കൂടുതൽ സുരക്ഷയും മികച്ച റേഞ്ചും; കാത്തിരിപ്പിനൊടുവിൽ മാരുതി സുസുകി ഇ-വിറ്റാര എത്തി
text_fieldsമാരുതി സുസുകി ഇ-വിറ്റാര
മാരുതി സുസുകിയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വിയായ ഇ-വിറ്റാരയെ രാജ്യത്ത് അവതരിപ്പിച്ചു. കിടിലൻ റേഞ്ചും മികച്ച സുരക്ഷയും വാഗ്‌ദാനം ചെയ്യുന്ന എസ്.യു.വിയുടെ ബുക്കിങ് ഉടൻ ആരംഭിക്കും. തുടർന്ന് അടുത്ത വർഷം മുതൽ വാഹനത്തിന്റെ ഡെലിവറികൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഒറ്റചാർജിൽ 543 കിലോമീറ്റർ റേഞ്ച് നൽകുന്ന ഇ-വിറ്റാര, ബാറ്ററി വാടകക്ക് നൽകുന്ന സ്കീമിലും (ബാറ്ററി-ആസ്-എ-സർവീസ്) ലഭ്യമാകും.
വാഹനം വിപണിയിൽ എത്തുന്നതിന് മുമ്പ് തന്നെ സേവന, സർവീസ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 1,50,000 ജീവനക്കാരെ ഇലക്ട്രിക് വാഹനങ്ങൾ പ്രവർത്തിക്കാൻ പരിശീലനം നൽകിയിട്ടുണ്ടെന്ന് മാരുതി സുസുകി അറിയിച്ചു. ഇന്ത്യയിൽ നിർമിക്കുന്ന ഇലക്ട്രിക് എസ്.യു.വി പ്രാദേശിക വിപണിയെ കൂടാതെ 100 രാജ്യങ്ങളിലേക്ക് കയറ്റുമതിയും നടത്തുന്നുണ്ട്. സെപ്റ്റംബർ ഒന്നുമുതലാണ് യൂറോപ്യൻ വിപണിയിലേക്ക് വാഹനങ്ങൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയത്.
4,275 എം.എം നീളവും 1,800 എം.എം വീതിയും 1,640 എം.എം ഉയരവും 2,700 എം.എം വീൽബേസിലും എത്തുന്ന വിറ്റാരയിൽ 3-ഇൻ-1 ഇലക്ട്രിക് ഡ്രൈവ് മോട്ടോർ സജ്ജീകരണമാണ്. 49kWh, 61kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനിലാണ് ഇ-വിറ്റാരയെ മാരുതി അവതരിപ്പിച്ചത്. ഇതിൽ ആദ്യ ബാറ്ററി പാക്ക് 144 എച്ച്.പി കരുത്തും 189 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തെ ഉയർന്ന ബാറ്ററി ഓപ്ഷൻ 174 എച്ച്,പി കരുത്തും 189 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മോട്ടോറാണ് നൽകിയിരിക്കുന്നത്. വലിയ ബാറ്ററി ഓപ്ഷനിൽ ഓൾ-വീൽ ഡ്രൈവ് വകഭേദവും ലഭ്യമാണ്. ഓൾ-വീൽ ഡ്രൈവിലെ ഇലക്ട്രിക് മോട്ടോർ 184 എച്ച്.പി പവറും 300 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിച്ച് വാഹനത്തിന്റെ യഥാർത്ഥ കരുത്ത് പ്രകടിപ്പിക്കും. ഓൾ-വീൽ ഡ്രൈവ് വകഭേദം ഒറ്റ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഭാരത് എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയ ഇ-വിറ്റാര പുതിയ ഹാർടെക്-ഇ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിർമിച്ചിട്ടുള്ള ഇലക്ട്രിക് എസ്.യു.വിയാണ്. ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സ്യുട്ടും ഏഴ് എയർബാഗുകളും വാഹനത്തിൽ നൽകിയിട്ടുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 31.49 പോയിന്റും, കുട്ടികളുടെ സുരക്ഷയിൽ 49 ൽ 43 പോയിന്റും നേടി 24 ൽ 24 എന്ന ഡൈനാമിക് പോയിന്റും 12 ൽ 12 എന്ന സി.ആർ.എസ് ഇൻസ്റ്റാളേഷൻ സ്കോറും 13 ൽ 7 എന്ന വെഹിക്കിൾ അസസ്മെന്റ് സ്കോറും സ്വന്തമാക്കിയാണ് ഇ-വിറ്റാര അഞ്ച് സ്റ്റാർ സുരക്ഷ നേടിയത്.
