ഒക്ടോബറിലും ടാറ്റയുടെ ആധിപത്യം; തൊട്ടുപിന്നിൽ മഹീന്ദ്രയും ഹ്യുണ്ടായിയും
text_fieldsടാറ്റ മോട്ടോർസ് പാസഞ്ചർ വാഹനനിര
രാജ്യത്തെ വാഹന വിപണിയിൽ ഒക്ടോബറിലും തിളക്കമാർന്ന നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോർസ് പാസഞ്ചർ ലിമിറ്റഡ് (ടി.എം.പി.വി). ഇന്ത്യയിലെ മറ്റ് നിർമാണ കമ്പനികളെയും വിതരണക്കാരെയും പിന്തള്ളിയാണ് ടാറ്റ ഈ നേട്ടം കൈവരിച്ചത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (എഫ്.എ.ഡി.എ) റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ടാറ്റക്ക് ഒന്നാംസ്ഥാനം ലഭിച്ചത്.
ഒക്ടോബർ മാസത്തിൽ 74,705 യൂനിറ്റ് പാസഞ്ചർ വാഹനങ്ങൾ വിൽപ്പന നടത്തിയാണ് ടാറ്റ റെക്കോഡ് നേട്ടത്തിൽ എത്തിയത്. തൊട്ടുപിന്നിൽ 66,800 യൂനിറ്റുകളുടെ വിൽപ്പനയുടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര രണ്ടാംസ്ഥാനത്തും 65,045 യൂനിറ്റ് വാഹനങ്ങൾ വിപണിയിൽ എത്തിച്ച് ഹ്യുണ്ടായ് മോട്ടോർസ് ഇന്ത്യ മൂന്നാംസ്ഥാനവും നിലനിർത്തി. ടാറ്റയുടെ ഈ നേട്ടം കഴിഞ്ഞ രണ്ട് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. സെപ്‌റ്റംബർ മാസത്തിൽ 41,151 യൂനിറ്റ് വാഹനങ്ങളും ആഗസ്റ്റ് മാസത്തിൽ 38,286 യൂനിറ്റ് വാഹനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ടാറ്റക്ക് സാധിച്ചിട്ടുണ്ട്.
നെക്‌സോൺ, സഫാരി, ഹാരിയർ, ടിയാഗോ, പഞ്ച്, ടൈഗർ, അൾട്രോസ് എന്നീ മോഡലുകളുടെ മികച്ച വിൽപ്പനയാണ് തുടർച്ചയായ രണ്ടാം മാസവും ടാറ്റയെ ഒന്നാസ്ഥാനത്ത് നിലനിർത്തിയത്. കൂടാതെ ദീപാവലിയും ജി.എസ്.ടി ഏകീകരണവും ടാറ്റയുടെ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന ഉയർത്താൻ സാധിച്ചിട്ടുണ്ട്.
തുടർച്ചയായി ഇന്ത്യൻ വിപണിയിൽ ആധിപത്യം പുലർത്തിയിരുന്ന ടാറ്റക്ക് ഇടക്കുവെച്ച് ആ നേട്ടം നഷ്ടപ്പെട്ടിരുന്നു. പിന്നീട് നെക്‌സോൺ എസ്.യു.വിയിലൂടെ വാഹന വിപണി തിരിച്ചു പിടിച്ച ടാറ്റ നവംബർ 25ന് അവരുടെ ലെജൻഡറി വാഹനമായ സിയാറയെ വീണ്ടും നിരത്തുകളിൽ എത്തിക്കുകയാണ്. ആദ്യകാലങ്ങളിൽ തരംഗം സൃഷ്ട്ടിച്ച എസ്.യു.വിയുടെ നിർമാണം ടാറ്റ അവസാനിപ്പിച്ചിരുന്നു. എന്നിരുന്നാലും പുതിയ ഡിസൈനിലും കൂടുതൽ ഫീച്ചറുകളോടെ എത്തുന്ന സിയാറക്ക് പെട്രോൾ, ഡീസൽ, ഇലക്ട്രിക്ക് വകഭേദങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.


