ക്രാഷ് ടെസ്റ്റ് വിജയകരമായി പൂർത്തീകരിച്ച് ടാറ്റ അൾട്രോസ്; നിരത്തുകളിൽ ഇനിമുതൽ കൂടുതൽ സുരക്ഷ
text_fieldsടാറ്റ അൾട്രോസ്
ഇന്ത്യൻ കാർ നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ പ്രീമിയം ഹാച്ച്ബാക് മോഡലായ അൾട്രോസ് ഇനിമുതൽ കൂടുതൽ സുരക്ഷിതം. ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (ബി.എൻ.സി.എ.പി) ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷ നേട്ടം കൈവരിക്കുന്ന ടാറ്റയുടെ മറ്റൊരു വാഹനമായി അൾട്രോസ് മാറിക്കഴിഞ്ഞു.
മുതിർന്നവരുടെ സുരക്ഷയിൽ 32 പോയിന്റിൽ 29.65 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49 പോയിന്റിൽ 44.90 പോയിന്റും കരസ്ഥമാക്കിയാണ് ടാറ്റ അൾട്രോസ് അഞ്ച് സ്റ്റാർ സുരക്ഷ നേട്ടത്തിലേക്കെത്തിയത്. മുതിർന്നവരുടെ സുരക്ഷയിൽ മുൻവശത്ത് ഡ്രൈവർക്കും സഹയാത്രികനും ഒരുപോലെ സുരക്ഷ നൽകി 16 പോയിന്റിൽ 15.55 പോയിന്റും ഈ ഹാച്ച്ബാക്ക് നേടി. കുട്ടികളുടെ സുരക്ഷയിൽ ഡൈനാമിക് സ്കോറായ 24 പോയിന്റിൽ 23.90 പോയിന്റും കരസ്ഥമാക്കിയതോടൊപ്പം സി.ആർ.എസ് ഇൻസ്റ്റാളേഷൻ കോംപാറ്റിബിലിറ്റിയിൽ 12ൽ 12 പോയിന്റും നേടി.
സി.എൻ.ജി മാനുവൽ ഡ്രൈവ്, സി.ആർ.ടി.വി എസ് സി.എൻ.ജി മാനുവൽ ഡ്രൈവ്, എ.സി.സി.ഒ.എം.പി എസ് ഡി.എം.പി വേരിയന്റുകളാണ് ക്രാഷ് ടെസ്റ്റിൽ പങ്കെടുത്തത്. കൂടാതെ സുരക്ഷ വർധിപ്പിക്കാൻ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ഇ.എസ്.സി), പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർ (എസ്.ബി.ആർ) എന്നിവയും ടാറ്റ അൾട്രോസിൽ സജ്ജീകരിച്ചിട്ടുണ്ട്.
ടാറ്റ അൾട്രോസ് വ്യത്യസ്ത പവർട്രെയിനുകളുമായാണ് വിപണിയിൽ എത്തുന്നത്. ഒന്നാമതായി 1.2-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ. ഇത് 88 ബി.എച്ച്.പി കരുത്തും 115 എൻ.എം മാക്സിമം ടോർക്കും ഉത്പാതിപ്പിക്കും. 1.5-ലിറ്റർ ഡീസൽ എൻജിനാണ് മറ്റൊരെണ്ണം. ഇത് 90 ബി.എച്ച്.പി കരുത്തിൽ 200 എൻ.എം ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്. 0 മുതൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ 12.8 സെക്കൻഡുകൾ മതി അൾട്രോസിന്. 1.2-ലിറ്റർ സി.എൻ.ജി ട്വിൻ സിലിണ്ടർ എൻജിനാണ് മൂന്നാമത്തേത്. ഇത് 73.5 ബി.എച്ച്.പി കരുത്തും 103 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിച്ച് കൂടുതൽ വേഗത കൈവരിക്കാൻ സഹായിക്കുന്നു.
5 സ്പീഡ് മാനുവൽ, 5 സ്പീഡ് ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ (എ.എം.ടി), 6 സ്പീഡ് ഡ്യൂവൽ-ക്ലച്ച് ഓട്ടോമാറ്റിക് (ഡി.സി.എ) എന്നീ മൂന്ന് ഗിയർബോക്സ് ഓപ്ഷനുകളാണ് ടാറ്റ അൾട്രോസിനുള്ളത്.