ടൊയോട്ട ഫോർച്യൂണറിനെ വെല്ലുവിളിക്കാൻ സ്‌കോഡയുടെ പുത്തൻ കോഡിയാക്; വില 46.89 ലക്ഷം
text_fieldsജാപ്പനീസ് ഭീമന്മാരായ ടൊയോട്ടക്ക് ഒത്ത എതിരാളിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ചെക്ക് വാഹന നിർമ്മാണ കമ്പനിയായ സ്കോഡ. സ്കോഡ ഇന്ത്യയുടെ ഏറ്റവും പുതിയ മോഡലായ കോഡിയാക് ആണ് ഫോർച്യൂണറിന് എതിരാളിയായി വരുന്നത്. 4x4 സെഗ്‌മെന്റിലെ ഈ വാഹനത്തിന് 46.89 ലക്ഷം രൂപയാണ് പ്രാരംഭ വില. മുമ്പത്തേക്കാൾ കൂടുതൽ ന്യൂതനവും, സ്റ്റൈലിഷും, പ്രീമിയവുമാണ് പുതിയ എസ്.യു.വി.
വാഹനം രണ്ട് വകഭേദങ്ങളിലാണ് ലഭ്യമാകുക. സ്‌പോർട്ലൈൻ വേരിയന്റിന്റെ എക്സ് ഷോറൂം വില 46.89 ലക്ഷം രൂപയും എൽ ആൻഡ് കെ വേരിയന്റിന്റെ എക്സ് ഷോറൂം വില 48.69 ലക്ഷം രൂപയുമാണ്.
പഴയ തലമുറയെ അപേക്ഷിച്ച് ഏറെ പ്രത്യേകതകളുമായാണ് പുതിയ കോഡിയാക് എത്തുന്നത്. പ്രധാനമായും വാഹനത്തിന്റെ നീളം 61 എം.എം വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ കാബിനിൽ മുമ്പത്തേക്കാൾ കൂടുതൽ സ്ഥലമുണ്ട്. ഇതിന്റെ ഗുണം ലഭിക്കുക രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിൽ ഇരിക്കുന്ന യാത്രക്കാർക്കായിരിക്കും. കൂടാതെ സി ആകൃതിയിലുള്ള എൽ.ഇ.ഡി ടെയിൽ ലൈറ്റുകൾ, റൂഫ് റെയിലുകൾ, ഇല്യൂമിനേറ്റഡ് ഗ്രിൽ, പുതിയ 18 ഇഞ്ച് അലോയ് വീലും വാഹനത്തിന്റെ പ്രത്യേകതയാണ്.
12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കോഡിയാകിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 10 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, 360 ഡിഗ്രി കാമറ, മുൻ സീറ്റുകളിൽ ഹീറ്റിങ്, വെന്റിലേഷൻ, മെമ്മറി, മിറർ ഫങ്‌ഷൻ തുടങ്ങിയ നിരവധി പ്രീമിയം സവിശേഷതകൾ ടോപ്പ് വേരിയന്റുകളിൽ ലഭ്യമാണ്.
സ്കോഡ കോഡിയാക് എസ്.യു.വിക്ക് 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ - പെട്രോൾ എൻജിൻ ലഭിക്കുന്നു. ഇത് 201 ബി.എച്ച്.പി കരുത്തും 320 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. എൻജിൻ 7-സ്പീഡ് ഡി,എസ്.ജി ഗിയർബോക്സും 4x4 ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതുമൂലം നഗര പ്രദേശത്തും പരുക്കൻ റോഡുകളിലും മികച്ച പ്രകടനം നടത്താൻ വാഹനത്തിന് സാധിക്കും. വാഹനം അവതരിപ്പിച്ചതോടൊപ്പം തന്നെ കമ്പനി പുതിയ കോഡിയാകിന്റെ പ്രീ ബുക്കിങും ആരംഭിച്ചിട്ടുണ്ട്.