റോയൽ എൻഫീൽഡ് ബൈക്ക് ഇനി ഫ്ലിപ്കാർട്ട് വഴിയും വാങ്ങാം...
text_fieldsഓൺലൈനായി ബൈക്കുകൾ വിതരണം ചെയ്യുന്നതിന് ഇ കൊമേഴ്സ് പ്ലാറ്റ് ഫോമായ ഫ്ലിപ്കാർട്ടുമായി കൈകോർത്ത് ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന കമ്പനിയായ റോയൽ എൻഫീൽഡ്. കമ്പനിയുടെ 350 സിസി ബൈക്കുകൾ ആണ് ഇനി ഫ്ലിപ്കാർട്ട് വഴി വാങ്ങാനാവുക.
സെപ്റ്റംബർ 22 മുതലാണ് ഓൺലൈൻ പർച്ചേസിനുള്ള സൗകര്യം ലഭ്യമാകുന്നത്. ബംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത, ലക്നൗ, മുംബൈ എന്നീ 5 നഗരങ്ങളിൽ മാത്രമായിരിക്കും തുടക്കത്തിൽ ഈ സൗകര്യം ലഭ്യമാവുക.
ബുള്ളറ്റ് 350, ക്ലാസിക് 350, ദി ഗോവൻ ക്ലാസിക് 350, ദി ഹണ്ടർ 350, അടുത്തിടെ റീലോഞ്ച് ചെയ്ത മീറ്റിയോർ 350 എന്നീ 350 സിസി വേരിയന്‍റുകളാണ് കമ്പനി ഓഫർ ചെയ്യുന്നത്. ഓൺലൈൻ വഴി തങ്ങളുടെ വാഹനം പർച്ചേസ് ചെയ്യുന്നവർക്കും ജി.എസ്.ടി ഇളവ് പ്രകാരമുള്ള വിലക്കിഴിവുകൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
പുതിയ പരിഷ്കരണം അനുസരിച്ച് 350 സിസി എൻജിൻ കപ്പാസിറ്റിയുള്ള ഇരുചക്ര വാഹനങ്ങളെ 28 ശതമാനത്തിൽ നിന്ന് 18 ശതമാനം ജി.എസ്.ടിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുപ്രകാരം 20000 വരെ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചത്.
അതേ സമയം 350 സിസിക്കു മുകളിലുള്ള ഇരുചക്ര വാഹനങ്ങളുടെ ജി.എസ്.ടി 40 ശതമാനമായും വർധിപ്പിച്ചു. പുതിയതായി വന്ന ജി.എസ്.ടി ഇളവുകൾ 22 മുതൽ നിലവിൽ വരും. 350 സിസിക്കു മുകളിലുള്ള വാഹനങ്ങൾക്ക് 30000 രൂപ വരെ വില കൂടും.