'സിയാറ'യുടെ തിരിച്ചുവരവ് രാജകീയമാക്കാൻ ടാറ്റ; വാഹനം ഉടൻ നിരത്തുകളിൽ
text_fieldsടാറ്റ സിയാര
ടാറ്റ മോട്ടോർസ് പാസഞ്ചർ വാഹനനിരയിൽ പ്രതാപം വീണ്ടെടുത്ത് വിപണിയിൽ തിളങ്ങാൻ സിയാറ വീണ്ടും എത്തുന്നു. നേരത്തെ വാഹനം വിപണിയിൽ എത്തുന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും അതിനെല്ലാം വ്യക്തമായ മറുപടിയുമായി ടാറ്റ സിയാറ നവംബർ 25ന് ഇന്ത്യൻ മാർക്കറ്റുകളിൽ എത്തും. രാജ്യത്തെ വാഹന വിപണിയിൽ നിർമാണം അവസാനിപ്പിച്ച എസ്.യു.വിയായിരുന്നു സിയാറ. എന്നാൽ തിരിച്ചുവരവിനൊരുങ്ങിയ വാഹനം മാരുതി സുസുകി വിക്ടോറിസ്, ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ, ഹ്യുണ്ടായ് ക്രെറ്റ എന്നീ മോഡലുകളോട് നേരിട്ടാകും മത്സരിക്കുക.
ഔദ്യോഗിക ലോഞ്ചിങിന് മുമ്പ് നവംബർ 15ന് എസ്.യു.വിയെ വാഹന ലോകത്ത് ടാറ്റ പരിചയപ്പെടുത്തും. നേരത്തെ രാജ്യത്ത് നടന്ന വാഹന പ്രദർശന മേളയിൽ സിയാരയെ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരുന്നു. ഇതിനിടയിൽ സ്പൈ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രദർശനമേളയിലേയും സ്പൈ ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ ടാറ്റ സിയാറയിൽ എക്സ്റ്റീരിയർ ഭാഗത്ത് പൂർണ എൽ.ഇ.ഡി ലൈറ്റിങ് സജ്ജീകരണമാണ് കമ്പനി നൽകിയിരിക്കുന്നത്. അതോടൊപ്പം ഫ്രണ്ടിലും റിയറിലുമായി ഫുൾ-വിഡ്ത് ലൈറ്റ് ബാറുകളും പുതിയ സിയാരയുടെ പ്രത്യേകതയാണ്.
പ്രചരിക്കുന്ന സ്പൈ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് സ്‌ക്രീനുകളുള്ള ലേഔട്ടാണ് ഇന്റീരിയറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഇൻഫോടൈന്മെന്റ് ടച്ച്സ്‌ക്രീൻ എന്നിവ കൂടാതെ മുൻവശത്തെ പാസഞ്ചറിന് കണ്ട്രോൾ ചെയ്യാൻ സാധിക്കുന്ന ഒരു ടച്ച്സ്ക്രീൻ ഡിസ്‌പ്ലേയും സിയാരയിൽ കാണാൻ സാധിക്കും. ഫ്ലോട്ടിങ് ഡിസൈനിൽ ഓരോ ടച്ച്സ്ക്രീനിനും 12.3 ഇഞ്ച് വലുപ്പം പ്രതീക്ഷിക്കുന്നുണ്ട്. സോഫ്റ്റ്ടച്ച് പ്രതലത്തിൽ ഡ്യൂവൽ-ടോൺ ഫിനിഷിങിലാണ് ഉൾവശം തയ്യാറാക്കിയിരിക്കുന്നത്. 2.0-ലിറ്റർ ഡീസൽ എൻജിൻ, 1.5-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 1.5-ലിറ്റർ ടർബോ പെട്രോൾ എന്നിവക്ക് പുറമെ ഇലക്ട്രിക് വകഭേദവും ടാറ്റ സിയാരക്ക് പ്രതീക്ഷിക്കാം.


