ഇന്ത്യയിലെ ആദ്യ ഇ.വി സ്കൂട്ടർ കണക്ടിവിറ്റി സ്മാർട്ട് വാച്ചുമായി നോയ്‌സ്; പ്രവർത്തനം ടി.വി.എസ് ഐക്യൂബുമായി സംയോജിച്ച്
text_fieldsപ്രതീകാത്മക ചിത്രം
ഇലക്ട്രിക്ക് സ്കൂട്ടർ നിർമാതാക്കളായ ടി.വി.എസ് മോട്ടോർ കമ്പനിയും സ്മാർട്ട് വാച്ച് നിർമാതാക്കളായ നോയിസും ചേർന്ന് ഇന്ത്യയിൽ ആദ്യമായി ഇ.വി സ്കൂട്ടർ സ്മാർട്ട് വാച്ച് അവതരിപ്പിച്ചു. റൈഡേഴ്സിന് കൂടുതൽ കണക്ടിവിറ്റി ഫീച്ചറുകളോടെയാണ് പുതിയ സ്മാർട്ട് വാച്ച് വിപണിയിൽ എത്തുന്നത്. ഇലക്ട്രിക് സ്കൂട്ടറിന്റെ സ്റ്റാറ്റസ്, ബാറ്ററി സ്ഥിതിവിവരക്കണക്കുകൾ, ടയർ പ്രഷർ, സുരക്ഷ അലർട്ടുകൾ എന്നിവയുൾപ്പെടെയുള്ള നിർണായക അപ്ഡേറ്റുകൾ തത്സമയം നിരീക്ഷിക്കുന്നതിനുള്ള ഒരു പ്രത്യേക പതിപ്പായിട്ടാണ് പുതിയ സ്മാർട്ട് വാച്ചിനെ നോയ്‌സ് അവതരിപ്പിക്കുന്നത്. ടി.വി.എസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുമായി സംയോജിച്ചാണ് നോയ്‌സ് ഈയൊരു പുതിയ ടെക്നോളജി വികസിപ്പിച്ചെടുത്തത്.
ആഭ്യന്തര വിപണിയിൽ ടി.വി.എസ് ഐക്യൂബ് 6,50,000 യൂനിറ്റ് വിൽപ്പന നടത്തി ഇന്ത്യയിലെ ഒന്നാം നമ്പർ ഇ.വി സ്കൂട്ടർ ബ്രാൻഡ് എന്ന സ്ഥാനം വീണ്ടും ഉറപ്പിച്ചു. നോയ്‌സുമായുള്ള ഈ പങ്കാളിത്തം ഇലക്ട്രിക് സ്കൂട്ടർ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം വാഗ്‌ദാനം ചെയ്യുന്നതോടൊപ്പം വാഹനങ്ങളുടെ ഫീച്ചറുകളെ തടസ്സമില്ലാതെ ഉപയോഗപ്പെടുത്താൻ വാഹന ഉടമകൾക്ക് സാധിക്കുന്നു.
നോയ്‌സുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഒരു പുതിയ തുടക്കമാണ്. സ്മാർട്ട് വാച്ചിനെ ഒരു ജീവിതശൈലി ഉപകരണത്തിൽ നിന്ന് ഒരു സ്മാർട്ട് റൈഡിങ് അസിസ്റ്റന്റാക്കി മാറ്റുക വഴി ടി.വി.എസ് ഐക്യൂബിനെ കണക്റ്റഡ് സ്മാർട്ട് വാച്ചുമായി സംയോജിപ്പിക്കുന്നു. അതിനാൽ ഇന്ത്യയിലെ മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്നതിനൊപ്പം മികച്ചതും സുരക്ഷിതവും കൂടുതൽ സുഖകരവുമായ യാത്രകൾ നൽകാൻ ടി.വി.എസിന് സാധിക്കുമെന്നും കമ്പനിയുടെ ഹെഡ് & ഇ.വി ബിസിനസ് സീനിയർ വൈസ് പ്രസിഡന്റും ഹെഡ് കോർപ്പറേറ്റ് ബ്രാൻഡ് & മീഡിയയുമായ അനിരുദ്ധ ഹൽദാർ പറഞ്ഞു.
ജനങ്ങളെ കൂടുതൽ ഡിജിറ്റലാക്കാനും സാങ്കേതിക വിദ്യയെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി ഡിജിറ്റൽ സാക്ഷരതയിൽ രാജ്യത്തെ മുന്നിലെത്തിക്കുകയെന്നതാണ് നോയ്‌സിന്റെ ലക്ഷ്യമെന്ന് നോയ്‌സ് സ്ഥാപകൻ അമിത് ഖത്രി പറഞ്ഞു. ടി.വി.എസ് മോട്ടോർ കമ്പനിയുമായുള്ള ഈ പങ്കാളിത്തം അത്തരത്തിലുള്ളൊരു പുതിയ ചുവടുവെപ്പാണ്. സ്മാർട്ട് വാച്ചിനെ ഒരു മൊബിലിറ്റിയാക്കി മാറ്റുന്നതിലൂടെ ആളുകൾ ടെക്നോളോജിയുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.