കിയയിൽ നിന്ന് കടത്തിയത് 900 എൻജിനുകൾ; രണ്ടു വിദേശികളടക്കം ഒമ്പതുപേർ അറസ്റ്റിൽ, എൻജിനുകൾ പോയത് എങ്ങോട്ട്..?
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ശ്രീസത്യസായി ജില്ലയിൽ, വാഹന നിർമാതാക്കളായ കിയ മോട്ടോർസിന്‍റെ സ്ഥാപനത്തിൽനിന്ന് 900 എൻജിനുകൾ മോഷ്ടിച്ച ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരിൽ ഭൂരിഭാഗവും തമിഴ്നാട് സ്വദേശികളും കിയയിലെ മുൻ ജീവനക്കാരായ രണ്ട് വിദേശികളുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രതികളെ പെനുകൊണ്ട കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. അന്വേഷണത്തിന്റെ പത്ത് ശതമാനം മാത്രമാണ് പൂർത്തിയായതെന്നും അറസ്റ്റിലായവരുടെ പ്രവർത്തനരീതി അന്വേഷിച്ചുവരികയാണെന്നും വാർത്താ ഏജൻസിയായ പി.ടി.ഐയോട് ആന്ധ്ര പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മോഷ്ടിക്കപ്പെട്ട എൻജിനുകൾ മീററ്റ്, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മധുര എന്നിവിടങ്ങളിലേക്കാണ് എൻജിനുകൾ കടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
മോഷ്ടിക്കപ്പെട്ട എൻജിനുകൾ പ്രാദേശികമായി ലഭിക്കുന്ന സ്പെയർ പാർട്‌സുകൾ ഉപയോഗിച്ച് പുനഃസംയോജിപ്പിച്ച് വാഹനങ്ങൾ നിർമിക്കുന്നതായാണ് നിഗമനമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു. ഈ വാഹനങ്ങൾ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കപ്പെടാനോ സാമൂഹിക വിരുദ്ധരുടെ കൈകളിൽ എത്താനോ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.