അറ്റകുറ്റപ്പണികൾക്ക് ഇനിമുതൽ അധിക ചെലവ് വരില്ല; 'ഇൻഡി' ഇലക്ട്രിക് സ്കൂട്ടറിന് കൂടുതൽ വാറന്റിയുമായി 'റിവർ'
text_fieldsറിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടർ
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ 'റിവർ' ബ്രാൻഡിന്റെ 'ഇൻഡി' സ്കൂട്ടറുകൾക്ക് കൂടുതൽ വാറന്റിയുമായി കമ്പനി. റിവറിന്റെ ഷോറൂമുകളിൽ നിന്നും ഇനി മുതൽ സ്കൂട്ടർ സ്വന്തമാക്കുന്നവർക്ക് 8 വർഷം/80,000 കിലോമീറ്റർ വാറന്റിയാണ് കമ്പനി നൽകുക. നേരത്തെ മറ്റൊരു ഇ.വി സ്കൂട്ടർ നിർമാതാക്കളായ ഒല അവരുടെ എസ്1 മോഡലിനും 8 വർഷത്തെ വാറന്റി നൽകിയിരുന്നു.
2025 ഒക്ടോബർ ഒന്ന് മുതൽ ഈ ആനുകൂല്യം ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്ന് റിവർ അറിയിച്ചു. നിലവിൽ ഇൻഡി സ്കൂട്ടറുകൾക്ക് അഞ്ച് വർഷത്തെ വാറന്റിയാണ് റിവർ നൽകുന്നത്. സ്കൂട്ടറുകൾ സ്വന്തമാക്കിയവർക്ക് ഈ വാറന്റി കാലാവധി നീട്ടാനുള്ള അവസരം കുറഞ്ഞ ചെലവിൽ റിവർ ഒരുക്കുന്നുണ്ട്. 3,399 + ജി.എസ്.ടി പണമടച്ച് ഒരു മാസത്തെ കാലയളവിൽ പുതിയ വാറന്റി സ്‌കീമിന്റെ ഭാഗമാകാൻ സാധിക്കും. അതേസമയം, 2025 ഏപ്രിൽ 1 ന് ശേഷം സ്കൂട്ടറുകൾ വാങ്ങിയ ഉപഭോക്താക്കൾക്ക് 8,399 രൂപ + ജി.എസ്.ടി എന്ന പുതിയ വാറന്റി പ്രോഗ്രാം തിരഞ്ഞെടുക്കാം.
പുതിയ വാറന്റി പ്ലാൻ
ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിൽ മികച്ച വാറന്റി സ്‌കീമുമായാണ് റിവർ ഉപഭോക്താക്കൾക്കിടയിലേക്കെത്തുന്നത്. റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടറിനുള്ള പുതിയ 8 വർഷത്തെ/80,000 കിലോമീറ്റർ എക്സ്റ്റൻഡഡ് വാറന്റിയിൽ ഏറ്റവും പ്രധാനപ്പെട്ടതും ചെലവേറിയതുമായ ഭാഗങ്ങൾക്ക് കവറേജ് നൽകുന്നു. പ്രധാനമായും ബാറ്ററിയും ഇലക്ട്രിക് മോട്ടോറുമാണ് ഈ വാറന്റിയിൽ ഉൾപ്പെടുന്നത്. ബാറ്ററിയുടെ ഹെൽത്ത് 70%ൽ താഴെയാവുകയാണെങ്കിലും ഈ സ്‌കീമിൽ ഉൾപ്പെടും. കൂടാതെ മോട്ടോറിന്റെ അറ്റകുറ്റപണിക്ക് ശേഷവും പ്രവർത്തനരഹിതമായാൽ അതും വാറന്റിയിൽ ഉൾപ്പെടും. ഇത് വാഹനത്തിന് അറ്റകുറ്റ പണികൾക്കുള്ള ചെലവ് കുറയ്ക്കും.
മൈസൂരു, വിശാഖപട്ടണം, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളുൾപ്പെടെ 15 നഗരങ്ങളിലായി 32 സ്റ്റോറുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 2026 ആകുമ്പോഴേക്കും ഷോറൂമുകളുടെ എണ്ണം വർധിപ്പിക്കാനാണ് റിവർ പദ്ധതിയിടുന്നത്.
റിവർ ഇൻഡി ഇ.വി സ്കൂട്ടറിന്റെ പ്രത്യേകതകൾ
ഇലക്ട്രിക് മാക്സി-സ്കൂട്ടറായി വിപണിയിൽ എത്തുന്ന ഇൻഡിക്ക് 4kWhന്റെ IP67 റേറ്റഡ് ലിഥിയം-അയോൺ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നു. ബാറ്ററി 80% ചാർജ് ചെയ്യാൻ നാല് മണിക്കൂർ മാത്രമാണെടുക്കുന്നത്. കൂടാതെ സ്റ്റാൻഡേർഡ് 5എ സോക്കറ്റ് ഉപയോഗിച്ച് 100% ചാർജ് ചെയ്യാൻ 5.5 മണിക്കൂർ എന്നതും ഇൻഡി സ്കൂട്ടറിന്റെ പ്രത്യേകതയാണ്.
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ സ്കൂട്ടറിന്റെ റേഞ്ച്, സ്പീഡ്, ബാറ്ററി ലെവൽ എന്നിവ കൃത്യമായി കാണിക്കും. അതോടൊപ്പം 43 ലിറ്ററിന്റെ വലിയൊരു ബൂട്ട് സ്പേസും ഇൻഡി സ്കൂട്ടറിന്റെ പ്രത്യേകതയാണ്. 1.44 ലക്ഷം രൂപ (എക്സ് ഷോറൂം) മുതലാണ് റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടറിന്റെ വില ആരംഭിക്കുന്നത്.