ഇലക്ട്രിക് വാഹന വിൽപ്പനയിൽ ടാറ്റ തന്നെ മുന്നിൽ; വെല്ലുവിളികളിലും കരുത്താർജിച്ച് നെക്‌സോൺ ഇ.വി
text_fieldsരാജ്യത്തെ ഏറ്റവും മികച്ച പാസഞ്ചർ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോർസ് ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ നാഴികക്കല്ലുകൾ പിന്നിടുകയാണ്. ഇത് ടാറ്റയെ ഇലക്ട്രിക് വാഹന മേഖലയിൽ തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിക്കുന്നു. 2020ൽ നെക്‌സോൺ ഇ.വി പുറത്തിറക്കിയത് മുതലുള്ള അഞ്ച് വർഷം കൊണ്ട് 2.5 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ കമ്പനി വിറ്റഴിച്ചതായാണ് കണക്കുകൾ പറയുന്നത്. അതിൽ ഒരു ലക്ഷത്തിലധികം നെക്‌സോൺ ഇ.വികൾ എന്നതും വളരെ ശ്രദ്ധേയമാണ്.
നെക്‌സോൺ ഇവി: ഇന്ത്യയുടെ പ്രിയപ്പെട്ട ഇലക്ട്രിക് കാർ
ഇന്ത്യയിൽ തന്നെ ഒരു ലക്ഷം യൂനിറ്റുകൾ വിൽക്കുന്ന ആദ്യത്തെ ഇലക്ട്രിക് കാർ എന്ന റെക്കോർഡ് ടാറ്റ നെക്‌സോൺ ഇ.വി സ്വന്തമാക്കി. 2020ൽ ലോഞ്ച് ചെയ്ത ഈ മോഡൽ, 2023 സെപ്റ്റംബറിൽ ലഭിച്ച പുതിയ അപ്‌ഡേറ്റുകളോടെ വിപണിയിൽ കൂടുതൽ കരുത്താർജിച്ചു. നിലവിൽ 12.49 ലക്ഷം രൂപ മുതൽ 17.49 ലക്ഷം രൂപ വരെയാണ് ഇലക്ട്രിക് എസ്.യു.വിയുടെ എക്സ് ഷോറൂം വില.
ഉപഭോക്താക്കളെ ഒരേപോലെ പരിഗണിക്കുന്ന ടാറ്റക്ക് ഇലക്ട്രിക് വാഹങ്ങളിൽ വലിയൊരു നിരതന്നെയുണ്ട്. താങ്ങാവുന്ന വിലയിൽ ടിയാഗോ ഇ.വി, പഞ്ച് ഇ.വി എന്നിവയും അൽപ്പം ആഡംബരം ആവശ്യമായവർക്ക് നെക്‌സോൺ ഇ.വി, ഹാരിയർ ഇ.വി എന്നിവയും ലഭ്യമാണ്. ഇവ കൂടാതെ ടിഗോർ ഇ.വി, കർവ് ഇ.വി എന്നിവയും വിപണിയിൽ ലഭ്യമാണ്. ഇന്ധന വാഹനങ്ങളെ (ഐ.സി.ഇ) വേഗത്തിൽ ഇലക്ട്രിക് മോഡലുകളാക്കി മാറ്റിയതാണ് ടാറ്റയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം.
ചാർജിങ് ശൃംഖലയും ഭാവി പദ്ധതികളും
ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം ചാർജിങ് സൗകര്യങ്ങളും വർധിപ്പിക്കുന്നതിൽ ടാറ്റ മോട്ടോർസ് മുൻപന്തിയിലാണ്. നിലവിൽ രാജ്യത്തുടനീളം 2 ലക്ഷത്തിലധികം ചാർജിങ് പോയിന്റുകൾ ടാറ്റയ്ക്കുണ്ട്. ഇതിൽ ഹൈവേകളിലെ 100 'മെഗാ ചാർജർ' ഹബുകളും ഉൾപ്പെടുന്നു. 2027ഓടെ പൊതു ചാർജിങ് പോയിന്റുകളുടെ എണ്ണം 30,000 ആയും 2030ഓടെ ഒരു ലക്ഷം പോയിന്റുകളായും ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പുറത്തുവരുന്ന കണക്കുകൾ പ്രകാരം 84% ഉപഭോക്താക്കളും തങ്ങളുടെ ഇലക്ട്രിക് വാഹനത്തെ പ്രധാന വാഹനമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ ആദ്യമായി ഇലക്ട്രിക് കാർ സ്വന്തമാക്കുന്ന 100 പേരിൽ 26 പേരും ടാറ്റായുടെ വാഹനമാണ് സ്വന്തമാക്കുന്നത്. വാഹനങ്ങളിൽ 50 ശതമാനത്തിലധികം ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിനാൽ പാർട്സുകൾ സംബന്ധിച്ചുള്ള ആകുലതകൾ ഉപഭോക്താക്കൾക്ക് വളരെ കുറവാണ്.


