താങ്ങാവുന്ന വിലയിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ; വിപണിയിൽ പുതിയ തന്ത്രവുമായി ടെസ്‌ല
text_fieldsടെസ്‌ല കാർ
വാഷിങ്ടൺ: ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ താങ്ങാവുന്ന വിലയിൽ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ പുതിയൊരു പദ്ധതി അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല. സാമൂഹിക മാധ്യമമായ 'എക്സ്' പ്ലാറ്റ്ഫോമിൽ ഞായറാഴ്ച ടെസ്‌ല പങ്കുവെച്ച ഒമ്പത് സെക്കന്റ് ടീസർ വീഡിയോയിലാണ് ചൊവ്വാഴ്ചവരെ കാത്തിരിക്കാൻ വാഹനപ്രേമികളോടെ കമ്പനി നിർദേശിക്കുന്നത്.
എക്‌സിൽ ഒക്ടോബർ അഞ്ചിന് '10/7' എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത ടീസർ വീഡിയോ കൂടാതെ ഇന്നും മറ്റൊരു ടീസർ കൂടെ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇരുണ്ട ക്രമീകരണത്തിൽ സജ്ജീകരിച്ചിരിക്കുന്ന തീമിൽ ടെസ്‌ലയുടെ ഒരു മോഡലിന്റെ ഹെഡ്‍ലൈറ്റുകൾ തുടർച്ചയായി പ്രകാശിക്കുന്നതാണ് പുതിയ ടീസർ വീഡിയോ.
അമേരിക്കയിൽ 'മോഡൽ വൈ'യുടെ കുറഞ്ഞ വിലയുള്ള പതിപ്പ് പുറത്തിറക്കുന്നത് ടെസ്‌ല മുമ്പ് വൈകിപ്പിച്ചിരുന്നു. വാഹനത്തിന്റെ നിർമാണം പൂർത്തിയാകാത്തതിനാലാണ് ഇത് വൈകുന്നതെന്നും കമ്പനി അറിയിച്ചു. എന്നാൽ ജൂൺ മാസത്തോടെ മോഡലിന്റെ ആദ്യഘട്ട നിർമാണങ്ങൾ ആരംഭിച്ചതായി ടെസ്‌ല അറിയിച്ചിരുന്നു. നിർമാണത്തിന്റെ നാലാംഘട്ടം പൂർത്തിയാകുന്നതോടെ വാഹനം വിപണിയിൽ എത്തിക്കാനായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ടീസർ വീഡിയോ അവതരിപ്പിച്ചതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
എന്നാൽ പുതുക്കിയ മോഡൽ വൈയേക്കാൾ ഏകദേശം 20% വിലകുറഞ്ഞ രീതിയിൽ നിർമ്മിക്കാനാണ് 'സ്ട്രിപ്പ്-ഡൗൺ പതിപ്പ്' രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2026 ആകുമ്പോഴേക്കും യു.എസിൽ പ്രതിവർഷം ഏകദേശം 2,50,000 യൂനിറ്റായി ഇത് ഉയരുമെന്ന് വാഹന വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സെപ്റ്റംബർ മാസത്തോടെ അവസാന മൂന്ന് മാസത്തെ വിൽപ്പനയിൽ റെക്കോഡ് നേട്ടമാണ് ടെസ്‌ല സ്വന്തമാക്കിയത്. ഇത് അമേരിക്കയിലെ ടാക്സ് ക്രെഡിറ്റ് കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായാണ്. സെപ്റ്റംബർ 30ന് അമേരിക്കൻ സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയിരുന്ന 7,500 യു.എസ് ഡോളർ ക്രെഡിറ്റ് അവസാനിച്ചതിനെത്തുടർന്നാണ് പുതിയ ടീസർ വീഡിയോ ടെസ്‌ല പുറത്തുവിട്ടത്.