മാരുതി സുസുകി ഇ-വിറ്റാര ഡിസംബർ രണ്ടിനെത്തും; എന്തൊക്കെ പ്രതീക്ഷിക്കാം...
text_fieldsമാരുതി സുസുകി ഇ-വിറ്റാര
ഇലക്ട്രിക് വിപണിയിൽ പുതിയ പരീക്ഷണവുമായി എത്തുന്ന മാരുതി സുസുക്കിയുടെ ഇ-വിറ്റാര ഡിസംബർ രണ്ടിന് ഇന്ത്യൻ വിപണിയിൽ എത്തും. നേരത്തെ യൂറോപ്യൻ വിപണികളിൽ അവതരിപ്പിച്ച അതേ മോഡൽ തന്നെയാണോ ഇന്ത്യൻ നിരത്തുകളിലും മാരുതി അവതരിപ്പിക്കുക എന്ന പ്രതീക്ഷയിലാണ് വാഹന ലോകം. എന്നാൽ വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.
മാരുതി സുസുകി ഇ-വിറ്റാരയിൽ എന്തൊക്കെ പ്രതീക്ഷിക്കാം?
മാരുതി സുസുക്കിയുടെ ഗുജറാത്തിലെ ഹാൻസൽപുർ പ്ലാന്റിലാണ് ഇന്ത്യൻ സ്പെക് ഇ-വിറ്റാര നിർമിക്കുക. വാഹനം ഇതിനോടകം 100 രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. 2025 ആഗസ്റ്റിൽ കയറ്റുമതി ആരംഭിച്ച ശേഷം ഏകദേശം 7,000 യൂണിറ്റുകൾ വിദേശരാജ്യങ്ങളിൽ എത്തിക്കാൻ മരുതിക്ക് സാധിച്ചിട്ടുണ്ട്.
മാരുതി സുസുകി ഇ-വിറ്റാരയുടെ ബാറ്ററി ശേഷി
ആഗോളവിപണിയിൽ മാരുതി സുസുക്കിയുടെ ഇ-വിറ്റാര 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് അവതരിപ്പിച്ചത്. ഇതിൽത്തന്നെ 61kWh ബാറ്ററി പാക്കിന് ഫ്രണ്ട്-വീൽ ഡ്രൈവും ഓൾ-വീൽ ഡ്രൈവും ലഭിക്കുന്നു. എന്നാൽ ഓൾ-വീൽ ഡ്രൈവ് വകഭേദം ഇന്ത്യൻ വിപണിയിൽ ഉടൻ എത്തില്ലെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വേൾഡ് വൈഡ് ഹാർമോണൈസ്ഡ് ലൈറ്റ് വെഹിക്കിൾ ടെസ്റ്റ് നടപടിക്രമം (ഡബ്ല്യു,എൽ.ടി.പി) സൈക്കിൾ അനുസരിച്ച് 49kWh ഫ്രണ്ട്-വീൽ ഡ്രൈവിന് 344 കിലോമീറ്റർ, 61kWh ഫ്രണ്ട്-വീൽ ഡ്രൈവിന് 428 കിലോമീറ്റർ, 61kWh ഓൾ-വീൽ ഡ്രൈവിന് 394 കിലോമീറ്റർ റേഞ്ചാണ് ലഭിക്കുന്നത്.
ഫീച്ചറുകളും ടെക്നോളജിയും
ആധുനിക ഫീച്ചറുകളും ടെക്നോളജിയും ഉൾപ്പെടുത്തിയാകും ഇ-വിറ്റാരയെ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. വിദേശ വിപണികളിൽ അവതരിപ്പിച്ച സിംഗിൾ ഗ്ലാസ് പാനലിൽ ഡ്യൂവൽ-സ്ക്രീൻ സജ്ജീകരണമാകും ഇന്ത്യൻ സ്പെകിലും. ഉയർന്ന വകഭേദങ്ങളിൽ 360 ഡിഗ്രി കാമറ, വയർലെസ്സ് ഫോൺ ചാർജിങ്, കീലെസ് എൻട്രി, പവേർഡ് ഡ്രൈവർ സീറ്റ്, സൺറൂഫ്, സബ് വൂഫർ സജ്ജീകരണത്തിൽ ഓഡിയോ സിസ്റ്റം എന്നിവക്ക് പുറമെ ഏഴ് എയർബാഗുകളും പ്രതീക്ഷിക്കാം.
വാഹനത്തിന്റെ വില
മാരുതി സുസുകി ഇ-വിറ്റാരയുടെ 61kWh ഫ്രണ്ട്-വീൽ ഡ്രൈവിന് 25 ലക്ഷം (എക്സ് ഷോറൂം) രൂപയാണ് പ്രതീക്ഷിക്കുന്ന വില. ഇതിന്റെ ചെറിയ വകഭേദമായ 49kWh വകഭേദത്തിന് 20 ലക്ഷം (എക്സ് ഷോറൂം) രൂപയും വില പ്രതീക്ഷിക്കുന്നുണ്ട്. ടാറ്റ കർവ്, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര ബി.ഇ 6, വിൻഫാസ്റ്റ് വി.എഫ്6 തുടങ്ങിയ മിഡ്-സൈസ് ഇലക്ട്രിക് എസ്.യു.വികളോടാകും ഇ-വിറ്റാര മത്സരിക്കുന്നത്.


