സുസുക്കിയുടെ ഇരുചക്ര വാഹനങ്ങൾ ഇനി ഫ്ലിപ്കാർട്ടിൽ ബുക്ക് ചെയ്യാം
text_fieldsസുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ, ഫ്ലിപ്കാർട്ടുമായി സഹകരിച്ച് തങ്ങളുടെ ഇരുചക്ര വാഹനങ്ങൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ ബുക്കിങ് സൗകര്യം ഒരുക്കുന്നു. നിലവിൽ എട്ട് സംസ്ഥാനങ്ങളിലായി ആറ് മോഡലുകൾക്ക് ഈ സേവനം ലഭ്യമാകും.
കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, മേഘാലയ, മിസോറാം എന്നിവിടങ്ങളിൽ നിന്നും ഈ സേവനം പ്രയോജനപ്പെടുത്താം. സുസുക്കി മോട്ടോർസൈക്കിളിന്റെ മോഡലുകളായ അവെനിസ് സ്കൂട്ടറും ജിക്സർ, ജിക്സർ എസ്.എഫ്, ജിക്സർ 250, ജിക്സർ എസ്.എഫ് 250, വി-സ്‌ട്രോം എസ്.എക്സ് തുടങ്ങിയ മോട്ടോർസൈക്കിളുകളും ഫ്ലിപ്കാർട്ട് വഴി ബുക്ക് ചെയ്യാം.
ഭാവിയിൽ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാൻ സുസുക്കി പദ്ധതിയിടുന്നുണ്ട്. കമ്പനിയുടെ ഡിജിറ്റലായിട്ടുള്ള ചുവടുവെപ്പ് ശക്തിപ്പെടുത്തുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് സുസുക്കി പറഞ്ഞു.
ഫ്ലിപ്കാർട്ട് വഴി ബുക്കിങ് നടത്തുന്നവർക്ക് ഒരു വേരിയന്റ് തെരഞ്ഞെടുത്ത് ഓർഡർ ചെയ്യാം. ഇങ്ങനെ ഓർഡർ ചെയ്താൽ അംഗീകൃത ഡീലർഷിപ്പ് വഴി ഡോക്യൂമെന്റേഷൻ പ്രക്രിയ പൂർത്തീകരിക്കാം. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ സുസുക്കി ഇരുചക്രവാഹനത്തിന്റെ ഡെലിവറി നടത്തും. സുസുക്കിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറായ ആക്സസ് 125 ഇതുവരെ ഫ്ലിപ്കാർട്ടിൽ ലഭ്യമാക്കിയിട്ടില്ല.
2006 ഫെബ്രുവരിയിലാണ് സുസുക്കി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഗുരുഗ്രാമിലെ ഖേർക്കി ദൗളയിലുള്ള നിർമ്മാണ പ്ലാന്റിൽ നിന്നും പ്രതിവർഷം 13,00,000 യൂനിറ്റുകൾ ഉത്പാദിപ്പിക്കാറുണ്ട് സുസുക്കി