റോഡിലോടുമ്പോൾ കുറച്ച് മര്യാദയൊക്കെയാവാം
text_fieldsപുച്ഛം, അൾട്ടിമേറ്റ്
ട്രാഫിക് സിഗ്നൽ പെെട്ടന്ന് പച്ച തെളിയുന്നു. മുന്നിൽ കിടക്കുന്ന വാഹനം ഒരു സെക്കൻഡ് വൈകിയാൽ പുറകിൽനിന്ന് നിർത്താതെ ഹോണടി മേളമാണ് പിന്നെ. മുന്നിലെ വാഹനത്തിന്റെ ഡ്രൈവർ അൽപം പരിചയക്കുറവുള്ളയാളോ അടുത്തിടെ ഓടിക്കാൻ പഠിച്ചയാളോ ആകാം. അല്ലെങ്കിൽ വാഹനത്തിന് എന്തെങ്കിലും സ്റ്റാർട്ടിങ് ട്രബിളോ അതുമല്ലെങ്കിൽ കടുത്തചൂടിൽ എന്തെങ്കിലും ശാരീരിക പ്രയാസം അനുഭവപ്പെട്ടതിനാൽ വാഹനം മുന്നോട്ടെടുക്കാൻ ൈഡ്രവർക്ക് കഴിയാതെ വന്നതോ ആയേക്കാം. പുറകിലുള്ള വാഹനങ്ങളെപ്പോലെ അയാൾക്കും കടന്നുപോകാൻ സൗകര്യം ചെയ്യുക, വാഹനം അവിടെ പാർക്ക് ചെയ്ത് അയാൾ വിശ്രമിക്കാനൊന്നും പോണില്ല, ഏത് ട്രാഫിക് സിഗ്നലിൽ കിടക്കുന്ന വാഹന ഡ്രൈവർമാർക്കും ആഗ്രഹം എത്രയും വേഗം ഗ്രീൻ സിഗ്നൽ കിട്ടി രക്ഷപ്പെടണമെന്നു തന്നെയാണ്. ഏറ്റവും എളുപ്പമുള്ള വഴി ഹോൺ അടിച്ചുകൊണ്ടേയിരിക്കുക എന്ന കലാപരിപാടി ആയതിനാൽ അത് തുടരുന്നു എന്നുമാത്രം.
ഒരു മര്യാദയൊക്കെ വേണ്ടേ?
ട്രാഫിക്ക് സിഗ്നലിൽ പച്ചനിറം മാറി മഞ്ഞ തെളിഞ്ഞു, മിന്നായംപോലെ ഒരു സൂപ്പർ ബൈക്ക്. മറുഭാഗത്ത് പച്ച തെളിഞ്ഞതിനാൽ ആത്മവിശ്വാസത്തോടെ കയറിവരുന്ന മറ്റൊരു പാവം ടൂവീലർ. തൊട്ടടുത്ത നിമിഷം സംഭവിച്ചത് ഇവിടെ എഴുതുന്നില്ല. ഏതാനും മിനിറ്റ് ലാഭിക്കാൻ ക്ഷമയില്ലാതെ നിയമം കാറ്റിൽ പറത്തി പറന്നുപോയവനും വീണു, ഒരു തെറ്റും ചെയ്യാതെ നിയമം പാലിച്ച് ഓടിച്ചുവന്നയാളും വീണു എന്നതാണ് സത്യം. ഇതൊന്നും ഒരു ലേണേഴ്സ് ടെസ്റ്റിലും പ്രാക്ടിക്കൽ റോഡ് ടെസ്റ്റിലും പഠിക്കാൻ പറ്റില്ല.
ഓടുമ്പോൾ വേണ്ട, പ്ലീസ്...
പുത്തൻ വാഹനങ്ങളിലെല്ലാം വൈപ്പറിൽ വാഷർ സംവിധാനമുണ്ടാകും. വിൻഡ് സ്ക്രീൻ മങ്ങുകയോ പൊടിപടലമടിഞ്ഞ് കാഴ്ചയെ മറയ്ക്കുകയോ ചെയ്യുമ്പോൾ പുറത്തിറങ്ങാതെ ഓടിക്കൊണ്ടിരിക്കവേ തന്നെ അകത്തിരുന്ന് ഒറ്റ ഞെക്കാണ്. പുറകിൽ വരുന്ന ഇരുചക്ര വാഹന യാത്രികന്റെ മുഖത്തേക്കാണ് നിങ്ങൾ സ്പ്രേ ചെയ്തു വിടുന്ന വെള്ളത്തുള്ളികൾ എത്തുന്നത് എന്ന് ഒരു പക്ഷേ നിങ്ങൾ അറിഞ്ഞിട്ടുണ്ടാകില്ല. ഓടിക്കൊണ്ടിരിക്കവേ തന്നെ സ്പ്രേ ചെയ്യാം, പുറകിൽ വാഹനമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം, അല്ലെങ്കിൽ വാഹനം ലെഫ്റ്റ് ഇൻഡിക്കേറ്ററിട്ട് ഒതുക്കി നിർത്തിയശേഷം മാത്രം. അതേപോലെ തന്നെയാണ് ചിലർ ഓടുന്ന വാഹനത്തിലിരുന്ന് ചുറ്റും നോക്കാതെയും പുറകിൽ വാഹനം വരുന്നുണ്ടോ എന്ന് നോക്കാതെയും ഒരൊറ്റ തുപ്പാണ്. ചിലർ മുറുക്കാനൊക്കെ കൂട്ടി ചവച്ചു തുപ്പി കാണിക്കുന്ന പോക്രിത്തരത്തിന് ശിക്ഷകൊടുക്കാൻ എന്തെങ്കിലും വകുപ്പുണ്ടോ ആവോ?
.