റേസിങ് പാരമ്പര്യം റോഡിലേക്ക്! മഹീന്ദ്ര 'ബി.ഇ 6 ഫോർമുല ഇ എഡിഷൻ' ഇന്ത്യയിൽ അവതരിപ്പിച്ചു
text_fieldsമഹീന്ദ്ര ബി.ഇ 6 ഫോർമുല ഇ എഡിഷൻ
രാജ്യത്തെ മുൻനിര വാഹനനിർമാതാക്കളായ മഹീന്ദ്ര തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് എസ്.യു.വിയായ ബി.ഇ 6-ന്റെ പുതിയ സ്പെഷ്യൽ എഡിഷൻ, 'മഹീന്ദ്ര ബി.ഇ 6 ഫോർമുല ഇ എഡിഷൻ' ഇന്ത്യയിൽ അവതരിപ്പിച്ചു. റാലി റേസിങ്ങിലെ ആധിപത്യത്തിൽ നിന്ന് ഫോർമുല ഇ വേദിയിലെ രാജ്യത്തിന്റെ ഏക വിജയിയായി മാറിയ മഹീന്ദ്രയുടെ മോട്ടോർസ്‌പോർട്ട് പാരമ്പര്യം ഉൾക്കൊണ്ടാണ് പുതിയ മോഡൽ വിപണിയിൽ എത്തുന്നത്.
ചാമ്പ്യൻഷിപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കൃത്യതയും, എയറോഡൈനാമിക്സും, റേസിങ് ഡിസൈനും പുതിയ ബി.ഇ 6 ഫോർമുല ഇ എഡിഷന്റെ പ്രത്യേകതകളാണ്. എഫ്.ഇ 2, എഫ്.ഇ 3 എന്നീ രണ്ട് മോഡലുകളിൽ ഈ വാഹനം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ആദ്യ വേരിയന്റ് 23.69 ലക്ഷം (എക്‌സ്-ഷോറൂം) രൂപയും രണ്ടാമത്തെ വേരിയന്റിന് 24.49 ലക്ഷം (എക്‌സ്-ഷോറൂം) രൂപയുമാണ് വിലവരുന്നത്.
പഴയ ബി.ഇ 6നെ അപേക്ഷിച്ച് സ്പെഷ്യൽ എഡിഷനിൽ മുൻവശത്തായി പുതിയ ബമ്പർ മഹീന്ദ്ര ഉൾപ്പെടുത്തിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള പ്രൊജക്റ്റർ ഹെഡ്‌ലാമ്പുകൾ, ഗ്ലോസ് ബ്ലാക്ക് ബെസലുകൾ, ഫയർസ്റ്റോം ഓറഞ്ച് നിറത്തിലുള്ള ബോൾഡ് ആക്സന്റുകൾ എന്നിവയോടുകൂടിയാണ് പുതിയ മുൻ ബമ്പർ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്പോർട്ടി റിയർ ബൂട്ട് ലിപ്, റൂഫ് സ്‌പോയിലറുകൾ എന്നിവ എയറോഡൈനാമിക്സിന് കൂടുതൽ മികവ് നൽകുന്നു.
വിൻഡ്‌ഷീൽഡിലെ 'മഹീന്ദ്ര ഫോർമുല ഇ' സെറാമിക് ബ്രാൻഡിങ്, പാനലുകൾ, എഫ്.ഐ.എ ലോഗോകൾ, റൂഫ്, കാർപെറ്റ് ലാമ്പുകൾ എന്നിവിടങ്ങളിലെ ഫോർമുല ഇ ഡെക്കലുകൾ മോട്ടോർസ്‌പോർട്ട് ഡിസൈനുകൾ സൂചിപ്പിക്കുന്നു. ഗ്ലാസ് റൂഫിലും ബോണറ്റിലുമുള്ള 12-സ്ട്രൈപ്പ് ഗ്രാഫിക്സുകൾ, ബി.ഇ 6 ഫോർമുല ഇ റിയർ ബാഡ്ജിങ്, ലിക്വിഡ്-മെറ്റൽ ഫിനിഷ് ചെയ്ത ക്ലാഡിങ്, സ്‌കിഡ് പ്ലേറ്റുകൾ, ഡോറുകൾ, ഫെൻഡറുകൾ, ബോണറ്റ് എന്നിവിടങ്ങളിലെ റേസ്-സ്റ്റൈൽ ഗ്രാഫിക്സുകൾ എന്നിവ വാഹനത്തിന് കൂടുതൽ ഭംഗി നൽകുന്നുണ്ട്.
