വിൽപ്പന വർധിച്ചു! വിലയും കൂടി; എം.ജി വിൻഡ്സർ ഇ.വി സ്വന്തമാക്കാൻ ചെലവ് കൂടും
text_fieldsമുംബൈ: ജെ.എസ്‍.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ വിൻഡ്സർ ഇ.വി സ്വന്തമാക്കാൻ ഇനി ചെലവേറും. 2024 സെപ്റ്റംബറിലാണ് ഇന്ത്യൻ വിപണിയിൽ എം.ജി മോട്ടോർസ് വിൻഡ്സർ ഇ.വി അവതരിപ്പിക്കുന്നത്. വാഹനം വലിയതോതിൽ വിൽപ്പന വർധിപ്പിച്ചതോടെ വകഭേദങ്ങളിൽ വില വർധിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഇനിമുതൽ വാഹനം സ്വന്തമാക്കാൻ ഉപഭോക്താക്കൾ 21,200 രൂപ അധികം നൽകണം.
ഏറ്റവും ടോപ് വേരിയന്റായ വിൻഡ്സർ എസ്സൻസ് പ്രൊ മോഡലിനാണ് വില വർധിപ്പിക്കുന്നതെന്ന് കമ്പനി പറഞ്ഞു. പുതിയ വില പ്രകാരം ഇനിമുതൽ 18.31 ലക്ഷം എക്സ് ഷോറൂം വിലക്കാകും വാഹനം ലഭ്യമാകുക. 52.9 kWh ബാറ്ററി പക്കാണ് പ്രൊ വകഭേദത്തിന്റെ കരുത്ത്. ഇത് ഒറ്റ ചാർജിൽ 449 കിലോമീറ്റർ സഞ്ചരിക്കുമെന്ന് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ വിൻഡ്സർ മോഡലിൽ സ്റ്റാൻഡേർഡായി 38 kWh ബാറ്ററി പാക്ക് എം.ജി നൽകുന്നുണ്ട്. ഇത് 332 കിലോമീറ്റർ വരെ സഞ്ചരിക്കാൻ വാഹനത്തെ പ്രാപ്തമാക്കും.
എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസ്സൻസ്, എക്സ്ക്ലൂസീവ് പ്രൊ, എസ്സൻസ് പ്രൊ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളാണ് എം.ജി വിൻഡ്സർ പ്രൊ മോഡലിനുള്ളത്. ഈ അഞ്ച് മോഡലുകൾക്കും ബാറ്ററി-ആസ്-എ-സർവീസ് (ബി.എ.എ.എസ്) സ്‌കീമും ലഭ്യമാണ്.
135 ഡിഗ്രി വരെ ചാരിയിരിക്കാവുന്ന എയ്‌റോ ലോഞ്ച് സീറ്റുകൾ, 5.6 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്‌പ്ലേ, ഒമ്പത് സ്പീക്കറുകൾ, 80ലധികം കണക്റ്റഡ് സവിശേഷതകളുള്ള ഐ-സ്മാർട്ട്, 100ലധികം എ.ഐ-അധിഷ്ഠിത വോയ്‌സ് കമാൻഡുകൾ തുടങ്ങിയവയാണ് പ്രൊ മോഡലിലെ സവിശേഷതകൾ. വി.2.വി (വെഹിക്കിൾ-ടു-വെഹിക്കിൾ), വി.2.എൽ (വെഹിക്കിൾ-ടു-ലോഡ്) എന്നീ ഫീച്ചറുകളും പ്രൊ മോഡലിനുണ്ട്. കൂടാതെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എ.ഡി.എ.എസ്) ലെവൽ 2 വാഹനത്തിന്റെ സുരക്ഷ വർധിപ്പിക്കും. 24 മണിക്കൂറിനുള്ളിൽ 8,000ത്തിലധികം ബുക്കിങ് നേടി വിൻഡ്സർ ഇ.വി പ്രൊ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്.