ഇന്ത്യയിലെ മികച്ച അഞ്ച് ഫാസ്റ്റ് ചാർജിങ് ഇലക്ട്രിക് എസ്.യു.വികൾ പരിചയപ്പെടാം...
text_fieldsപ്രതീകാത്മക ചിത്രം
രാജ്യത്ത് ഇലക്ട്രിക് മിഡ്-സൈസ് എസ്.യു.വികളുടെ വളർച്ച അടുത്തിടെയായി വർധിച്ചിരുന്നു. ഇന്ത്യൻ വാഹന നിർമാതാക്കളെ കൂടാതെ വിദേശ നിർമിത ഇലക്ട്രിക് വാഹനങ്ങളും ഇന്ത്യയിൽ മികച്ച വിൽപ്പനയാണ് രേഖപ്പെടുത്തുന്നത്. ഐ.സി.ഇ പവർട്രെയിൻ മിഡ്-സൈസ് എസ്.യു.വികളുടെ അതേ നിലവാരം ഇലക്ട്രിക് വാഹനങ്ങളും നിലനിർത്തുന്നതിനാൽ വിൽപ്പനയിൽ മികച്ച നേട്ടമാണ് ഇ.വികൾ കൈവരിക്കുന്നത്.
എന്നിരുന്നാലും ഇലക്ട്രിക് വാഹനം സ്വന്തമാക്കുന്നവർക്കിടയിൽ റേഞ്ച് സംബന്ധിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഫാസ്റ്റ് ചാർജിങ്ങിലൂടെ അത് പരിഹരിക്കാനുള്ള പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നിർമാണ കമ്പനികൾ. അത്തരത്തിൽ ഫാസ്റ്റ് ചാർജിങ് നൽകുന്ന ഇലക്ട്രിക് മിഡ്-സൈസ് വാഹനങ്ങളെ പരിചയപ്പെടാം.
ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്
ഉത്തരകൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കോർപിന്റെ ജനപ്രിയ ഇലക്ട്രിക് മിഡ്-സൈസ് എസ്.യു.വിയാണ് ക്രെറ്റ. 18.02 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) പ്രാരംഭ വില. ഏറ്റവും ഉയർന്ന വകഭേദത്തിന് 23.67 ലക്ഷം രൂപയും (എക്സ് ഷോറൂം). കൂടാതെ 11kW ചാർജർ സ്വന്തമാക്കാൻ 73,000 രൂപ ഉപഭോക്താക്കൾ അധികം നൽകണം.
ഹ്യുണ്ടായ് ക്രെറ്റ ഇവി
42kWh, 51.4kWh എന്നീ രണ്ട് ലിഥിയം-അയോൺ ബാറ്ററി ഓപ്ഷനിലാണ് ക്രെറ്റ ഇലക്ട്രിക് വിപണിയിൽ എത്തുന്നത്. 11 kW എ.സി പവർ ഔട്പുട്ട് വഴി ക്രെറ്റയുടെ 42kWh ബാറ്ററി വാഹനം 10-100% വരെ ചാർജ് ചെയ്യാൻ നാല് മണിക്കൂറാണ് എടുക്കുന്നത്. എന്നാൽ ഉയർന്ന ബാറ്ററി പാക്കായ 51.4 kWh ബാറ്ററി 10-100% വരെ ചാർജ് ചെയ്യാൻ നാല് മണിക്കൂറും 50 മിനിട്ടും എടുക്കുന്നു. ഇതേസമയം 50 kW ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് രണ്ട് ബാറ്ററി പാക്കുകളും 58 മിനിട്ടുകൊണ്ട് 10-80% വരെ ചാർജ് ആകും. കൂടാതെ 3.3 kW പോർട്ടബിൾ ചാർജർ ഉപയോഗിച്ച് ഫുൾ ചാർജ് ചെയ്യാൻ 10-12 മണിക്കൂർ മാത്രമേ ക്രെറ്റ എടുക്കുന്നുള്ളു.
ടാറ്റ കർവ് ഇവി
രാജ്യത്തെ ഇവി പ്രേമികൾക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് വാഹനമാണ് ടാറ്റ കർവ് ഇവി. രാജ്യത്ത് നിർമിച്ച മികച്ച ഇലക്ട്രിക് വാഹനങ്ങളിൽ ഒരെണ്ണമാണ് കർവ് ഇവി. മികച്ച ഫാസ്റ്റ് ചാർജിങ് വാഗ്‌ദാനം ചെയ്യുന്ന രണ്ടാമത്തെ മിഡ്-സൈസ് എസ്.യു.വിയാണ് ടാറ്റ കർവ്. 17.49 ലക്ഷം (എക്സ് ഷോറൂം) രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. ഏറ്റവും ഉയർന്ന വകഭേദത്തിന് 21.99 ലക്ഷം രൂപയും (എക്സ് ഷോറൂം).
