ടൊയോട്ട ഹൈലക്സിനെ വെല്ലുവിളിക്കാൻ മഹീന്ദ്ര; സ്കോർപിയോ പിക്കപ്പ് ട്രക്ക് ഉടൻ വിപണിയിലേക്ക്!
text_fieldsന്യൂഡൽഹി: രാജ്യത്തെ മികച്ച വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയൊരു പിക്കപ്പ് ട്രക്ക് എസ്.യു.വി പുറത്തിറക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. മഹീന്ദ്രയുടെ അഭിമാന വാഹനമായ ബിഗ് ഡാഡിയുടെ മോഡലിലാകും പിക്കപ്പ് പുറത്തിറങ്ങുന്നതെന്നാണ് സൂചന. സ്കോർപിയോ എൻ ഡിസൈനിൽ ഒരു ഓഫ്‌റോഡ് എസ്.യു.വി ആയിട്ടാകും മഹീന്ദ്ര സ്കോർപിയോ പിക്കപ്പ് വിപണിയിലെത്തുന്നത്.
ഒട്ടനവധി ഫീച്ചറുകളോടെ വിപണിയിലേക്കെത്തുന്ന വാഹനത്തിന്റെ സ്പൈ ഇമേജുകൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പ്രധാനമായും ടൊയോട്ട ഹൈലക്സ്, ഇസുസു ഡി-മാക്സ് വി-ക്രോസ് പോലുള്ള മറ്റ് ലൈഫ്‌സ്റ്റൈൽ പിക്കപ്പുകളുമായി ഇത് നേരിട്ട് മത്സരിക്കും. ഡബിൾ-ക്യാബ്, സിംഗിൾ-ക്യാബ് എന്നിങ്ങനെ നിരവധി വകഭേദങ്ങളിൽ ഈ പിക്കപ്പ് ട്രക്ക് വിപണിയിൽ ലഭിക്കുമെന്നാണ് വാഹന പ്രേമികൾ പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് 15ന് നടക്കുന്ന ഫ്രീഡം എക്സ്പോയിൽ ഈ പിക്കപ്പ് പുറത്തിറങ്ങാൻ സാധ്യതയുണ്ട്.
മഹീന്ദ്ര അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്ത ഫോട്ടോ അനുസരിച്ചാണെങ്കിൽ വിപണിയിൽ തരംഗമായി മാറാൻ സ്കോർപിയോ ട്രക്ക് പിക്കപ്പിന് സാധിച്ചേക്കാം. പ്രധാനമായും വാഹനത്തിനുള്ള വീൽ ബേസ് ഓഫ്‌റോഡ് ഡ്രൈവിങ്ങിന് വളരെ അഭികാമ്യമാണ്. കൂടാതെ ലഗേജ് വഹിക്കാനായി മുകൾവശത്ത് ഒരു റോൾഓവർ ബാറും ഇതിലുണ്ടാകും.
സ്കോർപിയോ എൻ അടിസ്ഥാനമാക്കിയുള്ള ഈ പിക്കപ്പ് ട്രക്കിൽ സ്കോർപിയോ എൻ, ഥാർ റോക്സ് തുടങ്ങിയ പ്രീമിയം എസ്.യു.വികളുടെ മെക്കാനിക്കൽ സവിശേഷതകൾ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. മഹീന്ദ്രയുടെ 2.0 ലിറ്റർ എം സ്റ്റാലിയൻ ടർബോ - പെട്രോൾ, 2.2 ലിറ്റർ എം ഹോക്ക് ഡീസൽ എഞ്ചിനുകളാകാം സ്കോർപിയോ പിക്കപ്പ് ട്രക്കിന്റെ കരുത്ത്. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് എന്നീ വകഭേദങ്ങളിൽ 6 സ്പീഡ് മാന്വൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സുകളും പ്രതീക്ഷിക്കുന്നുണ്ട്.
വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാത്തതിനാൽ എസ്.യു.വിയിലെ ഫീച്ചറുകളും വാഹനത്തിന്റെ എക്സ് ഷോറൂം വിലയും ഊഹിക്കാൻ സാധ്യമല്ല. എന്നിരുന്നാലും സുരക്ഷക്ക് മുൻഗണ നൽകുന്നതിനാൽ ലെവൽ 2 ADAS, എയർബാഗുകൾ, ഹിൽ ആൻഡ് ഹോൾഡ് കണ്ട്രോൾ, 5 ജി കണക്റ്റിവിറ്റി എന്നിവ ഉൾപ്പെട്ടേക്കാം. വാഹന ലോകത്ത് ദിനംപ്രതി വലിയ മാറ്റങ്ങൾ സംഭവിക്കുന്ന സന്ദർഭത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഈ പുതിയ ചുവടുവെപ്പ് ഇന്ത്യൻ നിർമ്മിതിയെ മറ്റ് രാജ്യങ്ങളിലും ഏറെ പ്രിയപ്പെട്ടതാക്കുമെന്നതിൽ സംശയമില്ല.