ആദ്യ ഫ്ലെക്‌സ്-ഫ്യുവൽ വാഹനം 2026 അവസാനത്തോടെ വിപണിയിൽ എത്തിക്കും -ടാറ്റ മോട്ടോഴ്‌സ്
text_fieldsഇന്ത്യൻ വാഹന വിപണിയിൽ വൻ മുന്നേറ്റത്തിനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ്. തങ്ങളുടെ ആദ്യ ഫ്ലെക്‌സ്-ഫ്യുവൽ (Flex-Fuel) പാസഞ്ചർ വാഹനം 2026 അവസാനത്തോടെയോ അല്ലെങ്കിൽ 2027 ആദ്യത്തോടെയോ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പെട്രോളിൽ കൂടുതൽ എഥനോൾ ചേർത്തുള്ള ഇന്ധന ഉപയോഗത്തിലേക്ക് (E100 വരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ) രാജ്യം മാറാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ടാറ്റയുടെ ഈ നിർണായക നീക്കം.
വ്യത്യസ്ത അളവിലുള്ള എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന ഫ്ലെക്‌സ്-ഫ്യുവൽ വാഹനങ്ങൾക്കായി ഒരു പ്രത്യേക വിഭാഗം രൂപീകരിക്കാൻ സർക്കാർ ആലോചിക്കുന്നതായി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് എം.ഡിയും സി.ഇ.ഒയുമായ ശൈലേഷ് ചന്ദ്ര വ്യക്തമാക്കി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (എസ്.ഐ.എ.എം) വഴി ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ സർക്കാറുമായി പുരോഗമിക്കുകയാണ്.
ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ വാഹനങ്ങളും 2023 മുതൽ തന്നെ E20 (20% എഥനോൾ കലർന്ന പെട്രോൾ) അനുയോജ്യമാക്കി മാറ്റിയിട്ടുണ്ടെന്ന് ശൈലേഷ് ചന്ദ്ര കൂട്ടിച്ചേർത്തു. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ കമ്പനി തങ്ങളുടെ ഫ്ലെക്‌സ്-ഫ്യുവൽ വാഹനങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇലക്ട്രിക്, സി.എൻ.ജി, ഹൈഡ്രജൻ സാങ്കേതികവിദ്യകൾക്കൊപ്പം പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള ബ്രാൻഡിന്റെ മാറ്റത്തിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്.
ആട്ടോ എക്‌സ്‌പോ 2025ലാണ് ടാറ്റ തങ്ങളുടെ ജനപ്രിയ മോഡലായ 'പഞ്ച്' (Punch)-ന്റെ ഫ്ലെക്‌സ്-ഫ്യുവൽ കൺസെപ്റ്റ് ആദ്യമായി അവതരിപ്പിച്ചത്. നിലവിലുള്ള 1.2 ലിറ്റർ, 3-സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഇതിലുമുള്ളതെങ്കിലും, എഥനോൾ മിശ്രിതങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഇതിന്റെ ഇ.സി.യു, ഫ്യുവൽ ഇൻജക്ഷൻ സിസ്റ്റം, എക്‌സ്‌ഹോസ്റ്റ് സംവിധാനം എന്നിവയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിൽ പെട്രോൾ, സി.എൻ.ജി, ഇലക്ട്രിക് പതിപ്പുകളിൽ ലഭ്യമായ പഞ്ചിന് ഫ്ലെക്‌സ്-ഫ്യുവൽ വകഭേദം കൂടി എത്തുന്നതോടെ ടാറ്റയുടെ സാന്നിധ്യം വിപണിയിൽ കൂടുതൽ ശക്തമാകും.
എന്താണ് ഫ്ലെക്‌സ്-ഫ്യുവൽ വാഹനങ്ങൾ?
പെട്രോൾ, എഥനോൾ അല്ലെങ്കിൽ ഇവ രണ്ടിന്റെയും മിശ്രിതം ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വാഹനങ്ങളാണ് ഫ്ലെക്‌സ്-ഫ്യുവൽ വാഹനങ്ങൾ. കരിമ്പ്, ചോളം എന്നിവയിൽ നിന്നാണ് പ്രധാനമായും എഥനോൾ എന്ന ജൈവ ഇന്ധനം ഉത്പാദിപ്പിക്കുന്നത്. സാധാരണ പെട്രോൾ കാറുകളെ അപേക്ഷിച്ച്, എഥനോളിന്റെ തുരുമ്പെടുക്കാനുള്ള സ്വഭാവത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള പ്രത്യേക എഞ്ചിൻ ഘടകങ്ങൾ, ഫ്യുവൽ പമ്പുകൾ, ഇൻജക്ടറുകൾ എന്നിവയാണ് ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. നിലവിൽ ഇന്ത്യയിലെ ഭൂരിഭാഗം കാറുകളും E20 ഇന്ധനം ഉപയോഗിക്കാവുന്നവയാണ്. എന്നാൽ സർക്കാർ ഇനി ലക്ഷ്യമിടുന്നത് E85 പോലുള്ള ഉയർന്ന എഥനോൾ മിശ്രിതങ്ങളാണ്, ഇതിനായി പ്രത്യേക ഫ്ലെക്‌സ്-ഫ്യുവൽ സാങ്കേതികവിദ്യ അത്യാവശ്യമാണ്.