ടാറ്റ കർവ് ഇവി
45 kWh, 55 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകൾ ടാറ്റ കർവിന് ലഭിക്കുന്നു. ആദ്യ ബാറ്ററി ലിഥിയം-അയോൺ സിലിണ്ടർ സെല്ലുകളും രണ്ടാമത്തെ ബാറ്ററി ലിഥിയം-അയോൺ പ്രിസ്മാറ്റിക് സെല്ലുകളും ഉൾകൊള്ളുന്നു. 7.2kW എസി ചാർജർ ഉപയോഗിച്ച് 45kWh ബാറ്ററി 10-100% വരെ ചാർജാകാൻ 6.5 മണിക്കൂറും 55kWh ബാറ്ററി 7.9 മണിക്കൂറും എടുക്കുന്നു. എന്നാൽ 60kW+ ഡിസി ഫാസ്റ്റ് ചാർജറിൽ ആദ്യ ബാറ്ററി 10-80% വരെ ചാർജാകാൻ 40 മിനുട്ടും 70kW ചാർജർ ഉപയോഗിച്ച് രണ്ടാമത്തെ ബാറ്ററി 10-80% വരെ ചാർജാകാൻ 40 മിനുട്ടും മാത്രമാണെടുക്കുന്നത്.
എംജി വിൻഡ്സർ ഇവി
ജെ.എസ്‍.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യ വിപണിയിൽ എത്തിച്ച ഇലക്ട്രിക് മിഡ്-സൈസ് എസ്.യു.വിയാണ് വിൻഡ്സർ ഇവി. 38 kWh, 52.9 kWh എന്നീ രണ്ട് ബാറ്ററി പാക്കുകളാണ് വിൻഡ്സർ ഇവിക്കുള്ളത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത എൽ.എഫ്.ടി സെല്ലുകൾ ഉപയോഗിച്ച് ഗുജറാത്തിലെ ഹലോൽ പ്ലാന്റിലാണ് വാഹനത്തിന്റെ ലിഥിയം-അയോൺ ഫോസ്ഫേറ്റ് ബാറ്ററി നിർമിക്കുന്നത്. ആദ്യ ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 332 കിലോമീറ്റർ റേഞ്ചും രണ്ടാമത്തെ ബാറ്ററി പാക്ക് 449 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നുണ്ട്. 98 പ്രിസ്മാറ്റിക് സെല്ലുകളാണ് ബാറ്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ആദ്യ ഉപഭോക്താവിന് വാഹനത്തിന്റെ ബാറ്ററിക്ക് ആജീവനാന്ത വാറന്റിയും കമ്പനി നൽകുന്നുണ്ട്. 14.00 ലക്ഷം എക്സ് ഷോറൂം വിലയിൽ ആരംഭിക്കുന്ന മോഡലിന്റെ ബി.എ.എ,എസ് (ബാറ്ററി-ആസ്-എ-സർവീസ്) സ്‌കീം പ്രകാരം 9.99 ലക്ഷം എക്സ് ഷോറൂം വിലയിൽ വാഹനം സ്വന്തമാക്കാം. ടോപ് വേരിയന്റിന് 18.39 ലക്ഷവുമാണ് എക്സ് ഷോറൂം വില.
എം.ജി വിൻഡ്സർ ഇവി
3.3 kW എസി ചാർജർ ഉപയോഗിച്ച് 0-100% വരെ ചാർജ് ചെയ്യാൻ 13.5 മണിക്കൂറാണ് എം.ജി വിൻഡ്സർ എടുക്കുന്നത്. ഇത് ആദ്യ ബാറ്ററിയിൽ മാത്രമാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ 7.4 kW എസി ചാർജർ 38 kWh ബാറ്ററി പാക്കിൽ 0-100% വരെ ചാർജാകാൻ 6.5 മണിക്കൂറും 52.9 kWh ബാറ്ററി പാക്ക് 0-100% വരെ ചാർജാകാൻ 9.5 മണിക്കൂറും എടുക്കുന്നു. എന്നാൽ ആദ്യ ബാറ്ററിയിൽ 45 kW ഡിസി ചാർജർ ഉപയോഗിച്ച് 0-80% വരെ 45 മിനിട്ടിലും രണ്ടാമത്തെ ബാറ്ററിയിൽ 60 kW ചാർജർ ഉപയോഗിച്ച് 0-80% വരെ ചാർജാകാൻ 50 മിനുട്ടും മാത്രമാണ് എടുക്കുന്നത്.
