പുതിയ ഹ്യുണ്ടായ് വെന്യൂ വിപണിയിൽ; 7.90 ലക്ഷം രൂപമുതൽ വാഹനം സ്വന്തമാക്കാം
text_fieldsപുതിയ ഹ്യുണ്ടായ് വെന്യൂ
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അവരുടെ രണ്ടാം തലമുറയിലെ കോംപാക്ട് എസ്.യു.വിയായ വെന്യൂവിനെ വിപണിയിൽ അവതരിപ്പിച്ചു. 7.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ഡിസൈനിലും ഫീച്ചറിലും കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് വെന്യൂ നിരത്തുകളിൽ എത്തുന്നത്. മുൻവശത്തും പിൻവശത്തുമായി പുതിയ ബമ്പറുകൾ, ബോണറ്റിൽ സ്ട്രിപ്പ് ചെയ്ത എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലാമ്പ് ഹെഡ് ലൈറ്റിന് കൂടുതൽ ഭംഗി നൽകുന്നു. മുൻവശത്തായി പുതിയ ഗ്രിൽ, പുതിയ അലോയ്-വീലുകൾ, റൂഫ് റൈൽസ്, ബ്ലാക്ക് പാനലിൽ എൽ.ഇ.ഡി ടൈൽലൈറ്റ് എന്നിവ പുത്തൻ വെന്യൂവിന് ലഭിക്കുന്നു.
സ്റ്റാൻഡേർഡ് വകഭേദത്തിൽ നിന്നും വ്യത്യസ്തമായാണ് വെന്യൂ എൻ. ലൈൻ വേരിയന്റ് വിപണിയിൽ അവതരിപ്പിച്ചത്. ചുവപ്പ് നിറം ഹൈലൈറ്റ് ചെയ്യുന്ന ബമ്പറുകൾ, ഡാർക്ക് ക്രോം റേഡിയേറ്റർ ഗ്രിൽ, വാഹനത്തിന്റെ നിറത്തിൽ പെയിന്റ് ചെയ്ത വീൽ ആർക് ക്ലാഡിങ്, എൻ ബാഡ്ജിങ്ങിൽ 17 ഇഞ്ച് അലോയ്-വീലുകൾ, റെഡ് കാലിപ്പറിൽ ഡിസ്ക് ബ്രേക്കുകൾ, എൻ. ലൈൻ ടൈപ്പ് സ്പോയ്ലർ, ട്വിൻ ടിപ്പ് എക്സോസ്റ്റ് എന്നിവ എൻ. ലൈൻ വേരിയന്റിന്റെ പ്രത്യേകതയാണ്. പഴയ വെന്യൂവിനെ അപേക്ഷിച്ച് 48 എം.എം വലുപ്പവും 30 എം.എം വീതിയും പുതിയ വെന്യൂവിനുണ്ട്. 3995 എം.എം നീളം, 1800 എം.എം വീതി, 1665 എം.എം ഉയരം, 2520 എം.എം വീൽ-ബേസ് എന്നിങ്ങനെയാണ് പുതിയ രണ്ടാം തലമുറയിലെ വെന്യൂവിന്റെ ആകെ വലുപ്പം.
ഡ്യൂവൽ-ടോൺ (ഡാർക്ക് നേവി & ഡോവ് ഗ്രേ) ഇന്റീരിയർ സജ്ജീകരണത്തിൽ എത്തുന്ന വാഹനത്തിന് കോഫി-ടേബിൾ സ്റ്റൈലിൽ 'മൂൺ വൈറ്റ്' ആമ്പിയന്റ് ലൈറ്റിങ്ങിൽ സെന്റർ കൺസോൾ ഹ്യുണ്ടായ് നൽകിയിട്ടുണ്ട്. ഡി-കട്ട് ഡിസൈനിൽ സ്റ്റീയറിങ് വീലും കണ്ട്രോൾ സ്വിച്ചുകളും കാണാൻ സാധിക്കും. 62.5 സെന്റിമീറ്ററിൽ (12.3-ഇഞ്ച്+12.3-ഇഞ്ച്) വളഞ്ഞിട്ടുള്ള പനോരമിക് ഡിസ്പ്ലേ, പ്രീമിയം ലെതർ ആംറെസ്റ്റ്, നാല് രീതിയിൽ ഇലക്ട്രികലി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഡ്രൈവർ സീറ്റ്, റിക്ലൈനിങ് റിയർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, റിയർ എസി വെന്റ്, എട്ട് സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവ പുതിയ വെന്യൂവിലെ ഫീച്ചറുകളാണ്.
സുരക്ഷക്ക് പ്രാധാന്യം നൽകുന്നതിനാൽ 65 സുരക്ഷാ ഫീച്ചറുകൾ പുതിയ വെന്യൂവിൽ ഹ്യുണ്ടായ് ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ 33 എണ്ണം സ്റ്റാൻഡേർഡായി എല്ലാ വകഭേദങ്ങളിലും ലഭിക്കും. കൂടാതെ ആറ് എയർബാഗുകൾ, എ.ബി.എസ്, ഇ.എസ്.സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ടി.പി.എം.എസ്, 360 ഡിഗ്രി കാമറ, ബ്ലൈൻഡ്-സ്പോട്ട് അസിസ്റ്റ്, ലെവൽ 2 ADAS എന്നിവ വെന്യൂവിന്റെ സുരക്ഷ വർധിപ്പിക്കും.
കപ്പ 1.2-ലിറ്റർ എം.പി.ഐ പെട്രോൾ, കപ്പ 1.0-ലിറ്റർ ടർബോ ജി.ഡി.ഐ പെട്രോൾ, 1.5-ലിറ്റർ സി.ആർ.ഡി.ഐ ഡീസൽ എന്നീ മൂന്ന് എൻജിൻ വകഭേദങ്ങൾ മാനുവൽ, ഓട്ടോമാറ്റിക്, ഡ്യൂവൽ-ക്ലച്ച് ട്രാൻസ്മിഷൻ (ഡി.സി.ടി) ഗിയർബോക്സുകളുമായി ജോടിയിണക്കിയിരിക്കുന്നു. എൻ.ലൈനിന് 1.0-ലിറ്റർ ടർബോ ജി.ഡി.ഐ പെട്രോൾ എൻജിൻ വകഭേദവും ഹ്യുണ്ടായ് നൽകുന്നുണ്ട്.


