Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപത്ത് ലക്ഷത്തിന് താഴെ...

പത്ത് ലക്ഷത്തിന് താഴെ പനോരമിക് സൺറൂഫ്! വിപണി പിടിക്കാൻ ടാറ്റ നെക്സോണിന്റെ പുത്തൻ വേരിയന്റ് എത്തി

text_fields
bookmark_border
Tata Nexon Pure + PS
cancel
camera_alt

ടാറ്റ നെക്‌സോൺ പ്യൂർ പ്ലസ് പി.എസ്

മുംബൈ: രാജ്യത്തെ വാഹന വിൽപ്പനയിൽ വൻ കുതിപ്പ് തുടരുമ്പോഴും ഉപഭോക്താക്കൾക്കായി കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യങ്ങൾ ഓരോ മോഡലിലും ഉൾപ്പെടുത്തുകയാണ് ടാറ്റ മോട്ടോർസ്. മോഡലുകളുടെ വില ഉപഭോക്താക്കൾക്ക് താങ്ങാവുന്ന രീതിയിലാക്കുമ്പോഴും സുരക്ഷയിലും ഗുണമേന്മയിലും വിട്ടുവീഴ്ച നൽകുന്നില്ല ടാറ്റ എന്നത് ജനപ്രീതി ഉയർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ആഡംബര വാഹനങ്ങളിലും ഉയർന്ന വേരിയന്റുകളിലും മാത്രം കണ്ടുവരുന്ന പനോരമിക് സൺറൂഫ് ജനപ്രിയ എസ്.യു.വിയായ നെക്‌സോണിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. വിപണിയിൽ അവതരിപ്പിച്ച നെക്‌സോണിന്റെ പുത്തൻ വേരിയന്റായ 'പ്യൂർ പ്ലസ് പി.എസ്' (Pure+ PS) മോഡലിലാണ് പനോരാമിക് സൺറൂഫ് ടാറ്റ സജ്ജീകരിച്ചിരിക്കുന്നത്. 9.59 ലക്ഷം രൂപ മുതലാണ് ഈ വേരിയന്റിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഇതോടെ ഇന്ത്യയിൽ പത്ത് ലക്ഷം രൂപയിൽ താഴെ പനോരമിക് സൺറൂഫ് സൗകര്യമുള്ള ഏക വാഹനമായി ടാറ്റ നെക്സോൺ മാറി.


ശബ്ദ നിർദ്ദേശങ്ങളിലൂടെ (Voice-assisted) പ്രവർത്തിപ്പിക്കാവുന്ന സൺറൂഫ് സാങ്കേതിക വിദ്യയാണ് വാഹനത്തിൽ നൽകിയിരിക്കുന്നത് എന്നതാണ് വേരിയന്റിന്റെ പ്രധാന പ്രത്യേകത. കൂടാതെ 10.25 ഇഞ്ച് ഹാർമൻ ഇൻഫോടൈന്മെന്റ് ടച്ച്‌സ്‌ക്രീൻ, 6-സ്പീക്കർ സൗണ്ട് സിസ്റ്റം, ഓട്ടോ-ഫോൾഡ് ഫങ്ഷനോട് കൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ORVM-കൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവക്ക് പുറമെ ക്രൂയിസ് കൺട്രോൾ, ഓട്ടോ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിങ് വൈപ്പറുകൾ എന്നിവയും പ്യൂർ പ്ലസ് പി.എസ് വേരിയന്റിൽ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷയിൽ ഒട്ടും പിന്നിലല്ലാത്ത നെക്‌സോൺ എസ്.യു.വിയിൽ ഗൈഡ്‌ലൈനുകളോട് കൂടിയ എച്ച്.ഡി റിയർ വ്യൂ കാമറ, പാർക്കിങ് സെൻസറുകൾ എന്നിവയുമുണ്ട്.

വിവിധ എഞ്ചിൻ ഓപ്ഷനുകളിൽ നെക്‌സോൺ പ്യൂർ പ്ലസ് പി.എസ് മോഡൽ ലഭ്യമാണ്. പെട്രോൾ മാനുവൽ ട്രാൻസ്മിഷന് 9.59 ലക്ഷം രൂപ എക്സ് ഷോറൂം വില വരുമ്പോൾ പെട്രോൾ ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ 10.14 ലക്ഷം (എക്സ് ഷോറൂം) രൂപയിൽ ലഭിക്കും. അതേസമയം, ഡീസൽ മാനുവൽ ട്രാൻസ്മിഷന് 10.54 ലക്ഷം രൂപയാണ് പ്രാരംഭ വില. ഡീസൽ ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ 11.19 ലക്ഷം പ്രാരംഭ വിലയിലും ലഭിക്കും. കൂടാതെ 10.39 ലക്ഷം രൂപ പ്രാരംഭ വിലയിൽ ആരംഭിക്കുന്ന ഐ സിഎൻജി (ട്വിൻ സിലിണ്ടർ) മാനുവൽ ട്രാൻസ്മിഷൻ മോഡലും നെക്‌സോണിൽ നൽകിയിട്ടുണ്ട്.

പെട്രോൾ, ഐസിഎൻജി പതിപ്പുകളിൽ 120 ബി.എച്ച്.പി പവർ നൽകുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. അതേസമയം, ഡീസൽ പതിപ്പിൽ 1.5-ലിറ്റർ, 4-സിലിണ്ടർ ടർബോചാർജ്ഡ് റെവോട്രോർഖ് എൻജിൻ സജ്ജീകരിച്ചിരിക്കുന്നു. ഈ എൻജിൻ മികച്ച ഇന്ധനക്ഷമത വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഗ്ലോബൽ എൻ.സി.എ.പി (Global NCAP), ഭാരത് എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ നിന്നും 5 സ്റ്റാർ സുരക്ഷാ റേറ്റിങ് നേടിയ ആദ്യ ഇന്ത്യൻ കാറുകളിൽ ഒന്നാണ് നെക്‌സോൺ. പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നിങ്ങനെ നാല് തരം പവർട്രെയിനുകളിലും നെക്സോൺ ലഭ്യമാണ്. നിലവിൽ 10 ലക്ഷത്തിലധികം നെക്സോണുകൾ ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചിട്ടുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

Show Full Article
TAGS:panoramic sunroof Tata Nexon Tata Motors Auto News 
News Summary - Panoramic sunroof under 10 lakhs! Tata Nexon's new variant arrives to capture the market
Next Story