മിലാനിൽ തിളങ്ങി റോയൽ എൻഫീൽഡ്; റെട്രോ ലുക്കിൽ 'ബുള്ളറ്റ് 650' പുറത്തിറക്കി
text_fieldsപുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 650
ഇറ്റലിയിലെ മിലാനിൽ വെച്ചുനടക്കുന്ന അന്താരാഷ്ട്ര മോട്ടോർസൈക്കിൾ ആക്‌സസറീസ് എക്‌സിബിഷനിൽ ശ്രദ്ധേയമായി റോയൽ എൻഫീൽഡ് 650 ബുള്ളറ്റ്. 350 സി.സി ബുള്ളറ്റിനോട് സാമ്യതയുള്ള മോഡലായാണ് 650 ബുള്ളറ്റിനെ റോയൽ എൻഫീൽഡ് അവതരിപ്പിച്ചത്. ബുള്ളറ്റ് 650 അതിന്റെ അടിസ്ഥാന ഘടകങ്ങളും ചേസിസും ക്ലാസിക് 650യുമായി താരതമ്യം ചെയ്യാവുന്നതാണ്. വീൽബേസ്, കെർബ് ഭാരം, സീറ്റിന്റെ ഉയരം, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ക്ലാസിക് 650 മോഡലിനെ അതേപടി നിലനിർത്തുന്നുണ്ട്. ക്രോം ഹെഡ് ലൈറ്റ് ഹൂഡിൽ എൽ.ഇ.ഡി ഹെഡ് ലൈറ്റ്, കൈകൊണ്ട് വരച്ച ഇന്ധന ടാങ്ക് പിൻസ്ട്രിപ്പുകൾ, മെറ്റൽ ടാങ്ക് ബാഡ്ജിങ് എന്നിവ ബുള്ളറ്റ് 650ക്ക് റോയൽ എൻഫീൽഡ് നൽകിയിട്ടുണ്ട്.
ക്ലാസിക് 650 യിൽ നിന്നും പ്രചോദനം ഉൾകൊണ്ട് അനലോഗ് സ്പീഡോമീറ്ററിൽ ഡിജി-അനലോഗ് ഇൻസ്ട്രുമെന്റ് കൺസോൾ, ഇന്ധന ഗേജിനും ഓഡോമീറ്ററിനുമുള്ള ചെറിയ ഡിജിറ്റൽ ഡിസ്പ്ലേ എന്നിവ ബുള്ളറ്റ് 650 ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പോളിഷ് ചെയ്ത അലുമിനിയം സ്വിച്ച് ഗിയറും ഇതിൽ ഉൾപ്പെടുന്നു.
648 സി.സി പാരലൽ-ട്വിൻ എൻജിനാണ് ബുള്ളറ്റ് 650ന്റെ കരുത്ത്. ഈ എൻജിൻ മാക്സിമം 47 ബി.എച്ച്.പി കരുത്തും 52.3 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. മുൻവശത്ത് 120 എം.എം ട്രാവൽ ഷോവ ടെലിസ്‌കോപ്പിക് ഫോർക്കും പിറകുവശത്തായി 112 എം.എം ഇരട്ട ഷോക്കുള്ള സസ്‌പെൻഷനും റോയൽ എൻഫീൽഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
രണ്ട് കളർ ഓപ്ഷനിലാണ് ബുള്ളറ്റ് 650നെ എൻഫീൽഡ് അവതരിപ്പിക്കുന്നത്. പരമ്പരാഗത നിറത്തിലെത്തുന്ന കറുപ്പ് നിറത്തെ കൂടാതെ നീല നിറത്തിലും ഈ മോഡൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഇരുചക്രവാഹനം ഇന്ത്യയിൽ അവതരിപ്പിക്കുന്ന തിയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നവംബർ 21ന് നടക്കുന്ന 'മോട്ടോവേഴ്‌സ് 2025' ൽ റോയൽ എൻഫീൽഡ് ഈ മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.


