മഹീന്ദ്ര എക്സ്.ഇ.വി 9എസ്; പുത്തൻ ഇലക്ട്രിക് കാറിന്റെ പുതിയ ഡിസൈൻ വിഡിയോ പുറത്ത്
text_fieldsപ്രതീകാത്മക ചിത്രം
രാജ്യത്ത് അഭ്യൂഹങ്ങൾക്കിടയിലും ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് കൂടിവരുന്ന സാഹചര്യത്തിൽ പുതിയ ഇലക്ട്രിക് സെവൻ-സീറ്റർ വാഹനവുമായി എത്തുന്ന മഹീന്ദ്രയുടെ എക്സ്.ഇ.വി 9എസിന്റെ പുതിയ ഡിസൈൻ വിഡിയോ പുറത്ത്. ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പുതിയ ഇലക്ട്രിക് വാഹനത്തിന്റെ വിശദാംശങ്ങൾ ഓരോന്നായി പുറത്ത് വിടുകയാണ്. ആദ്യം പുറത്തുവിട്ട ടീസർ വിഡിയോയിൽ വാഹനത്തിന്റെ പുറംഭാഗം ചെറിയ കാഴ്ച മറച്ചുവെച്ചുകൊണ്ട് നൽകിയിരുന്നു. തുടർന്നുള്ള മറ്റൊരു ടീസർ വിഡിയോയിൽ ക്യാബിന്റെ ചില വിശദാംശങ്ങൾ വെളിപ്പെടുത്തി. ഇപ്പോൾ മഹീന്ദ്ര, വരാനിരിക്കുന്ന മോഡലിന്റെ പുറംഭാഗത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന പുതിയ ടീസർ പുറത്ത് വിട്ടിട്ടുണ്ട്.
എക്സ്.ഇ.വി 9എസ് മോഡലിന്റെ ടോപ്-വ്യൂ കാണിച്ചാണ് പുതിയ ടീസർ ആരംഭിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന എക്സ്.യു.വി700 യുടെ ഡിസൈനോട് സാമ്യമുള്ളതാണ് വരാനിരിക്കുന്ന ഇലക്ട്രിക് മോഡലും. വലിയ സൺറൂഫും ഷാർക് ഫിൻ ആന്റീനയും ടീസറിൽ കാണാം. വാഹനത്തിന്റെ റിയർ വശത്തെ ചെറുതായി കാണിക്കുന്നുണ്ടെങ്കിലും പൂർണമായും കാഴ്ച മറച്ചുവെച്ചുകൊണ്ടാണ് ടീസർ അവതരിപ്പിച്ചത്. മുൻവശത്തായി എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പും പുതിയ ടീസറിൽ കാണാൻ സാധിക്കുന്നു.
ആദ്യം പുറത്തിറക്കിയ ടീസറിൽ എസ്.യു.വിയുടെ മങ്ങിയ വെളിച്ചമുള്ള ഇന്റീരിയർ പ്രദർശിപ്പിച്ചിരുന്നു. സീറ്റ് സൈഡ് സ്റ്റിച്ചിങ്ങും യാത്രക്കാരന്റെ തോളിന്റെ ഭാഗവുമായി പൊരുത്തപ്പെടുന്ന ഒരു സിൽവർ പ്ലേറ്റും ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തിട്ടുണ്ടെന്ന് ടീസർ വെളിപ്പെടുത്തി. മാത്രമല്ല, ഡോൾബി അറ്റ്‌മോസിന്റെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രീമിയം ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം ഇതിൽ ഉൾപ്പെടുത്തും. ഈ ഓഡിയോ സജ്ജീകരണം ഇതിനോടകം ബിഇ 6ലും എക്സ്.ഇ.വി 9ഇ യിലും ഉപയോഗിച്ചിട്ടുണ്ട്.
സോഫ്റ്റ്-ടച്ച് മെറ്റീരിയൽ ഉപയോഗിച്ചുള്ള സജ്ജീകരണങ്ങൾ വാഹനത്തിന്റെ ഉൾവശത്ത് പ്രതീക്ഷിക്കാം. കൂടാതെ, മെമ്മറി ഫങ്ഷൻ സീറ്റുകളുടെയും ഇലക്ട്രോണിക് പാർക്കിങ് ബ്രേക്കിന്റെയും സാന്നിധ്യത്തെക്കുറിച്ചും സൂചന ആദ്യ ടീസറിൽ നൽകിയിരുന്നു. 2-3-2 സീറ്റിങ് ക്രമീകരണമാകും മഹീന്ദ എക്സ്.ഇ.വി 9എസിൽ സജ്ജീകരിക്കാൻ സാധ്യതയുള്ളത്.
മഹീന്ദ്രയുടെ എക്സ്.ഇ.വി 9ഇ മോഡലിന്റെ സവിശേഷതകളോട് സാമ്യമുള്ളതാകും മഹീന്ദ്ര എക്സ്.ഇ.വി 9എസ്. അതിനാൽ തന്നെ 79 kWh ബാറ്ററി പാക്ക് സജ്ജീകരണം പുതിയ മോഡലിലും പ്രതീക്ഷിക്കാം. ഇത് ഒറ്റ ചാർജിൽ 656 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ, 59 kWh മറ്റൊരു ബാറ്ററി ഓപ്ഷനും എക്സ്.ഇ.വി 9ഇ മോഡലിനുണ്ട്. ഇത് 542 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്.


