വാഹനം വഴിയിൽ കുടുങ്ങാതെ രക്ഷിക്കാൻ കെൽട്രോണിന്റെ ജംപ് സ്റ്റാർട്ടർ
text_fieldsകണ്ണൂർ: ഇനി ബാറ്ററി ഡൗണായി വാഹനം വഴിയിലാകുമെന്ന പേടി വേണ്ട. സ്റ്റാർട്ടാകാത്ത വാഹനം സ്റ്റാർട്ടാക്കാൻ കെൽട്രോണിന്റെ ‘ജംപ് സ്റ്റാർട്ടർ’ റെഡി. പുതിയ ഉപകരണങ്ങളുണ്ടാക്കി വിപ്ലവം സൃഷ്ടിക്കുന്ന കെൽട്രോണിന്റെ കണ്ണൂരിലെ സൂപ്പർ കപ്പാസിറ്റർ മാനുഫാക്ചറിങ് സെന്ററിലാണ് ‘ജംപ് സ്റ്റാർട്ടറി’ന്റെ പിറവി. രാജ്യത്തെ ആദ്യ സൂപ്പർ കപ്പാസിറ്റർ മാനുഫാക്ചറിങ് സെന്ററാണ് കണ്ണൂരിലേത്. ജംപ് സ്റ്റാർട്ടർ കൂടാതെ ഇലക്ട്രിക് വീൽചെയർ, ലോജിസ്റ്റിക്സ് മേഖലയിലേക്കുള്ള ഇലക്ട്രിക് ട്രോളി എന്നിവയും സൂപ്പർ കപ്പാസിറ്ററുകൾ ഉപയോഗിച്ച് നിർമിച്ചിട്ടുണ്ട്. വാട്ടർ പമ്പ് നിയന്ത്രിക്കുന്ന സിംഗിൾ ഫെയ്‌സ് പമ്പ് കൺട്രോൾ പാനലും വിപണിയിലിറക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് വ്യവസായമന്ത്രി പി. രാജീവായിരുന്നു കണ്ണൂർ കെൽട്രോൺ കമ്പോണന്റ് കോംപ്ലക്സ് ലിമിറ്റഡ് (കെ.സി.സി.എൽ)ന്റെ പുതിയ ഉൽപന്നങ്ങൾ വിപണിയിലിറക്കിയത്.
ജംപ് സ്റ്റാർട്ടർ ?
ബാറ്ററി ഡൗണായി വാഹനം സ്റ്റാർട്ടാകാതെവന്നാൽ ‘ജംപ് സ്റ്റാർട്ടർ’ ഉടനടി പരിഹാരമുണ്ടാക്കും. വാഹനത്തിന്റെ ബാറ്ററി ടെർമിനലുകളുമായി ബന്ധിപ്പിക്കുന്ന ഉപകരണമാണിത്. വാഹനം സ്റ്റാർട്ട് ചെയ്യാനുള്ള പവർ ഇത് നൽകും. അങ്ങനെ അടുത്തുള്ള സർവിസ് സ്റ്റേഷനിലേക്ക് സുരക്ഷിതമായി എത്തിക്കാനാകും. ‘ജംപ് സ്റ്റാർട്ടറി’ൽ പവർ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും നൂതന സൂപ്പർ കപ്പാസിറ്റർ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്.
ഇലക്ട്രിക് ട്രോളി
ബാറ്ററിയും സൂപ്പർ കപ്പാസിറ്ററും സംയോജിപ്പിക്കുന്ന നൂതന ഹൈബ്രിഡ് പവർ സിസ്റ്റം ഉൾക്കൊള്ളുന്ന ഉപകരണമാണ് ഇലക്ട്രിക് ട്രോളി. ഹൈബ്രിഡ് കോൺഫിഗറേഷൻ, ബാറ്ററിയുടെ ആയാസം കുറച്ച് ട്രോളിയുടെ ഊർജക്ഷമത വർധിപ്പിക്കും. ബാറ്ററിയുടെ ആയുസ്സ് വർധിക്കും. അറ്റകുറ്റപ്പണിയുടെ ചെലവ് കുറയുകയും ചെയ്യും. വെയർഹൗസ്, ഫാക്ടറി, വിമാനത്താവളം തുടങ്ങിയ മേഖലകൾക്ക് ഇത് ഏറെ അനുയോജ്യവുമാണ്. ഇലക്‌ട്രിക് വീൽചെയറും സമാനമാണ്. ഹൈബ്രിഡ് ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുക.
പമ്പ് കൺട്രോൾ പാനൽ സിംഗ്ൾ ഫേസ് പമ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും നിയന്ത്രിക്കാനും രൂപകൽപന ചെയ്‌ത ഉപകരണമാണ് പമ്പ് കൺട്രോൾ പാനൽ. മോട്ടോർ സ്റ്റാർട്ട് കപ്പാസിറ്റർ സർക്യൂട്ടാണ് ഇതിലുള്ളത്.