ഇലക്ട്രിക് മോഡലിൽ പുതിയ പരീക്ഷണവുമായി മഹീന്ദ്ര; പുത്തൻ സെവൻ-സീറ്റർ എസ്.യു.വി ഉടൻ
text_fieldsപ്രതീകാത്മക ചിത്രം
ഇലക്ട്രിക് വിപണിയയിൽ കരുത്ത് തെളിയിച്ച ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ സെവൻ-സീറ്റർ എസ്.യു.വിയുമായി ഉടൻ വിപണിയിൽ. ബി.ഇ 6, എക്സ്.ഇ.വി 9ഇ മോഡലുകൾക്ക് ശേഷം ഇൻഗ്ലോ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി സെവൻ-സീറ്റർ സെഗ്‌മെന്റിൽ മഹീന്ദ്ര നിർമിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് വാഹനത്തിന് 'എക്സ്.ഇ.വി 9എസ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. നവംബർ 27ന് വാഹനത്തെ ഔദ്യോഗികമായി വിപണിയിലെത്തിക്കാനാണ് മഹീന്ദ്ര പദ്ധതിയിടുന്നത്.
പരീക്ഷണയോട്ടം നടത്തിക്കൊണ്ടിരിക്കുന്ന മഹീന്ദ്ര എസ്.യു.വി 700 ഇലക്ട്രിക് പ്രോട്ടോടൈപ്പിന്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും എക്സ്.ഇ.വി 9എസ് എന്നാണ് പ്രതീക്ഷ. ഇൻഗ്ലോ പ്ലാറ്റ്ഫോമിൽ നിർമിക്കുന്നു എന്നതൊഴികെ മറ്റു വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും എക്സ്.ഇ.വി 9ഇയോട് ഏറെ സാമ്യമുള്ളതാകും ഈ പുതിയ മോഡലും. 79 kWh, 59 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളാണ് എക്സ്.ഇ.വി 9ഇ മോഡലിനുള്ളത്. ആദ്യ ബാറ്ററി ഒറ്റ ചാർജിൽ 656 കിലോമീറ്ററും രണ്ടാമത്തെ ബാറ്ററി 542 കിലോമീറ്ററും റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
എന്നിരുന്നാലും എക്സ്.ഇ.വി 9 ഇയുമായി പുതിയ എക്സ്.ഇ.വി 9എസ് താരതമ്യം ചെയ്യുമ്പോൾ ബാറ്ററി പാക്കിലും മോട്ടോറിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ടാറ്റ മോട്ടോർസ്, മാരുതി സുസുകി തുടങ്ങിയ വാഹനനിർമാതാക്കൾക്കിടയിൽ കടുത്ത വെല്ലുവിളിയാകും മഹീന്ദ്ര നേരിടുക.


