മഹീന്ദ്ര എക്സ്.ഇ.വി 9എസ്; ഏഴ് സീറ്റുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്.യു.വി നാളെയെത്തും
text_fieldsമഹീന്ദ്ര എക്സ്.ഇ.വി 9എസ് ടീസർ ചിത്രം
മഹീന്ദ്രയുടെ ഏറ്റവും പുതിയ ഓൾ-ഇലക്ട്രിക് എസ്.യു.വിയായ എക്സ്.ഇ.വി 9എസിന്റെ ഔദ്യോഗിക വിപണി പ്രവേശനം നാളെ നടക്കും. ടാറ്റ ഹാരിയർ.ഇവിയുടെ പ്രധാന എതിരാളിയായി വിപണിയിൽ എത്താൻ പോകുന്ന വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി ടീസറുകളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. വിപണിയിൽ പുതിയ തരംഗം സൃഷ്ടിക്കാൻ കൂടുതൽ ഫീച്ചറുകളോടെയാണ് മഹീന്ദ്രയുടെ നാലാമത്തെ ഇലക്ട്രിക് എസ്.യു.വി വിപണിയിൽ അവതരിക്കുന്നത്.
ആകർഷകമായ എക്സ്റ്റീരിയർ
വാഹനം അവതരിപ്പിക്കുന്നതിന് ഒരു ദിവസം മാത്രം ശേഷിക്കെ, മഹീന്ദ്ര പുറത്തുവിട്ട പുതിയ ടീസറിൽ എക്സ്.ഇ.വി 9എസിന്റെ എക്സ്റ്റീരിയർ ഏറെക്കുറെ വ്യക്തമാണ്. വാഹനത്തിൻ്റെ മുഴുവൻ വീതിയിലും നീണ്ടുകിടക്കുന്ന ബോൾഡ് എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പ് (ഡി.ആർ.എൽ), മധ്യഭാഗത്ത് മഹീന്ദ്രയുടെ തിളങ്ങുന്ന ട്വിൻ പീക്സ് ഇൻഫിനിറ്റി ലോഗോ എന്നിവ പ്രീമിയം ലുക്കിനൊപ്പം ശക്തമായ സാന്നിധ്യം നൽകുന്നു. ഗ്ലോസ്-ബ്ലാക്ക് സെൻ്റർ ഫിനിഷോടുകൂടിയ എയറോ ഡിസ്‌ക് ബ്ലേഡുകളുള്ള പ്രത്യേക അലോയ് വീലുകളാണ് മറ്റൊരു ആകർഷണം. വീലുകളുടെ കൃത്യമായ വലുപ്പം (18 ഇഞ്ച് അല്ലെങ്കിൽ 19 ഇഞ്ച്) നാളത്തെ ലോഞ്ചിൽ സ്ഥിരീകരിക്കും.
അത്യാധുനിക ഇന്റീരിയറും സവിശേഷതകളും
എക്സ്.ഇ.വി 9എസിന്റെ ഇൻ്റീരിയർ അത്യാധുനിക സാങ്കേതികവിദ്യകളാൽ സമ്പന്നമാണ്. മുൻവശത്ത് മൂന്നും പിൻസീറ്റ് യാത്രക്കാർക്കായി രണ്ടുമുൾപ്പെടെ അഞ്ച് സ്ക്രീനുകൾ ഇന്റീരിയർ കാബിനിലുണ്ടാകും. കൂടാതെ എക്സ്.ഇ.വി 9ഇക്ക് സമാനമായ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള 16 സ്പീക്കർ ഹാർമൻ കാർഡൺ പ്രീമിയം ഓഡിയോ സിസ്റ്റം വാഹനത്തിൽ പ്രതീക്ഷിക്കാം. ഇതോടൊപ്പം മൾട്ടി-കളർ ആംബിയൻ്റ് ലൈറ്റിങ്ങും ട്രിപ്പിൾ-സ്ക്രീൻ ഡാഷ്‌ബോർഡ് ലേഔട്ടും ഇൻ്റീരിയറിന് ആഢംബരപരമായ പ്രതീതി നൽകുന്നുണ്ട്.
കരുത്തും റേഞ്ചും
എക്സ്.ഇ.വി 9എസ് മോഡൽ എക്സ്.ഇ.വി 9ഇയുമായി സാങ്കേതിക സവിശേഷതകൾ പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും എക്സ്.ഇ.വി 9ഇയേക്കാൾ വലിയ ബാറ്ററി പാക്കായിരിക്കും എക്സ്.ഇ.വി 9എസ് ഉണ്ടാകുക. അതിനാൽത്തന്നെ റേഞ്ചിലും വ്യത്യാസം ഉണ്ടാകും. പുതിയ ഇലക്ട്രിക് എസ്.യു.വിയുടെ വിലയും മറ്റ് കൃത്യമായ സവിശേഷതകളും നാളത്തെ ലോഞ്ച് ഇവൻ്റിലൂടെ മഹീന്ദ്ര പ്രഖ്യാപിക്കും.


