Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകുഞ്ഞൻ കാറുകൾ...

കുഞ്ഞൻ കാറുകൾ കരുത്തുകാട്ടി; ആഗോള സമ്മർദ്ദങ്ങൾക്കിടയിലും കുതിച്ചുയർന്ന് ഇന്ത്യയിലെ കാർ വിൽപ്പന

text_fields
bookmark_border
Passenger vehicle
cancel

മുംബൈ: ആഗോളതലത്തിലെ സംഘർഷങ്ങൾക്കിടയിലും കുതിച്ചുയർന്ന് ഇന്ത്യയിലെ പാസഞ്ചർ വാഹന വിൽപ്പന. ഈ വർഷം ഏപ്രിലിൽ മാത്രം 4,50,000 കാറുകളാണ് വിറ്റത്. മുൻ വർഷം ഇതേ മാസത്തിൽ വിൽപ്പന വെറും 3,54,000 മാത്രമായിരുന്നു. ആഗോളവിപണികളെ പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നതിനിടെയാണ് ഇന്ത്യൻ കാർ വിപണിയിലെ ഈ മുന്നേറ്റം.

കഴിഞ്ഞവർഷം ചരക്ക് സേവന നികുതി നിരക്ക് കുറച്ചതിനെ തുടർന്നുണ്ടായ ഡിമാൻഡിന്റെ പിൻബലമാണ് വിൽപ്പന ഉയരാനുണ്ടായ കാരണമെന്നാണ് വിലയിരുത്തൽ. മാരുതി സുസുക്കിയാണ് നേട്ടം കൊയ്തവരിൽ മുൻനിരയിൽ. ഏപ്രിലിൽ മാത്രം ആഭ്യന്തര വിപണിയിൽ 1,87,704 കാറുകൾ വിറ്റു. മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 35 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ആൾട്ടോ, എസ് പ്രെസ്സോ എന്നിവയാണ് വിൽപ്പനക്ക് ആക്കംകൂട്ടിയത്.

ജി.എസ്.ടി കുറക്കൽ, ആദായ നികുതി ഇളവുകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക് കുറക്കൽ തുടങ്ങിയ ഘടകങ്ങൾ കാറുകളുടെ കാറുകളുടെ ഡിമാൻഡിന് കാരണമായതായി മാരുതി സുസുക്കി സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറഞ്ഞു. എസ്.യു.വി വിഭാഗത്തിലെ നേട്ടങ്ങളും ഗ്രാമീണ മേഖലയിലെ വളർച്ചയും ഡിമാൻഡ് വർധിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ചെറിയ കാറുകളുടെ (മിനി വിഭാഗം) 250 ശതമാനം വളർച്ച ഇരുചക്ര വാഹന ഉപഭോക്താക്കളുടെ നാലുചക്ര വാഹനങ്ങളിലേക്കുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ധനവിലയിലെ വർധനവ് പ്രതികൂലമായി ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആഭ്യന്തരവിപണിയിൽ എട്ടുശതമാനം വർധന രേഖപ്പെടുത്തി. 56,331 വാഹനങ്ങൾ ഈ വർഷം ഏപ്രിലിൽ വിറ്റു. 52,330 യൂണിറ്റുകളിൽ നിന്ന് 7.6 ശതമാനം വർധനയാണ് കമ്പനിക്കുണ്ടായത്. ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ഏപ്രിലിൽ 59,000 യൂണിറ്റുകളാണ് വിറ്റത്. 30.5 ശതമാനം വർധന രേഖപ്പെടുത്തി. മുൻ വർഷം ഇത് 45,199 യൂണിറ്റായിരുന്നു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ വിൽപന 17 ശതമാനം വർധിച്ച് 51,902 കാറുകളിലെത്തി. മുൻ വർഷം ഇത് 44,374 യൂണിറ്റായിരുന്നു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ 30,159 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. 21.4 ശതമാനം വർധനയാണ് ഉണ്ടായത്. കിയ ഇന്ത്യ 15.5 ശതമാനം വർധിച്ച് 27,286 യൂണിറ്റിലെത്തി. കഴിഞ്ഞ ഏപ്രിലിൽ 23,623 കാറുകളാണ് വിറ്റത്.

ഗ്രാമീണ മേഖലയിലെ വിപണിയുടെ പ്രധാന്യമാണ് പാസഞ്ചർ വാഹന വിപണിക്ക് കരുത്തേകുന്നതെന്ന് വിദഗ്ധർ പറയുന്നു. 52.3 ശതമാനമാണ് ഗ്രാമീണ മേഖലയിലെ കാറുകളുടെ വ്യാപനം. മുൻവർഷത്തേക്കാൾ 2.4 ശതമാനവും വർധന രേഖപ്പെടുത്തി.

Show Full Article
TAGS:passenger vehicle car sales 
News Summary - Passenger vehicle sales surge in India in April despite global uncertainty
Next Story