ജാഗ്വാർ ലാൻഡ് റോവർ നിർമാണം ചെന്നൈയിൽ ഉടൻ ആരംഭിക്കും -ടാറ്റ മോട്ടോഴ്‌സ്
text_fieldsചെന്നൈ: ആഡംബര വാഹന വിപണിയിൽ പുതിയ കുതിച്ചു ചാട്ടത്തിനൊരുങ്ങി ടാറ്റാ മോട്ടോഴ്‌സ്. തമിഴ്‌നാട്ടിലെ പനപാക്കത്തുള്ള കമ്പനിയുടെ അത്യാധുനിക പ്ലാന്റിൽ ജാഗ്വാർ ലാൻഡ് റോവർ (ജെ.എൽ.ആർ) വാഹനങ്ങളുടെ അസംബ്ലിംഗ് 2026 ഫെബ്രുവരി 9ന് ആരംഭിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചെന്നൈയ്ക്ക് സമീപമുള്ള ഈ പ്ലാന്റ് ടാറ്റയുടെ ആഡംബര വാഹന നിർമാണ മേഖലയിലെ നിർണ്ണായക ചുവടുവെപ്പായി മാറും.
ഏകദേശം 9,000 കോടി രൂപ ചെലവഴിച്ചാണ് ടാറ്റ മോട്ടോർസ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്. പ്രതിവർഷം 2.5 ലക്ഷം വാഹനങ്ങൾ വരെ നിർമിക്കാൻ ശേഷിയുള്ളതാണ് ഈ കേന്ദ്രം. പ്ലാന്റ് പൂർണ്ണ സജ്ജമാകുന്നതോടെ 5,000ത്തിലധികം ആളുകൾക്ക് നേരിട്ട് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാന്റിൽ നിന്ന് ആദ്യം പുറത്തിറങ്ങുന്നത് റേഞ്ച് റോവർ ഇവോക്ക് (Range Rover Evoque) ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ മഹാരാഷ്ട്രയിലെ പൂനെയിലുള്ള പ്ലാന്റിലാണ് ജെ.എൽ.ആർ വാഹനങ്ങൾ അസംബിൾ ചെയ്യുന്നത്. പൂനെയിലെ പ്രവർത്തനം പൂർണ്ണമായും ചെന്നൈയിലേക്ക് മാറ്റുമോ എന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും, ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) കൂടി നിർമിക്കാൻ ലക്ഷ്യമിട്ടാണ് പനപാക്കം പ്ലാന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യയെ ഒരു ആഗോള ലക്ഷ്വറി വാഹന കയറ്റുമതി ഹബ്ബാക്കി മാറ്റാൻ സഹായിക്കും.
നിലവിൽ ആഭ്യന്തര വിപണിയിലെ ആവശ്യത്തേക്കാൾ കൂടുതൽ ഉൽപ്പാദന ശേഷി ഈ പ്ലാന്റിനുണ്ട്. ഇത് വരും വർഷങ്ങളിൽ വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിക്കാൻ ടാറ്റയെ സഹായിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.


