയാണ് കമ്പനി ഉൽപാദനം നിർത്തിയത്. സൈബർ ആക്രമണത്തെ തുടർന്ന് ഒരു കാർ പോലും നിർമിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെയാണ് ഉൽപാദനം നിർത്താൻ കമ്പനി നർബന്ധിതമായത്.
ജീവനക്കാർക്കും വിതരണക്കാർക്കും പാർട്ണേഴ്സിനും നൽകിയ സന്ദേശത്തിൽ കമ്പനിയിലെ ഉൽപാദനം നിർത്തുന്നത് ദീർഘിപ്പിക്കുകയാണെന്ന് ജാഗ്വാർ അറിയിച്ചു. സെപ്തംബർ 24 ബുധനാഴ്ച വരെ ഉൽപാദനം നിർത്തുമെന്ന് കമ്പനി വ്യക്തമാക്കി. സൈബർ സുരക്ഷാവീഴ്ചയെ സംബന്ധിച്ച് ഇപ്പോഴും പരിശോധനകൾ തുടരുകയാണെന്നും ജാഗ്വാർ അറിയിച്ചു. ഇക്കാര്യത്തിൽ സൂക്ഷ്മമായ പരിശോധന നടത്തുമെന്നും കമ്പനി അറിയിച്ചു.
കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെയാണ് ഇടിത്തീ പോലെ സൈബർ ആക്രമണം ജാഗ്വാറിന് മുകളിൽ വരുന്നത്. ലാഭം കുറഞ്ഞത് മൂലം വലിയ പ്രതിസന്ധിയെ ജാഗ്വാർ നിലവിൽ അഭിമുഖീകരിക്കുന്നുണ്ട്. ഇതിന് പുറമേ യു.എസ് തീരുവയും ജാഗ്വാറിന് മുന്നിലുള്ള പ്രതിസന്ധിയാണ്. ഇതിന് പുറമേയാണ് സൈബർ ആക്രമണവും കമ്പനിക്ക് മുന്നിലെ പ്രതിസന്ധിയാവുന്നത്.
നേരത്തെ സൈബർ സുരക്ഷ ഉറപ്പാക്കാൻ ടി.സി.എസുമായി ചേർന്ന് 800 മില്യൺ പൗണ്ടിന്റെ കരാറിൽ ജാഗ്വാർ ഒപ്പുവെച്ചിരുന്നു. 2023ലായിരുന്നു കരാർ. ഐ.ടി സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു കരാർ. എന്നാൽ, ജാഗ്വാർ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ഇപ്പോഴുണ്ടായ സംഭവം.