കുതിപ്പുതുടർന്ന് എം.ജി വിൻഡ്സർ; വിൽപ്പനയിൽ മികച്ച നേട്ടം
text_fieldsഎം.ജി വിൻഡ്സർ ഇ.വി
ജെ.എസ്‍.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യ, രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന ഇലക്ട്രിക് വാഹന മോഡലായി വിൻഡ്സർ ഇ.വി മാറി. 2024 സെപ്റ്റംബറിൽ വിപണിയിൽ എത്തിയ മോഡൽ 400 ദിവസങ്ങൾ പിന്നിടുമ്പോൾ 50,000 യൂനിറ്റുകൾ വിൽപ്പന നടത്തിയ സന്തോഷത്തിലാണ്. 12.65 ലക്ഷം രൂപയാണ് മോഡലിന്റെ പ്രാരംഭ എക്സ് ഷോറൂം വില.
ബി.എ.എ.എസ് (ബാറ്ററി-ആസ്-എ-സർവീസ്) സ്കീം അനുസരിച്ച് വാഹനം 9.99 ലക്ഷം രൂപയിൽ സ്വന്തമാക്കാം. എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസ്സൻസ്, ഇൻസ്പയർ എഡിഷൻ, എക്സ്ക്ലൂസീവ് പ്രൊ, എസ്സൻസ് പ്രൊ തുടങ്ങിയ ആറ് വേരിയന്റുകൾ വിൻഡ്സർ ഇ.വിക്ക് ലഭിക്കുന്നു. ഇൻസ്പയർ എഡിഷൻ 300 യൂനിറ്റുകൾ മാത്രം ലഭിക്കുന്ന ലിമിറ്റഡ് എഡിഷനായി ചുരുക്കിയിരിക്കുന്നു. ഒക്ടോബർ മാസത്തിൽ അവതരിപ്പിച്ച ഈ മോഡലിന് 16.65 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
38 kWh, 52.9 kWh എന്നീ രണ്ട് ബാറ്ററി പാക്ക് സജ്ജീകരണത്തിൽ എത്തുന്ന മോഡലിന്റെ ആദ്യ ബാറ്ററി എം.ഐ.ഡി.സി (മോഡിഫൈഡ് ഇന്ത്യൻ ഡ്രൈവിങ് സൈക്കിൾ റേഞ്ച്) അനുസരിച്ച് ഒറ്റ ചാർജിൽ 332 കിലോമീറ്ററും രണ്ടാമത്തെ വലിയ ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 449 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നുണ്ട്.
135 ഡിഗ്രി വരെ ചാരിയിരിക്കാവുന്ന എയ്‌റോ ലോഞ്ച് സീറ്റുകൾ, 5.6 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്‌പ്ലേ, ഒമ്പത് സ്പീക്കറുകൾ, 80ലധികം കണക്റ്റഡ് സവിശേഷതകളുള്ള ഐ-സ്മാർട്ട്, 100ലധികം എ.ഐ-അധിഷ്ഠിത വോയ്‌സ് കമാൻഡുകൾ തുടങ്ങിയവയാണ് വിൻഡ്സർ ഇ.വിയുടെ സവിശേഷതകൾ. വി.2.വി (വെഹിക്കിൾ-ടു-വെഹിക്കിൾ), വി.2.എൽ (വെഹിക്കിൾ-ടു-ലോഡ്) എന്നീ ഫീച്ചറുകളും പ്രൊ മോഡലിന് ലഭിക്കും. കൂടാതെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എ.ഡി.എ.എസ്) ലെവൽ 2 വാഹനത്തിന്റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്യും.


