എൻഫീൽഡിന്‍റെ ഗറില്ലാ യുദ്ധം
text_fieldsകാര്യംപറഞ്ഞാൽ ഇംഗ്ലണ്ടിന്‍റെയും ഇന്ത്യയുടെയും ജീനുകളുള്ള ആംഗ്ലോ ഇന്ത്യൻ കമ്പനിയാണ് റോയൽ എൻഫീൽഡ്. പക്ഷേ, ട്രയംഫും ഹാർലിയും നേരെ വന്നാൽ ചെറിയൊരു വിറ വരുമെന്ന് എതിരാളികൾ പറഞ്ഞുപരത്തുന്നുണ്ട്. ഇവരുമായി നേരിട്ടൊരു യുദ്ധത്തിനുള്ള പടക്കോപ്പുകൾ എൻഫീൽഡ് സംഭരിച്ചു വരുന്നതേയുള്ളൂ. അതുവരെ പിടിച്ചുനിൽക്കാൻ ഗറില്ലാ യുദ്ധമുറകളാണ് നല്ലത്. ഇൗ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സ്പെയിനിലെ ബാഴ്‌സലോണയിൽ നടന്ന ചടങ്ങിൽ റോയൽ എൻഫീൽഡ് തങ്ങളുടെ ഗറില്ല 450 പുറത്തിറക്കിയത്.
പേര് വന്യജീവിയുടേയാണെങ്കിലും ഇതിൽ ഘടിപ്പിച്ചിരിക്കുന്ന എൻജിൻ ഹിമാലയത്തിൽ നിന്നെടുത്ത ഷെർപ 450 ആണ്. ഇൗ സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ 8000 ആർപിഎമ്മിൽ 39.50 ബിഎച്ച്പി ശക്തിയും 5500 ആർപിഎമ്മിൽ 40 എൻഎം ടോർക്കും നൽകും. ആറുസ്പീഡ് ഗിയർബോക്ലാണുള്ളത്. എഞ്ചിൻ ഒന്നാണെങ്കിലും ഹിമാലയൻ 450യേക്കാൾ 11 കിലോ തൂക്കം കുറവാണ് ഗറില്ലക്ക്. സ്റ്റീൽ ട്വിൻ -ഡൗൺട്യൂബ്, ട്യൂബുലാർ ഫ്രെയിമിലാണ് നിർമ്മാണം. റിയർ സബ്-ഫ്രെയിം ഹിമാലയനിൽ നിന്ന് വ്യത്യസ്തമാണ്.
മുന്നിൽ 140 മില്ലീമീറ്റർ ട്രാവലുള്ള 43 മില്ലീമീറ്റർ ടെലിസ്കോപ്പിക് ഫോർക്കുകളും, പിന്നിൽ 150 മില്ലീമീറ്റർ വീൽ ട്രാവൽ അനുവദിക്കുന്ന പ്രീലോഡ് അഡ്ജസ്റ്റബിൾ മോണോഷോക്ക് സസ്പെൻഷൻ സിസ്റ്റവും പേരിനു യോജിക്കുന്ന രീതിയിലുള്ള ഓട്ടത്തിനു ഉപകരിക്കും. ഡ്യുവൽ -ചാനൽ എ.ബി.എസ് സഹായത്തോടെ പ്രവർത്തിക്കുന്ന ബ്രേക്കുകളിൽ മുൻവശത്ത് 310 മില്ലീമീറ്റർ ഡിസ്‌കും പുറകിൽ 270 മില്ലീമീറ്റർ ഡിസ്‌കും ഘടിപ്പിച്ചിട്ടുണ്ട്.
17 ഇഞ്ച് അലോയി വീലുകളാണ് മുന്നിലും പിന്നിലും. ഈ നേക്കഡ് ടൈപ് മോട്ടോർസൈക്കിളിന് റൗണ്ട് ഹെഡ്‌ലൈറ്റ്, ഹിമാലയൻ 450 ലുള്ളപോലെ വൃത്താകൃതിയിലുള്ള ഇൻസ്ട്രുമെന്‍റ് കൺസോൾ, കണ്ണീർ തുള്ളിയുടെ ആകൃതിയിലുള്ള 11 ലിറ്റർ ശേഷിയുള്ള പെട്രോൾ ടാങ്ക്, നീളമുള്ള സിംഗിൾ സീറ്റ്, റിയർ ഫെൻഡറിൽ തൂങ്ങിക്കിടക്കുന്ന ചെറിയ എൽ.ഇ.ഡി ടെയിൽലൈറ്റ് എന്നിവയൊക്കെ മറ്റു പ്രത്യേകതയായി പറയാം. 2.39 ലക്ഷം രൂപ വില വരുന്ന അനലോഗ്, 2.49 ലക്ഷം വിലക്ക് എത്തുന്ന ഡാഷ്, 2.54 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുമായി എത്തുന്ന ഫ്ലാഷ് എന്നിങ്ങനെ മൂന്നുതരം ഗറില്ലകളുണ്ട്.