ഹ്യുണ്ടായ് വെന്യൂ എത്തി, ഇനി ഏത് മോഡൽ വാങ്ങിക്കും?
text_fieldsഹ്യുണ്ടായ് വെന്യൂ
ഹ്യൂണ്ടായ് മോട്ടോഴ്സിന്റെ കോംപാക്ട് എസ്.യു.വിയായ വെന്യൂ വിപണിയിൽ എത്തി. 7.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ആരംഭിക്കുന്ന വാഹനത്തിന്റെ ബുക്കിങ്, വാഹനം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഹ്യൂണ്ടായ് ആരംഭിച്ചിരുന്നു. വാഹനം വിപണിയിൽ എത്തിയിട്ട് ബുക്കിങ് നടത്താം എന്ന കരുതിയവർക്ക് ഏത് മോഡൽ തെരഞ്ഞെടുക്കുമെന്ന സംശയം നിലനിൽക്കുന്നുണ്ടാകും. ഇനി സംശയിക്കണ്ട! മോഡലുകളെ കുറിച്ച് കൂടുതലറിയാം...
ഹ്യൂണ്ടായ് വെന്യൂ
വിപണിയിൽ കിയ സോണറ്റ്, ടാറ്റ നെക്‌സോൺ, സ്കോഡ കൈലാഖ്, മാരുതി സുസുകി ബ്രെസ, മഹീന്ദ്ര എക്സ്.യു.വി 3XO തുടങ്ങിയ മോഡലുകളോട് നേരിട്ടുള്ള മത്സരമാകും ഹ്യൂണ്ടായ് വെന്യൂവിന്റെ പ്രധാന വെല്ലുവിളി. ഡീസൽ, പെട്രോൾ ഇന്ധന വകഭേദത്തിൽ നിരത്തുകളിൽ എത്തുന്ന സ്റ്റാൻഡേർഡ് മോഡലിന് HX2, HX4, HX5, HX6, HX6T, HX7, HX8, HX10 എന്നിങ്ങനെ എട്ട് വേരിയന്റും എൻ.ലൈനിന് N6, N10 എന്നീ രണ്ട് വേരിയന്റും ലഭിക്കുന്നു.
പ്രാരംഭ മോഡലായ HX2, മിഡ്-റേഞ്ച് മോഡലുകളായ HX5, HX7, ടോപ്-ഏൻഡ് മോഡൽ HX10 എന്നിവക്കാണ് ഡീസൽ ഇന്ധന ഓപ്ഷൻ ലഭിക്കുന്നത്. ഈ മോഡലുകൾക്ക് യഥാക്രമം 9.70, 10.64 (മാനുവൽ), 11.58 (ഓട്ടോമാറ്റിക്), 12.51, 15.51 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
ഇനി പെട്രോൾ മോഡലിൽ സാധാരണ മാനുവൽ ട്രാൻസ്മിഷൻ, ടർബോ പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ, ടർബോ പെട്രോൾ ഡ്യൂവൽ-ക്ലച്ച് ട്രാൻസ്മിഷൻ (ഡി.സി.ടി) ലഭിക്കുന്നു. HX2, HX4, HX5, HX6, HX6T എന്നീ അഞ്ച് വേരിയന്റുകൾക്ക് പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ ലഭിക്കും. യഥാക്രമം 7.90, 8.80, 9.15, 10.43, 10.70 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ മാനുവൽ ട്രാൻസ്മിഷൻ പ്രേമികൾക്ക് വാഹനം സ്വന്തമാക്കാം. ടർബോ പെട്രോൾ എൻജിനിൽ നാല് വേരിയന്റുകളാണ് ഹ്യൂണ്ടായ് വെന്യൂവിന് നൽകുന്നത്. HX2, HX5, HX8 എന്നീ സ്റ്റാൻഡേർഡ് മോഡലുകൾക്ക് പുറമെ എൻ. ലൈനിൽ N6 വേരിയന്റിനും ടർബോ പെട്രോൾ എൻജിൻ ലഭിക്കുന്നു. യഥാക്രമം 8.80, 9.74, 11.81, 10.55 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
ടർബോ മാനുവൽ ട്രാൻസ്മിഷൻ കൂടാതെ HX5, HX6, HX8, HX10 വേരിയന്റുകൾക്കും ഒപ്പം എൻ.ലൈനിൽ N6, N10 വേരിയന്റുകൾക്കും ടർബോ പെട്രോൾ ഡി.സി.ടി എൻജിൻ ഓപ്ഷൻ ലഭിക്കുന്നു. യഥാക്രമം 10.67, 11.98, 12.85, 14.56, 11.45, 15.30 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ഈ മോഡലുകൾ സ്വന്തമാക്കാം.
കപ്പ 1.2 ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ, കപ്പ 1.0 ലിറ്റർ ടർബോ ജി.ഡി.ഐ പെട്രോൾ, 1.5 ലിറ്റർ സി.ആർ.ഡി.ഐ ഡീസൽ എന്നിങ്ങനെ മൂന്ന് എൻജിൻ ഓപ്ഷനുകളാണ് ഹ്യൂണ്ടായ് വെന്യൂവിന്റെ കരുത്ത്. കൂടാതെ എൻ.ലൈനിന് 1.0 ലിറ്റർ ടർബോ ജി.ഡി.ഐ പെട്രോൾ എൻജിൻ വകഭേദവും ഹ്യൂണ്ടായ് നൽകുന്നുണ്ട്. മോണോ ടോണിൽ എത്തുന്ന അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ഡ്രാഗൺ റെഡ്, ഹാസൽ ബ്ലൂ, മിസ്റ്റിക് സഫയർ, ടൈറ്റാൻ ഗ്രേ എന്നീ ആറ് നിറങ്ങളും ഡ്യൂവൽ-ടോൺ ഫിനിഷിങ്ങിൽ അബിസ് ബ്ലാക്ക് റൂഫിൽ അറ്റ്ലസ് വൈറ്റ്, ഹാസൽ ബ്ലൂ ഓപ്ഷനോ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. അതിനായി ഉപഭോക്താക്കൾ 18,000 രൂപ അധികം നൽകണം.