വാഹനത്തിന്റെ ഇന്റീരിയറിലും ഫയർസ്റ്റോം ഓറഞ്ച് നിറം കാണാൻ സാധിക്കും. എഫ്.ഐ.എ എക്സ് ഫോർമുല ഇ പ്ലാക്ക് ഇന്റീരിയറിലെ ഒരു പ്രധാന ഹൈലൈറ്റാണ്. ഡാഷ്‌ബോർഡിലും സീറ്റുകളിലും പുതിയ ലോഗോ നൽകിയിട്ടുണ്ട്. കൂടാതെ എഫ്.ഐ.എ ബ്രാൻഡിൽ സീറ്റ് ബെൽറ്റുകൾ വാഹനത്തിന് കൂടുതൽ റേസിങ് അനുഭവം സമ്മാനിക്കും. ഡൈനാമിക് സ്പീക്കറുകൾ, വയർലെസ് ചാർജിങ്, റേസ്-സ്റ്റൈൽ സ്റ്റാർട്ട്/സ്റ്റോപ്പ് ഫ്ലാപ്പ്, കസ്റ്റം സ്റ്റാർട്ടപ്പ് അനിമേഷൻ, എക്സ്റ്റീരിയർ എഞ്ചിൻ ശബ്ദങ്ങൾ എന്നിവയും ഇന്റീരിയറിനെ സമ്പന്നമാക്കുന്നു.
മഹീന്ദ്ര സ്പെഷ്യൽ എഡിഷന് കൂടുതൽ കരുത്ത് നൽകുന്നതോടൊപ്പം മികച്ച സുരക്ഷയും വാഗ്‌ദാനം ചെയ്യുന്നുണ്ട്. 79 kWh ബാറ്ററി പക്കാണ് ബി.ഇ 6 ഫോർമുല ഇ എഡിഷനിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ബാറ്ററി മോട്ടോർ പരമാവധി 282 ബി.എച്ച്.പി കരുത്തും 380 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 210 kW മോട്ടോർ സജ്ജീകരണമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 0-100 കിലോമീറ്റർ വേഗത വെറും 6.7 സെക്കൻഡിൽ കൈവരിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത 202 km/h ആണ്. കൂടാതെ ഒറ്റ ചാർജിൽ 500 കിലോമീറ്റർ എന്ന യഥാർത്ഥ ലോക റേഞ്ചും കമ്പനി വാഗ്ദാനം ചെയ്യുന്നു.
സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 360-ഡിഗ്രി കാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ആറ് എയർബാഗുകൾ എന്നിവക്ക് പുറമെ അഡ്വാൻസ്ഡ് ബ്രേക്ക്-ബൈ-വയർ ടെക്നോളജി, ഇൻ്റലിജൻ്റ് ഇലക്ട്രോണിക് ബ്രേക്ക് ബൂസ്റ്റർ, ഓൾ-വീൽ ഡിസ്ക് ബ്രേക്ക് എന്നിവയും നൽകിയിട്ടുണ്ട്. കൂടാതെ ഡ്രൈവർ മയക്കത്തിലാണോ എന്ന് കണ്ടെത്താനുള്ള സംവിധാനം, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഫ്രണ്ട്, റിയർ പാർക്കിങ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്റർ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ബി.ഇ 6 ഫോർമുല ഇ എഡിഷനിൽ സജ്ജീകരിച്ചിട്ടുണ്ട്.


