Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകാത്തിരിപ്പിന് വിരാമം!...

കാത്തിരിപ്പിന് വിരാമം! മാരുതി സുസുക്കി ഇ-വിറ്റാരയുടെ വില പ്രഖ്യാപിച്ചു

text_fields
bookmark_border
Maruti Suzuki e-vittara
cancel
camera_alt

മാരുതി സുസുകി ഇ-വിറ്റാര

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മാരുതി സുസുക്കിയുടെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് എസ്‌.യു.വിയായ ഇ-വിറ്റാരയുടെ വില പുറത്ത്. 'ബാറ്ററി-ആസ്-എ-സർവീസ്' (BaaS) എന്ന സവിശേഷമായ മോഡൽ വേരിയന്റിന് 10.99 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില.

വാഹനത്തിന്റെ വില കുറക്കുന്നതിനായി ബാറ്ററി ഒഴിവാക്കിയുള്ള ബാറ്ററി-ആസ്-എ-സർവീസ് മോഡലിന്റെ വിലയാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബാറ്ററി ഉപയോഗത്തിന് കിലോമീറ്ററിന് 3.99 രൂപ എന്ന നിരക്കിൽ ഇ.എം.ഐ ആയി ഉപഭോക്താക്കൾ നൽകിയാൽ മതിയാകും. നെക്സ ഡീലർഷിപ്പ് വഴിയോ നെക്സ വെബ്സൈറ്റ് വഴിയോ 21,000 രൂപ നൽകി ഉപഭോക്താക്കൾക്ക് ഇപ്പോൾ വാഹനം ബുക്ക് ചെയ്യാം.

എട്ട് വർഷത്തെ ബാറ്ററി വാറന്റി, 3+5 വർഷത്തെ വാഹന വാറന്റി, 50,000 രൂപ വിലവരുന്ന സൗജന്യ ഹോം ചാർജറും ഇൻസ്റ്റാളേഷനും ഈ പാക്കേജിൽ ഉൾപ്പെടുന്നു. കൂടാതെ ഒരു വർഷത്തെ സൗജന്യ ചാർജിങും ഉൾപ്പെടുന്നു. ഇതോടൊപ്പം മൂന്ന് വർഷത്തിനുശേഷം 60 ശതമാനം വിലയിൽ വാഹനം തിരിച്ചെടുക്കാനുള്ള ഓപ്ഷനും കമ്പനി മുന്നോട്ട് വെക്കുന്നുണ്ട്.

മാരുതി സുസുകി ഇ-വിറ്റാര

49kWh, 61kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനിലാണ് ഇ-വിറ്റാരയെ മാരുതി വിപണിയിൽ അവതരിപ്പിച്ചത്. ഇതിൽ ആദ്യ ബാറ്ററി പാക്ക് 144 എച്ച്.പി കരുത്തും 189 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തെ ഉയർന്ന ബാറ്ററി ഓപ്ഷൻ 174 എച്ച്,പി കരുത്തും 189 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മോട്ടോറാണ് നൽകിയിരിക്കുന്നത്. വലിയ ബാറ്ററി ഓപ്ഷനിൽ ഓൾ-വീൽ ഡ്രൈവ് വകഭേദവും ലഭ്യമാണ്. ഓൾ-വീൽ ഡ്രൈവിലെ ഇലക്ട്രിക് മോട്ടോർ 184 എച്ച്.പി പവറും 300 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിച്ച് വാഹനത്തിന്റെ യഥാർത്ഥ കരുത്ത് പ്രകടിപ്പിക്കും. 4,275 എം.എം നീളവും 1,800 എം.എം വീതിയും 1,640 എം.എം ഉയരവും 2,700 എം.എം വീൽബേസിലും എത്തുന്ന വിറ്റാരയിൽ 3-ഇൻ-1 ഇലക്ട്രിക് ഡ്രൈവ് മോട്ടോർ സജ്ജീകരണമാണ്.

ഭാരത് എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയ ഇ-വിറ്റാര പുതിയ ഹാർടെക്-ഇ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിർമിച്ചിട്ടുള്ള ഇലക്ട്രിക് എസ്.യു.വിയാണ്. ഇ.എസ്.സി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ) സൈഡ് ഹെഡ് സംരക്ഷണ സംവിധാനം (കർട്ടൻ എയർബാഗ്), പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ സിസ്റ്റം & സീറ്റ് ബെൽറ്റ് റിമൈൻഡർ (എസ്.ബി.ആർ) തുടങ്ങിയ ഫീച്ചറുകൾ സ്റ്റാൻഡേർഡായി എല്ലാ വകഭേദങ്ങളിലും മാരുതി സുസുകി നൽകുന്നുണ്ട്. ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സ്യുട്ടും ഏഴ് എയർബാഗുകളും വാഹനത്തിൽ നൽകിയിട്ടുണ്ട്.

പ്രീമിയം ഇന്റീരിയർ ഡിസൈനിൽ എത്തുന്ന ഇ-വിറ്റാരയിൽ ട്വിൻ-ഡക്ക് ഫ്ലോട്ടിങ് കൺസോളിൽ ഡിജിറ്റൽ കോക്പിറ്റാണ് കമ്പനി നൽകിയിട്ടുള്ളത്. കൂടാതെ സോഫ്റ്റ്-ടച്ച് ഡ്യൂവൽ-ടോൺ മെറ്റീരിയലിൽ മൾട്ടി-കളർ ആമ്പിയന്റ് ലൈറ്റിങ്, ബിസ്പോക് സ്റ്റിയറിങ് വീൽ, 10.1-ഇഞ്ച് ഇൻഫോടൈന്മെന്റ് സ്ക്രീൻ, 10.25-ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, വയർലസ് കണക്ടിവിറ്റിയോടെ ഹർമൻ-ട്യുൻഡ് ഓഡിയോ സിസ്റ്റം, 10 രീതിയിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന പവർ ഡ്രൈവർ സീറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഇന്റീരിയറിനെ കൂടുതൽ പ്രീമിയമാക്കുന്നു.

Show Full Article
TAGS:Maruti Suzuki Maruti Suzuki eVitara Electric Vehicle Auto News Auto News Malayalam 
News Summary - Maruti Suzuki announces prices of 'E Vitara' SUV
Next Story