കെട്ടുകഥകൾ പൊളിച്ചെഴുതുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നേട്ടങ്ങൾ
text_fieldsവൈദ്യുത വാഹനങ്ങളുടെ കടന്നുവരവിൽ രാജ്യത്തെ വാഹനപ്രേമികൾക്ക് നിരവധി ആശയകുഴപ്പങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിലെ ഏറ്റവും വലിയ സംശയം പാരിസ്ഥിതിക വെല്ലുവിളികളായിരുന്നു. ഇന്ത്യയിലെ വായു ഗുണനിലവാര പ്രതിസന്ധി ആശങ്കാജനകമായ നിലയിലാണ്. ഡൽഹി, നോയിഡ, ഫരീദാബാദ്, ലഖ്നൗ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ വായു മലിനീകരണത്തിന്റെ തോത് കൂടിയും കുറഞ്ഞുമാണ് നിലനിൽക്കുന്നത്. നഗര പ്രദേശങ്ങൾ പോലെ ഗ്രാമ പ്രദേശങ്ങളിലും വായു മലീനീകരം കൂടിവരികയാണ്.
വായു മലിനീകരണത്തിന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വാഹനങ്ങളിൽ നിന്നും പുറംതള്ളുന്ന പുക. ഇന്ത്യയിൽ കാലപ്പഴക്കം ചെന്ന പെട്രോൾ, ഡീസൽ വാഹനങ്ങൾ യഥാക്രമം സർവീസ് നടത്താതെ ഉപയോഗിക്കുന്നതിനാൽ മലിനീകരണത്തിന്റെ അളവ് ദിനംപ്രതി ഉയർന്നു വരികയാണ്. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് ഇലക്ട്രിക് വാഹനങ്ങളെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രോത്സാഹിപ്പിക്കുന്നത്. വൈദ്യുത വാഹനങ്ങൾ വായു മലിനീകരണത്തിന് പുറമെ ശബ്ദ മലിനീകരണവും കുറക്കുന്നുണ്ട്.
വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത ജനങ്ങൾ അംഗീകരിച്ചിട്ടുണ്ട്. വെറും പത്ത് മാസം കൊണ്ട് 1.5 ദശലക്ഷം യൂനിറ്റ് വാഹനങ്ങളാണ് രാജ്യത്ത് വിൽപന നടത്തിയത്. പുതിയ വാഹനം വാങ്ങാൻ ഉപഭോക്താക്കൾ ആകാംഷയോടെ മത്സരിക്കുന്നതിനാൽ വാഹനം വാങ്ങുന്നവർ വൈദ്യുത വാഹനത്തേയും പരിഗണിക്കുന്നുണ്ട്. എന്നിരുന്നാലും ഇലക്ട്രിക് വാഹനം വാങ്ങുന്നവരുടെ ഇടയിലും ധാരാളം ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഉണ്ട്. എന്നാൽ ഈ ആശയക്കുഴപ്പങ്ങളെയും തെറ്റിദ്ധാരണകളെയും പൊതു ജനങ്ങൾക്ക് മുമ്പിൽ പൊളിച്ചെഴുതേണ്ടതാണ്.
ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്കിടയിലെ മിഥ്യാധാരണകൾ പരിശോധിക്കാം
ഇലക്ട്രിക് വാഹനങ്ങൾ വിലയേറിയതാണ്
പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനത്തിന് വില അൽപ്പം കൂടുതലാണ്. എന്നാൽ അവയുടെ പരിപാലനത്തിന് പൊതുവെ ചെലവ് കുറവുമാണ്. ഒരു പെട്രോൾ വാഹനത്തിൽ ഇന്ധനം നിറക്കാൻ ആവിശ്യമായ പണച്ചെലവ് പോലും ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാൻ വരില്ല. വാഹനം അവതരിപ്പിച്ച സമയത്ത് വില കൂടുതലായിരുന്നെങ്കിലും ബാറ്ററി ഉൾപ്പെടെയുള്ളവ രാജ്യത്ത് നിർമ്മിക്കാൻ തുടങ്ങിയതോടെ വിലയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. കൂടാതെ വാഹനത്തിന്റെ നികുതിയിലും സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വിപണി സജീവമായിരിക്കുകയാണ്.
ഇലക്ട്രിക് വാഹനങ്ങൾക്ക് കുറഞ്ഞ റേഞ്ചാണ് ലഭിക്കുന്നത്
ഇലക്ട്രിക് വാഹനം അവതരിപ്പിച്ചപ്പോൾ വാഹനത്തിന് ലഭിച്ചിരുന്ന റേഞ്ച് വളരെ കുറവായിരുന്നു. പരീക്ഷണമെന്നോണം അവതരിപ്പിച്ച വാഹനങ്ങളിൽ ബാറ്ററിയുടെ കപ്പാസിറ്റി വളരെ കുറവായതിനാലാണ് ഈയൊരു കുറഞ്ഞ റേഞ്ച് ലഭിച്ചിരുന്നത്. പിന്നീട് വാഹനങ്ങളിൽ കൂടുതൽ ശേഷിയുള്ള ബാറ്ററികൾ ഉപയോഗിച്ചപ്പോൾ വാഹനത്തിന്റെ റേഞ്ചിലും മാറ്റം വന്നു. ഇപ്പോൾ ലഭിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് 120+ റേഞ്ചും കാറുകൾക്ക് 300+ റേഞ്ചും ലഭിക്കുന്നുണ്ട്.
