ഇതാണ് ഇന്ത്യക്കാർ കാത്തിരുന്ന സ്വിഫ്റ്റ്; സ്വിഫ്റ്റിന്റെ ഓൾഗ്രിപ് എഫ്.എക്സ് ഓൾ വീൽ ഡ്രൈവ് നെതർലാണ്ടിൽ അവതരിപ്പിച്ച് മാരുതി
text_fieldsമാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ വാഹനമാണ് സ്വിഫ്റ്റ്. ഇന്ത്യയിലും വിദേശത്തുമായി ഏറെ ആരാധകരുള്ള വാഹനത്തിന്റെ ഓൾ വീൽ ഡ്രൈവ് പതിപ്പ് നെതർലാണ്ടിൽ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി. ഇനി ഓഫ് റോഡിങിലും ഓൺ റോഡിങിലും ഒരു പോലെ തിളങ്ങാൻ സ്വിഫ്റ്റിന് കഴിയും. സ്വിഫ്റ്റ് ഓൾഗ്രിപ് എഫ്.എക്സ് എന്നാണ് വാഹനത്തിന് പേര് നൽകിയിരിക്കുന്നത്.
പുതിയ സ്വിഫ്റ്റിൽ ഓൾ വീൽ ഡ്രൈവ് മോഡാണ് നൽകിയിരിക്കുന്നത് എന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാലും വാഹനം പരുക്കൻ മേഖലയിൽ ഉപയോഗിക്കാമോ എന്ന സംശയം വാഹനപ്രേമികൾക്കുണ്ട്. പക്ഷെ ഈ സംശയത്തിന് മറുപടിയായാണ് വാഹനം ഡിസൈൺ ചെയ്തിരിക്കുന്നത്. 195/55 ആർ 16 ഇഞ്ച് ഓൾ -സീസൺ ടയറുകളാണ് സ്വിഫ്റ്റിന് നൽകിയിരിക്കുന്നത്. കൂടാതെ നിലവിൽ ലഭിക്കുന്ന വാഹനത്തിൽ നിന്നും 32 മില്ലിമീറ്റർ അധിക ഗ്രൗണ്ട് ക്ലിയറൻസും ഈ ഹാച്ച്ബാക്കിന്റെ പ്രത്യേകതയാണ്.
1.2 ലിറ്റർ മൂന്ന് സിലിണ്ടർ Z12E നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ, ഓൾഗ്രിപ് എഫ്.എക്സ് സ്വിഫ്റ്റിന് കരുത്ത് പകരും. ഇത് 79.8 ബി.എച്ച്.പി പവറും 112 എൻ.എം പീക് ടോർക്കും ഉൽപാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് വാഹനത്തിനുള്ളത്. കൂടാതെ 12വി മൈക്രോ ഹൈബ്രിഡ് സിസ്റ്റവും ഈ ഹാച്ച്ബാക്കിന് ലഭിക്കും. സ്വിഫ്റ്റ് ഓൾ ഡ്രൈവ് വീൽ മോഡലിന് 8,449 യൂറോയാണ് പ്രാരംഭ വില. ഇത് ഏകദേശം 27.62 ലക്ഷം ഇന്ത്യൻ രൂപ വിലവരും. നിലവിൽ വാഹനം ഇന്ത്യൻ വിപണിയിൽ എപ്പോൾ എത്തുമെന്ന് സ്ഥിരീകരണമില്ല.