കാർ വിപണി തൂക്കാൻ മാരുതി സുസുക്കി; പുതിയ 1.5-ലിറ്റർ ടർബോ എൻജിനുകൾ ഉടൻ
text_fieldsമാരുതി സുസുക്കി 1.5 ലിറ്റർ ടർബോ എൻജിൻ മാതൃക
കാർ വിപണിയിൽ കൂടുതൽ മേധാവിത്വം ഉറപ്പിക്കാൻ മാരുതി സുസുകി. ആന്തരിക ജ്വലന എഞ്ചിൻ (ഐ.സി.ഇ) അടിസ്ഥാനമാക്കി പുതു തലമുറയിൽ പുതിയ 1.5-ലിറ്റർ ടർബോ ചാർജ്ഡ് എൻജിനുകൾ പുറത്തിറക്കാനൊരുങ്ങി മാരുതി. 2025 സെപ്റ്റംബർ 9ന് നടന്ന കമ്പനിയുടെ ടെക്‌നോളജി സ്ട്രാറ്റജി മീറ്റിങ്ങിലാണ് ഈ പ്രഖ്യാപനം നടത്തിയത്.
സുസുക്കി അവതരിപ്പിച്ച ദീർഘകാല പദ്ധതിയിൽ എഞ്ചിൻ തന്ത്രമാണ് പ്രധാന ആശയം. 2025ൽ 1.5 ലിറ്റർ വരെ ബയോ-ഇഥനോൾ അനുയോജ്യമായ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുകൾക്കാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ 85% വരെ എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ ശേഷിയുള്ള ഫ്‌ളക്സ്-ഇന്ധന വാഹനങ്ങൾ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യയിൽ പുറത്തിറക്കുമെന്നും മാരുതി പറഞ്ഞു. 2030-ഓടെ 1.5 ലിറ്റർ വരെയുള്ള ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ എഞ്ചിനുകളുടെ ഉൽപ്പാദനം വിപുലപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.
ടർബോചാർജിങ്ങിന് പുറമേ, ഹൈബ്രിഡ് വാഹനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഡെഡിക്കേറ്റഡ് ഹൈബ്രിഡ് എഞ്ചിനുകൾ സുസുക്കി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ ഒന്നിലധികം രീതിയിൽ ഇലക്ട്രികുമായി ജോടിയാക്കപ്പെടും. കമ്പനിയുടെ സൂപ്പർ എനെ-ചാർജ് 48V ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടെയുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കിയാക്കിയിട്ടുണ്ട്. 2030-ഓടെ വലിയ വാഹന സെഗ്‌മെന്റുകളിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് സിസ്റ്റങ്ങൾ പ്രതീക്ഷിക്കുന്ന ഒരു സീരീസ് ഹൈബ്രിഡ് മോഡലുകൾ എത്തുമെന്നും മാരുതി പറഞ്ഞു.
മാരുതിയുടെ ആദ്യ ലീൻ-ബാറ്ററി ഇലക്ട്രിക് വാഹനമായ ഇ-വിറ്റാര ഈ വർഷത്തോടെ വിദേശ വിപണിയിൽ പുറത്തിറക്കും. ഇതോടൊപ്പം ടൊയോട്ട മോട്ടോർ കോർപറേഷനുമായി ജോഡി ചേർന്ന് കൂടുതൽ ഹൈബ്രിഡ് വാഹങ്ങളും വിപണിയിൽ എത്തിക്കും. മാരുതി ഫ്രോങ്‌സിൽ 1.0 ലിറ്റർ ബൂസ്റ്റർ ജെറ്റ് ടർബോ എൻജിനും സ്വിഫ്റ്റ് സ്പോർട്സിൽ 1.4 ലിറ്റർ ബൂസ്റ്റർ ജെറ്റ് ടർബോ ചാർജ്ഡ് എഞ്ചിനുമാണ് മാരുതിയുടെ വാഹനങ്ങളിലുള്ള ടർബോ എൻജിനുകൾ. ഇതിൽ സുസുകി ഫ്രോങ്സ് 99 ബി.എച്ച്.പി കരുത്തും 147 എൻ.എം മാക്സിമം ടോർക്കും ഉത്പാദിപ്പിക്കും. ഫ്രോങ്‌സിന്റെ ടർബോ എൻജിനിൽ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക് കോൺവെർട്ടർ ട്രാൻസ്മിഷൻ മോഡുകളാണ് ലഭിക്കുന്നത്. 1.5-ലിറ്റർ ടർബോ എഞ്ചിനുമായി വിപണിയിലെത്തുന്ന ഹ്യുണ്ടായ് ക്രെറ്റ, ഹ്യുണ്ടായ് വെർന, കിയ സെൽത്തൊസ്, കിയ കാരൻസ് എന്നീ മോഡലുകളാകും മാരുതിയുടെ പ്രധാന എതിരാളികൾ.