ജി.എസ്.ടി ആനുകൂല്യത്തിനുമുമ്പ് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് കിയ; വിവിധ മോഡലുകൾക്ക് 2.25 ലക്ഷം രൂപവരെ ഡിസ്‌കൗണ്ട്
text_fieldsകിയ കാറുകൾ
രാജ്യത്ത് ചരക്ക് സേവന നികുതിയിൽ (ജി.എസ്.ടി) കേന്ദ്ര സർക്കാറും ധനവകുപ്പും പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നിലവിൽവരും മുമ്പ് കൂടുതൽ ഓഫറുകളുമായി സൗത്ത് കൊറിയൻ വാഹനനിർമാതാക്കളായ കിയ. ഓഫറുകൾ പ്രഖ്യാപിച്ച കിയ, വാഹനങ്ങൾ സ്വന്തമാക്കുന്നവർക്ക് ജി.എസ്.ടി 2.0 നിലവിൽ വരുന്ന സെപ്റ്റംബർ 22 വരെ ഈ ആനുകൂല്യം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
പ്രീ-ജി.എസ്.ടി അനുകൂല്യമായി 58,000 രൂപയും ഫെസ്റ്റിവൽ ഓഫറായി പരമാവധി 1.67 ലക്ഷം രൂപയുമാണ് കിയ ഗുണഭോക്താക്കൾക്ക് നൽകുന്നത്. കിയയുടെ ജനപ്രിയ മോഡലുകളായ സെൽത്തോസ്, കാരൻസ്, കാരൻസ് ക്ലാവിസ് മോഡലുകൾക്കാണ് ഈ ഓഫറുകൾ. കൂടാതെ 1.20 ലക്ഷം മുതൽ 2.25 ലക്ഷം വരെയുള്ള റീജിയണൽ ഓഫറുകളും ലഭ്യമാണ്.
'ഉത്സവങ്ങളെല്ലാം തന്നെ ആഘോഷങ്ങളുടെയും ഒത്തുചേരലുകളുടെയും ഒരു പുതിയ തുടക്കമാണ്. ഈ ആഘോഷ വേളയിൽ ഫെസ്റ്റിവൽ ഓഫറുകളും പ്രീ-ജി.എസ്.ടി ഓഫറുകളും ഉൾപ്പെടുത്തി കിയയുടെ ഇഷ്ടവാഹനം സ്വന്തമാക്കാനുള്ള അവസരമാണ് ഗുണഭോക്താക്കൾക്ക് നൽകുന്നതെന്ന്' കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ഓഫീസർ ജൂൻസ് ചോ പറഞ്ഞു. രാജ്യത്ത് അതിവേഗം വിൽപ്പന വർധിപ്പിച്ച ഉത്തരകൊറിയൻ കാർ സ്വന്തമാക്കാനുള്ള ഒരവസരമായും ഈ ഓഫറുകളെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വിവിധ പ്രദേശങ്ങളെ അടിസ്ഥാനമാക്കി കിയയുടെ വാഹനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ
കിയ ഇന്ത്യ ഐ.സി.ഇ പ്ലാറ്റ്‌ഫോം വഴി നിർമിച്ച വാഹനങ്ങളുടെ വിലക്കിഴിവ് - മോഡലുകൾ അനുസരിച്ച്
കേന്ദ്ര സർക്കാരിന്റെ പുതിയ ജി.എസ്.ടി 2.0 തീരുമാനത്തെ തുടർന്ന് ഉപഭോക്താക്കൾക്ക് വാഹനങ്ങൾ വാങ്ങുന്നത് കൂടുതൽ എളുപ്പമാക്കാനുള്ള കമ്പനിയുടെ പുതിയ നീക്കമാണിത്. ചെറിയ കാറുകൾക്ക് 28 ശതമാനം ഉണ്ടായിരുന്ന ജി.എസ്.ടി 18 ശതമാനമായി കുറച്ചതോടെ രാജ്യത്തെ ജനങ്ങൾക്ക് സ്വന്തമൊരു വാഹനമെന്ന സ്വപ്നം കൂടുതൽ സാധ്യമാക്കുന്നു. 1,200 സി.സിയും 4,000 എം.എം വരെ നീളവുമുള്ള പെട്രോൾ, ഹൈബ്രിഡ് വാഹനങ്ങൾക്കും 1,500 സി.സിയും 4,000 എം.എം വരെ നീളവുമുള്ള ഡീസൽ വാഹനങ്ങളും പുതിയ ജി.എസ്.ടി നിരക്കിൽ ഉൾപ്പെടും.
1,200 സി.സി പെട്രോൾ, 1,500 സി.സി ഡീസൽ എൻജിൻ കപ്പാസിറ്റിക്ക് മുകളിൽ വരുന്ന 4,000 എം.എംമിൽ കൂടുതൽ നീളമുള്ള വാഹനങ്ങൾക്ക് 40 ശതമാനം ജി.എസ്.ടി എന്ന നിരക്ക് ഏകീകരിച്ചു. ഇതേ നിരക്ക് 350 സി.സിക്ക് മുകളിലുള്ള മോട്ടോർസൈക്കിളുകൾക്കും ബാധകമാണ്.