ഇടിച്ച് നേടി 5 സ്റ്റാർ; എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ തിളങ്ങി കിയ സിറോസ്
text_fieldsകിയ മോട്ടോർസിന്റെ ഇന്ത്യയിലെ രണ്ടാമത്തെ കോംപാക്‌ട് ഇ.യു.വിയാണ് കിയ സിറോസ്. മികച്ച ഫീച്ചറുകളും ശക്തമായ സുരക്ഷാ സംവിധാനങ്ങളും സിറോസിനെ വ്യത്യസ്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മാർക്കറ്റിലെ വെല്ലുവിളികളെ നിസ്സാരമായി നേരിടാൻ കിയക്ക് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ, ഇന്ത്യയുടെ സ്വന്തം ഇടി പരീക്ഷയായ ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിങ് നേടി കരുത്ത് തെളിയിക്കുകയാണ് സിറോസ്.
മുതിർന്നവരുടെ സംരക്ഷണത്തോടൊപ്പം കുട്ടികളുടെയും സുരക്ഷയിലും ഒരു വിധത്തിലുമുള്ള വിട്ടുവീഴ്ചയും കിയ നടത്തുന്നില്ല. മുതിർന്നവരുടെ സുരക്ഷയിൽ 32ൽ 30.21 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 44.42 പോയിന്റും വാഹനം സ്വന്തമാക്കി. മുന്നിൽനിന്നും വശങ്ങളിൽനിന്നും ഉൾപ്പടെയുള്ള നിർണായക ഇടി പരീക്ഷകളും സിറോസ് വിജയകരമായി പൂർത്തിയാക്കി.
കിയയുടെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നാണ് സിറോസ്. ആറ് എയർബാഗുകൾ ഉൾപ്പെടെ അഡാസ് ലെവൽ 2 സുരക്ഷാ സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്. ഹിൽ- സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ് സെൻസറുകൾ, ലെയിൻ- കീപ്പിങ് അസിസ്റ്റ്, ബ്ലൈൻഡ് വ്യൂ മോണിറ്ററോട് കൂടിയ 360 ഡിഗ്രി ക്യാമറ തുടങ്ങിയവും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
118 ബി.എച്ച്.പി പവറും 172 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡി.സി.ടി. ഗിയർബോക്‌സുകളാണ് ട്രാൻസ്മിഷൻ ഒരുക്കുന്നത്. 114 ബി.എച്ച്.പി പവറും 250 എൻ.എം.ടോർക്കുമേകുന്ന 1.5 ലിറ്റർ എൻജിനാണ് ഡീസൽ മോഡലിന് കുതിപ്പേകുന്നത്.
പനോരമിക് സൺറൂഫ്, റിക്ലൈൻ സംവിധാനമുള്ള പിൻ സീറ്റുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വെന്റിലേറ്റഡ് സീറ്റുകൾ, പവർ ഡ്രൈവർ സീറ്റ്, വയർലെസ്സ് ചാർജർ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്, മൾട്ടിസോൺ ക്ലൈമറ്റ് കൺട്രോൾ, എ.സി. കൺട്രോൾ സ്‌ക്രീൻ, ഹർമൻ സൗണ്ട് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 60:40 സ്പ്ലിറ്റ് സീറ്റ്, ആംബിയന്റ് ലൈറ്റിങ് എന്നിങ്ങനെ നിരവധി സവിശേഷതകളാണ് വാഹനത്തിലുള്ളത്.