‘ഇനി വാഹനങ്ങളുടെ ഹോണടി ശബ്ദം സംഗീതം പോലെ ആസ്വദിക്കാം’; തബല, വയലിൻ, ഹാർമോണിയം ശബ്ദങ്ങൾ ഹോണായി ഉപയോഗിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി
text_fieldsനിതിൻ ഗഡ്കരി
ന്യൂഡൽഹി: വാഹനങ്ങളുടെ ഹോണിൽ വ്യത്യസ്‍തമായ പരീക്ഷങ്ങൾ നടത്തുന്നവരാണ് ഇന്ത്യക്കാർ. എന്നാൽ, ഇന്ത്യയിൽ ഇത്തരം പരീക്ഷണങ്ങൾ നിയമപരമല്ല. വാഹനങ്ങളിൽ സംഗീതോപകരങ്ങളുടെ ശബ്ദം ഹോണായി ഉപയോഗിക്കുന്നത് നിയമമായി അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
രാജ്യത്തെ വായു മലിനീകരണത്തിന്റെ 40 ശതമാനത്തിനും ഗതാഗത മേഖലയാണ് ഉത്തരവാദി. ഇതിനെ ചെറുക്കുന്നതിനായി മെഥനോൾ, എത്തനോൾ പോലുള്ള ജൈവ ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന വാഹനങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതികൾ ആലോചനയിലുണ്ടെന്നും ഗഡ്കരി പറഞ്ഞു. കൂടാതെ ഓടക്കുഴൽ, തബല, വയലിൻ, ഹാർമോണിയം എന്നിവയുടെ ശബ്ദങ്ങൾ വാഹനങ്ങളുടെ ഹോണുകൾക്ക് നൽകി ശബ്ദമലിനീകരണത്തിന്റെ തോത് കുറക്കുകയെന്നതും സർക്കാരിന്റെ ഈ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും കയറ്റുമതിയിൽ നിന്ന് രാജ്യത്തിന് ഗണ്യമായ വരുമാനം ലഭിക്കുന്നുണ്ട്. 2014ൽ 14 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള വ്യവസായം 2025ൽ 22 ലക്ഷം കോടി രൂപയായി വളർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജപ്പാൻ, കൊറിയൻ കമ്പനികളെ വാഹന കയറ്റുമതിയിൽ പിന്നിലാക്കിയ ഇന്ത്യയുടെ മുന്നിൽ അമേരിക്കയും ചൈനയും മാത്രമാണെന്നുള്ളത് അഭിമാനകരമാണ്. യൂട്ടിലിറ്റി വെഹിക്കിൾ (യു.വി), പാസഞ്ചർ വെഹിക്കിൾ (പി.വി) വാഹനങ്ങളിലെ കയറ്റുമതിയിൽ ഗംഭീര വളർച്ചയാണ് ഇന്ത്യ കൈവരിച്ചത്.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽസ് മാനുഫാക്ചർ (എസ്.ഐ.എ.എം) ടാറ്റ പ്രകാരം പി.വി സെഗ്‌മെന്റിൽ 2024നെ അപേക്ഷിച്ച് ആഭ്യന്തര വിൽപനയിൽ 1.97 ശതമാനം വാർഷിക വളർച്ചയും കയറ്റുമതി വളർച്ചയിൽ 14.62 ശതമാനം അധിക വർധനവ് ഉണ്ടായതായും എസ്.ഐ.എ.എം പറഞ്ഞു. ഇന്ത്യയിൽ നിർമിക്കുന്ന ആഗോളമോഡലുകൾക്ക് ലാറ്റിൻ അമേരിക്കയിലെയും ആഫ്രിക്കയിലെയും വിപണിയിൽ ശക്തമായ ഡിമാന്റുണ്ടെന്ന് എസ്.ഐ.എ.എംന്റെ കണക്കുകളിൽ കാണാം