എം.ജി സെഡ്.എസ് ഇവി
ജെ.എസ്.ഡബ്ലു എംജി മോട്ടോർസ് ഇന്ത്യ വിൻഡ്സർ ഇവിക്ക് മുമ്പ് വിപണിയിൽ എത്തിച്ച ആദ്യത്തെ 'ഇന്റർനെറ്റ് ഇലക്ട്രിക്' എസ്.യു.വിയാണ് എം.ജി സെഡ്.എസ് ഇവി. 50.3kWh ഒറ്റ ബാറ്ററി പാക്കിലാണ് വാഹനം വിപണിയിൽ എത്തിയത്. ലിഥിയം-അയോൺ ബാറ്ററി പാക്കിൽ എസി, ഡിസി ചാർജിങ് ഓപ്ഷനുകൾ എം.ജി സെഡ്.എസ് ഇവിക്ക് ലഭ്യമാണ്. എസി 7.4 kW ചാർജർ ഉപയോഗിച്ച് 0-100% വരെ ചാർജ് ചെയ്യാൻ 8.5 - 9 മണിക്കൂർ എടുക്കും. അതേസമയം 50kW ഡിസി ചാർജർ ഉപയോഗിച്ച് 60 മിനുട്ടുകൊണ്ട് ചാർജ് ചെയ്യാം.
എം.ജി സെഡ്.എസ് ഇവി
ഒറ്റ ചാർജിൽ 461 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന എം.ജി സെഡ്.എസ് ഇവിയുടെ പ്രാരംഭ എക്സ് ഷോറൂം വില 17.99 ലക്ഷം രൂപയാണ്. ഏറ്റവും ഉയർന്ന വകഭേദത്തിന് 20.50 ലക്ഷം രൂപയും. ബി.എ.എ.എസ് (ബാറ്ററി-ആസ്-എ-സർവീസ്) സ്കീമിലും വാഹനം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. 2020ൽ വിപണിയിലെത്തിയ മോഡലിന് 2022ൽ ഒരു ഫേസ് ലിഫ്റ്റ് എം.ജി മോട്ടോർസ് നൽകിയിരുന്നു.
മഹീന്ദ്ര ബിഇ6
ഇലക്ട്രിക് വിപണിയിൽ മഹീന്ദ്ര സ്ഥാനം ഉറപ്പിക്കുന്നത് എക്സ്.യു.വി 400 ഇവിയുടെ വരവോടെയാണ്. പിന്നീട് വിപണിയിൽ എത്തിച്ച മഹീന്ദ്ര ബിഇ6, കമ്പനിയെ കടുത്ത മത്സരരംഗത്തേക്കെത്തിച്ചു. 59kWh, 79kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനിലാണ് വാഹനം നിരത്തുകളിൽ എത്തിയത്. ആദ്യ ബാറ്ററി 557 കിലോമീറ്റർ റേഞ്ചും രണ്ടാമത്തെ ബാറ്ററി 683 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നുണ്ട്. 18.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ഉയർന്ന വകഭേദത്തിന് 26.90 ലക്ഷം രൂപയും നൽകണം. ചാർജറിന്റെ വില ഉൾപെടാതെയാണ് എക്സ് ഷോറൂം വില വരുന്നത്.
മഹീന്ദ്ര ബിഇ6
7.2kW എസി ചാർജർ ഉപയോഗിച്ച് ആദ്യ ബാറ്ററി ചാർജ് ചെയ്യാൻ (0-100%) 8.7 മണിക്കൂറും രണ്ടാമത്തെ ബാറ്ററി ചാർജ് ചെയ്യാൻ (0-100%) 11.7 മണിക്കൂറും എടുക്കുന്നു. അതേസമയം 11.2kW എസി ചാർജർ ഉപയോഗിച്ച് ആദ്യ ബാറ്ററി 0-100% ചാർജ് ചെയ്യാൻ ആറ് മണിക്കൂറും രണ്ടാമത്തെ ബാറ്ററി 0-100% ചാർജ് ചെയ്യാൻ എട്ട് മണിക്കൂറും മാത്രം മതി. എന്നാൽ 140kW ഡിസി ചാർജർ ഉപയോഗിച്ച് 59kWh ബാറ്ററി പാക്ക് ചാർജ് ചെയ്യാൻ 20 മിനിട്ടും 79kWh ബാറ്ററി പാക്ക് 180kW ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ 20 മിനിട്ടും മാത്രമാണ് മഹീന്ദ്ര ബിഇ6 എടുക്കുന്നത്. 7.2kW ചാർജറിന് 50,000 രൂപയും 11.2kW ചാർജറിന് 75,000 രൂപയും അധികം നൽകണം.