ഇ.എസ്.സി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ) സൈഡ് ഹെഡ് സംരക്ഷണ സംവിധാനം (കർട്ടൻ എയർബാഗ്), പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ സിസ്റ്റം & സീറ്റ് ബെൽറ്റ് റിമൈൻഡർ (എസ്.ബി.ആർ) തുടങ്ങിയ ഫീച്ചറുകൾ സ്റ്റാൻഡേർഡായി എല്ലാ വകഭേദങ്ങളിലും മാരുതി സുസുകി നൽകുന്നുണ്ട്. ഉയർന്ന മോഡലുകളിലാണ് ഏഴ് എയർബാഗുകൾ നൽകിയിട്ടുള്ളത്. കൂടാതെ ഹിൽ ഹോൾഡ് കണ്ട്രോൾ, ഇലക്ട്രോണിക് ബ്രേക്‌ഫോഴ്‌സ് വിതരണത്തോടെ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, അപകട സാധ്യത മുന്നിൽ കണ്ട് ഓട്ടോമാറ്റിക്കായി ബ്രേക്കിങ് നടത്തുന്ന മൾട്ടി-കൊളീഷൻ ബ്രേക്കിങ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ആക്റ്റീവ് കോർണിങ് കണ്ട്രോൾ, 3 പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ബെൽറ്റ്, 360 ഡിഗ്രി കാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ് സെൻസർ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഓട്ടോ-ഡിമ്മിങ് ഐ.ആർ.വി.എം, എമർജൻസി കാൾ ഫങ്ഷൻ (എസ്.ഒ.എസ്) തുടങ്ങിയ മികച്ച ഫീച്ചറുകൾ ഇ-വിറ്റാരയിൽ മാരുതി സുസുകി സജ്ജീകരിച്ചിട്ടുണ്ട്.
പ്രീമിയം ഇന്റീരിയർ ഡിസൈനിൽ എത്തുന്ന ഇ-വിറ്റാരയിൽ ട്വിൻ-ഡക്ക് ഫ്ലോട്ടിങ് കൺസോളിൽ ഡിജിറ്റൽ കോക്പിറ്റാണ് കമ്പനി നൽകിയിട്ടുള്ളത്. കൂടാതെ സോഫ്റ്റ്-ടച്ച് ഡ്യൂവൽ-ടോൺ മെറ്റീരിയലിൽ മൾട്ടി-കളർ ആമ്പിയന്റ് ലൈറ്റിങ്, ബിസ്പോക് സ്റ്റിയറിങ് വീൽ, 10.1-ഇഞ്ച് ഇൻഫോടൈന്മെന്റ് സ്ക്രീൻ, 10.25-ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, വയർലസ് കണക്ടിവിറ്റിയോടെ ഹർമൻ-ട്യുൻഡ് ഓഡിയോ സിസ്റ്റം, 10 രീതിയിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന പവർ ഡ്രൈവർ സീറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഇന്റീരിയറിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് വിപണിയിൽ ആദ്യ ചുവടുവെപ്പ് നടത്തുന്ന മാരുതി സുസുകി ഇ-വിറ്റാരയിൽ ഒട്ടനവധി സംവിധാനങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ വാഹനത്തിന്റെ വില വിവരം ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. എസ്.യു.വിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വിലയും ബുക്കിങ് ആരംഭിക്കുന്നതിന് മുമ്പ് വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് വാഹന പ്രേമികൾ. ഏറെ കാത്തിരുന്ന ഇലക്ട്രിക് വിപ്ലവത്തിന് വാഹനപ്രേമികൾ അൽപ്പം കൂടെ കാത്തിരിക്കേണ്ടി വരും.


