എംജി സൈബര്‍സ്റ്റര്‍ ഇനി ഇന്ത്യന്‍ നിരത്തുകളിലെ സൂപ്പർസ്റ്റാർ
text_fieldscyberster
എംജിയുടെ ഇലക്ട്രിക് സൂപ്പര്‍കാര്‍ സൈബര്‍സ്റ്റര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എംജിയുടെ സ്പോർട്സ് സെഗ്മെൻറിലുള്ള സൈബർസ്റ്റർ ഇവിയുടെ വരവ് ഏറെനാളത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടുകയാണ്. എംജിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ എംജി സെലക്ടിലൂടെ വില്‍പനക്ക് എത്തുന്ന ഈ വാഹനത്തിന് 74.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
എന്നാല്‍, ഈ വാഹനം മുമ്പുതന്നെ ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് ഈ വാഹനം 72.49 ലക്ഷം രൂപക്ക് സൈബര്‍സ്റ്റര്‍ ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് പത്തിന് സൈബര്‍സ്റ്ററിന്റെ വിതരണം ആരംഭിക്കും.എംജി സൈബര്‍സ്റ്റർ ശരിക്കും ഒരു സ്പോർട്സ് കാറിെൻറ രൂപമാണ് നൽകിയിട്ടുള്ളത്.
കൺവെർട്ടബ്ൾ ബോഡിയും ലംബോർഗിനിയിൽ കാണുന്ന പോലെ മുകളിലേക്ക് ഉയർത്തി തുറക്കാവുന്ന വാതിലുകളും പുഞ്ചിരിക്കുന്ന പോലുള്ള ഹെഡ്‍ലാമ്പുകളും കൂടുതൽ സൗന്ദര്യമുളവാക്കുന്ന ഡിസൈനാണ്. എംജി സൈബർസ്റ്ററിന്റെ മൂന്ന് സ്‌ക്രീൻ സജ്ജീകരണത്തിൽ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി 7 ഇഞ്ച് ഡിസ്‌പ്ലേ, സ്ഥിതിവിവരക്കണക്കുകൾ കാണുന്നതിന് മറ്റൊരു 7 ഇഞ്ച് സ്‌ക്രീൻ എന്നിവ ഉൾപ്പെടുന്നു.
എംജി സൈബർസ്റ്ററിൽ നാല് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട്, റിയർ പാർക്കിങ് സെൻസറുകൾ, 360-ഡിഗ്രി കാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി) എന്നിവയുണ്ട്. ഇതിനുപുറമെ, അഡാപ്റ്റിവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്‌സ്പോട്ട് ഡിറ്റക്ഷൻ, ആക്ടിവ് എമർജൻസി ബ്രേക്കിങ് തുടങ്ങിയ സവിശേഷതകളുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുടെ (എഡിഎഎസ്) പൂർണ സ്യൂട്ടും എംജി സൈബർസ്റ്ററിലുണ്ട്.
ഡ്യുവല്‍ മോട്ടോര്‍ സംവിധാനമാണ് ഇതിലുള്ളത്. 503 ബിഎച്ച്പി പവറും 725 എന്‍എം ടോര്‍ക്കുമാണ് ഈ മോട്ടോറുകള്‍ ഉൽപാദിപ്പിക്കുന്ന കരുത്ത്. 3.2 സെക്കൻഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും സൈബര്‍സ്റ്ററിനാകും. 77 കിലോവാട്ട് അയൺ ലിഥിയം ബാറ്ററിപാക്ക് നല്‍കിയിട്ടുള്ള ഈ സൂപ്പര്‍കാര്‍ ഒറ്റത്തവണ ചാര്‍ജിലൂടെ 580 കിലോമീറ്റര്‍ റേഞ്ച് നല്‍കും. 4535 mm നീളവും 1913mm വീതിയും 1329mm ഉയരവുമുളള സൈബർസ്റ്ററിൽ 250 ലിറ്റർ ബൂട്ട് സ്പേസുമുണ്ട്. ഇന്ത്യയിലെ വിശ്വസ്ത ബ്രാൻഡായ എംജിയുടെ മറ്റു ഇവി മോഡലുകൾക്കൊപ്പം സൈബസ്റ്ററും നിരത്തുകളിൽ കാണാം.