ചാർജിങ് സംവിധാനങ്ങളുടെ അപര്യാപ്തത
രാജ്യത്ത് ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നവർക്ക് വലിയ വെല്ലുവിളിയായിരുന്നു ചാർജിങ് സ്റ്റേഷനുകളുടെ അപര്യാപ്തത. എന്നാൽ വാഹനം സ്വന്തമാക്കുന്നവർ ആദ്യം മനസ്സിലാക്കേണ്ട കാര്യം ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള ഒന്നാമത്തെ ഏറ്റവും അനുയോജ്യവുമായ സ്ഥലം സ്വന്തം വീടാണ്. എന്നിരുന്നാലും ദീർഘദൂര യാത്രകൾ പോകുമ്പോൾ ചാർജിങ് സ്റ്റേഷൻ ലഭ്യമല്ലാത്തതിന്റെ പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. പക്ഷെ നിലവിൽ 2025 മാർച്ച് 1 വരെയുള്ള കണക്കെടുത്താൽ രാജ്യത്ത് സ്വകാര്യ, ഗവണ്മെന്റ് ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പെടെ 25,000ത്തിലധികം ചാർജിങ് സ്റ്റേഷനുകൾ രാജ്യത്തുണ്ട് . കൂടാതെ പുതിയ വാഹനങ്ങളിൽ ഫാസ്റ്റ് ചാർജിങ് സംവിധാനം കൂടെ ഉൾപെടുത്തിയതോടെ ചായ കുടിക്കാൻ നിർത്തുന്ന സമയംകൊണ്ട് വാഹനം ചാർജ് ചെയ്യാം.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ ദീഘകാലം നിലനിൽക്കില്ല
ഇലക്ട്രിക് വാഹനം മേടിക്കുന്നവരെ പിന്തിരിപ്പിക്കുന്ന പ്രധാന കാരണമാണ് ബാറ്ററികളുടെ ലൈഫ്. ബാറ്ററികളുടെ ലൈഫുമായി ബന്ധപ്പെട്ട ഒട്ടനവധി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ മിക്ക ഇ.വി കമ്പനികളും അവരുടെ ബാറ്ററിക്ക് 8 മുതൽ 10 വർഷം വരെ വാറന്റി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ തകരാർ സംഭവിച്ച ബാറ്ററികൾ കൃത്യമായി പുനർനിർമ്മിക്കാനും ഉത്തരവാദിത്തത്തോടെ പുനരുപയോഗം നടത്താനും കമ്പനികൾ പദ്ധതിയിടുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങൾ നിലനിർത്താൻ പ്രയാസമാണ്
മറ്റ് ഇന്ധന വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ഘടന ലളിതവും കാര്യക്ഷമവുമാണ്. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ടൈമിങ് ബെൽറ്റുകൾ, എക്സ്ഹോസ്റ്റുകൾ, സങ്കീർണമായ ട്രാൻസ്മിഷൻ തുടങ്ങിയ സംവിധാനങ്ങൾ ഇലക്ട്രിക് വാഹനത്തിനില്ല. ഒരു ഇലക്ട്രിക് മോട്ടോറും ഗണ്യമായ കുറഞ്ഞ ഘടകങ്ങളും ഉള്ളതിനാൽ വാഹനം ഏറെക്കാലം നീണ്ടുനിൽക്കും. ഇത് വാഹനത്തിന്റെ അറ്റകുറ്റ പണികൾക്ക് ചെലവ് കുറക്കുന്നു. ടയർ റൊട്ടേഷനുകൾ, ബാറ്ററി കൂളന്റ് പരിശോധനകൾ, എയർ ഫിൽട്ടർ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ ചെലവുകൾ മാത്രമാണ് മറ്റ് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴുള്ള ചെലവ്. ലൂബ്രിക്കേഷനായി ഓയിൽ ആവിശ്യമില്ലാത്തതിനാൽ ഇടക്കിടെ ഓയിൽ മാറേണ്ട ആവിശ്യം ഇല്ല.
ഇലക്ട്രിക് വാഹനങ്ങൾ സുരക്ഷിതമല്ല
വാഹനങ്ങളുടെ സുരക്ഷക്ക് മുൻതൂക്കം നൽകിയാണ് ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിച്ചിട്ടുള്ളത്. വാഹനങ്ങളിൽ ബാറ്ററി മാനേജ്മന്റ് സിസ്റ്റം (ബി.എം.എസ്) സജ്ജീകരിച്ചിരിക്കുന്നതിനാൽ താപനില, ചാർജ് ലെവലുകൾ, വോൾട്ടേജ് തുടങ്ങിയ നിർണ്ണായക ഘടകങ്ങളെ ബി.എം.എസ് നിയന്ത്രിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പായ്ക്കുകൾ അവയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കർശനമായ പരിശോധനകൾക്ക് വിധേയമാകുന്നു. മിക്ക ഇലക്ട്രിക് വാഹനങ്ങൾക്കും ഐ.പി.67 അല്ലെങ്കിൽ അതിലും ഉയർന്ന ഇൻഗ്രെസ് പ്രൊട്ടക്ഷൻ (ഐ.പി) റേറ്റിങ്ങും ഉണ്ട്. അതായത് പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും അവ നന്നായി സംരക്ഷിക്കപ്പെടുന്നു.