മാരുതിയുടെ ആദ്യ ലെവൽ 2 ADAS വാഹനം മോഹവിലയിൽ സ്വന്തമാക്കാം; 'വിക്ടോറിസ്' വില പ്രഖ്യാപനത്തിൽ അമ്പരന്ന് വാഹനലോകം
text_fieldsമാരുതി സുസുക്കി വിക്ടോറിസ്
ന്യൂഡൽഹി: മാരുതി സുസുക്കി ഇന്ത്യ രാജ്യത്ത് അവതരിപ്പിച്ച ഏറ്റവും പുതിയ മിഡ്-സൈസ് എസ്.യു.വി വിക്ടോറിസിന്റെ വില പ്രഖ്യാപിച്ച് കമ്പനി. ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (GNCAP) ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടിയതോടൊപ്പം ഏറ്റവും ആധുനിക സുരക്ഷാ ഫീച്ചറായ അഡ്വാൻസ്ഡ് ഡ്രൈവർ അസസ്മെന്റ് സിസ്റ്റം (ADAS) ലെവൽ 2 സജ്ജീകരണത്തോടെയാണ് പുതിയ വിക്ടോറിസ് വിപണിയിൽ എത്തുന്നത്.
ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 34 പോയിന്റിൽ 33.72ഉം, കുട്ടികളുടെ സുരക്ഷയിൽ 49 പോയിന്റിൽ 41ഉം നേടിയാണ് എൻ.സി.എ.പി ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേട്ടം മാരുതി വിക്ടോറിസ് സ്വന്തമാക്കിയത്. മുൻവശത്ത് ഡ്രൈവറുടെ ഹെഡ്, നെക്ക്, പെൽവിസ്, ഫീറ്റ്, ചെസ്റ്റ് തുടങ്ങിയ ശരീരഭാഗങ്ങളിൽ മികച്ച സുരക്ഷയാണ് വിക്ടോറിസിന് ലഭിക്കുന്നത്. കുട്ടികളുടെ സുരക്ഷയിൽ ഡൈനാമിക് സ്കോറായ 24ൽ 24ഉം സ്വന്തമാക്കിയതോടൊപ്പം 13ൽ 5 എന്ന വെഹിക്കിൾ അസസ്മെന്റ് സ്കോറും നേടി 49ൽ 41 റേറ്റിങ് നേട്ടത്തിലാണ് അഞ്ച് സ്റ്റാർ സുരക്ഷ സ്വന്തമാക്കിയത്.
മികച്ച സുരക്ഷ ഫീച്ചറുകളോടെ വിപണിയിൽ എത്തുന്ന വിക്ടോറിസിന് ആറ് വകഭേദങ്ങളാണുള്ളത്. LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O) എന്നീ വകഭേദങ്ങളിൽ ഏറ്റവും ബേസ് മോഡലായ LXi 10,49,900 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് ആരംഭിക്കുന്നത്. ഇത് സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലാണ് നിരത്തുകളിൽ എത്തുക.
വകഭേദം അനുസരിച്ചുള്ള വില വിവരം
സുരക്ഷക്ക് മുൻഗണന നൽകി മാരുതി ഗ്ലോബൽ സി പ്ലാറ്റ്ഫോമിൽ നിർമിച്ച മിഡ്-സൈസ് എസ്.യു.വിയാണ് വിക്ടോറിസ്. വാഹനത്തിൽ സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകൾ കമ്പനി നൽകുന്നുണ്ട്. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇ.എസ്.പി), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബൂഷനോട് (ഇ.ബി.ഡി) കൂടിയ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ.ബി.എസ്), ഹിൽ-ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, റിവേഴ്‌സ് പാർക്കിങ് സെൻസർ എന്നിവയും വിക്ടോറിസിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഉയർന്ന വകഭേദത്തിൽ ലെവൽ 2 ADAS, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലൈൻ കീപ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, എമർജൻസി ബ്രേക്കിങ്, ഹൈ-ബീം അസിസ്റ്റ്, ട്രാഫിക് അലർട്ട്, 360 ഡിഗ്രി എച്ച്.ഡി കാമറ, ഓൾ-വീൽ ഡിസ്ക് ബ്രേക്ക്, ഓട്ടോ ഹോൾഡോഡ് കൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവയും വിക്ടോറിസന്റെ പ്രത്യേകതയാണ്.
1.5 ലിറ്റർ K സീരീസ് പെട്രോൾ എൻജിനാണ് വിക്ടോറിസിന്റെ ഒരു പവർട്രെയിൻ. ഇത് 103 എച്ച്.പി കരുത്തും 139 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൽ ഈ എൻജിൻ ലഭിക്കും.
1.5 ലിറ്റർ സ്ട്രോങ്ങ്-ഹൈബ്രിഡ് എൻജിനാണ് മറ്റൊന്ന്. ഇത് 116 ബി.എച്ച്.പി കരുത്തിൽ ഇ-സി.വി.ടി ഗിയർബോക്‌സോടെയാണ് നിരത്തുകളിൽ എത്തുന്നത്. ഈ എൻജിന് പരമാവധി 28.65 കിലോമീറ്റർ റേഞ്ച് മാരുതി അവകാശപ്പെടുന്നുണ്ട്.
1.5 ലിറ്റർ സി.എൻ.ജി എൻജിനാണ് വിക്ടോറിസിന്റെ മറ്റൊരു കരുത്ത്. എൻജിൻ 87 ബി.എച്ച്.പി പവറും 121 എൻ.എം മാക്സിമം ടോർക്കും ഉത്പാതിപ്പിക്കും. കൂടാതെ സി.എൻ.ജി ഇന്ധന ടാങ്ക് വാഹനത്തിന്റെ ബോഡിയുടെ അടിവശത്തായി സജ്ജീകരിച്ചിരിക്കുന്നതിനാൽ ഗുണഭോക്താക്കൾക്ക് സാധാരണ വാഹനങ്ങളിലെ ബൂട്ട് സ്പേസും ലഭിക്കുന്നു.
താൽപ്പര്യമുള്ളവർക്കായി 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൽ ഓൾഗ്രിപ്പ് 4x4 വകഭേദവും മാരുതി നൽകുന്നുണ്ട്. ഇതിൽ പെഡൽ ഷിഫ്റ്റർ, മൾട്ടി-ടെറയിൻ മോഡുകൾ, ഹിൽ ഡീസന്റ് കണ്ട്രോൾ എന്നിവ അധികമായി കമ്പനി നൽകും.