Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവില 8.20 ലക്ഷം രൂപ,...

വില 8.20 ലക്ഷം രൂപ, 32.85 കിലോമീറ്റർ മൈലേജ്; സ്വിഫ്റ്റ് സി.എന്‍.ജി വിപണിയിൽ

text_fields
bookmark_border
വില 8.20 ലക്ഷം രൂപ, 32.85 കിലോമീറ്റർ മൈലേജ്; സ്വിഫ്റ്റ് സി.എന്‍.ജി വിപണിയിൽ
cancel

പുത്തന്‍ രൂപഭംഗിയും ആകര്‍ഷകമായ മൈലേജുമായി മാരുതിയുടെ സ്വിഫ്റ്റ് സി.എന്‍.ജി വിപണിയിലെത്തി. പുതിയ പെട്രോള്‍ ഹാച്ച്ബാക്ക് അവതരിപ്പിച്ച് നാല് മാസത്തിനുള്ളിലാണ് സി.എന്‍.ജി മോഡലും മാരുതി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വി.എക്‌സ്.ഐ, വി.എക്‌സ്.ഐ (ഒ), സെഡ്.എക്‌സ്.ഐ തുടങ്ങി മൂന്ന് മോഡലുകളിലായി ഇറങ്ങുന്ന വാഹനത്തിന് 8.20 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇന്ധനക്ഷമത കൂടിയ പുതിയ സെഡ് സീരിസ് എന്‍ജിനാണ് മാരുതി സ്വിഫ്റ്റ് സി.എന്‍.ജിയില്‍ ഉപയോഗിച്ചിരിക്കുന്നത്. കിലോയ്ക്ക് 32.85 കിലോമീറ്റർ മൈലേജാണ് വാഹനത്തിന് കമ്പനി വാഗ്ദാനം നല്‍കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സി.എന്‍.ജി പവര്‍ മോഡലുകളുള്ള കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി.

എന്‍ട്രി ലെവല്‍ സ്വിഫ്റ്റ് സി.എന്‍.ജിയില്‍ ആറ് എയര്‍ബാഗുകള്‍, ഇ.എസ്.സി, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ്, ഹാലജന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, പവര്‍ വിന്‍ഡോകള്‍ തുടങ്ങിയ പുതിയ ഫീച്ചറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. മിഡ്-ലെവല്‍ സ്വിഫ്റ്റ് വി.എക്സ്.ഐ (ഒ) യില്‍ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകളും അധികമായി വരുന്നുണ്ട്. ഉയര്‍ന്ന വേരിയെന്റില്‍ എല്‍.ഇ.ഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, 15 ഇഞ്ച് അലോയ് വീലുകള്‍, വയര്‍ലെസ് ചാര്‍ജിങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ വൈപ്പര്‍ തുടങ്ങിയ ഫീച്ചറുകളും നല്‍കിയിരിക്കുന്നു.

80 ബി.എച്ച് പവറും 112 എന്‍.എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍.എ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. സി.എന്‍.ജി മോഡില്‍ പവര്‍ ഔട്ട്പുട്ട് 69 ബി.എച്ച്.പിയും 102 എന്‍.എം ടോര്‍ക്കുമായി കുറയുന്നുണ്ട്. ഇത് മുന്‍ തലമുറ സ്വിഫ്റ്റിനേക്കാള്‍ ആറ് ശതമാനം കൂടുതലാണ്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തിന്റെ ട്രന്‍സ്മിഷന്‍ ക്രമീകരിക്കുന്നത്.

പുതിയ സ്വിഫ്റ്റ് സി.എന്‍.ജിയുടെ ഡെലിവറി ആദ്യം ഗുജറാത്തിലും തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലും ആരംഭിക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവയാണ് സി.എന്‍,ജി മോഡല്‍ വില്‍പ്പനയില്‍ തങ്ങളുടെ മികച്ച അഞ്ച് വിപണികളെന്ന് മാരുതി പറയുന്നു. കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ഒക്ടോബര്‍ 12 മുതല്‍ വാഹനം വില്‍പ്പനയ്ക്കായി വിപണിയിലെത്തും.

Show Full Article
TAGS:Swift CNG Maruti Suzuki 
News Summary - Maruti Suzuki Swift CNG launched
Next Story