പത്ത് മിനിറ്റ് ചാർജ് ചെയ്താൽ 1,200 കിലോമീറ്റർ സഞ്ചരിക്കാം; അൾട്രാ ഫാസ്റ്റിങ് സോളിഡ് സ്റ്റേറ്റ് ബാറ്ററിയുമായി ടൊയോട്ട
text_fieldsപ്രതീകാത്മക ചിത്രം
വാഹനലോകത്തെ ജാപ്പനീസ് കരുത്തന്മാരായ ടൊയോട്ട മോട്ടോർ കോർപറേഷൻ ഇലക്ട്രിക് വാഹന മേഖലയിൽ പുതിയ പരീക്ഷണവുമായി വിപണിയിൽ. വെറും പത്ത് മിനിറ്റ് ചാർജ് ചെയ്താൽ 1,200 കിലോമീറ്റർ (745 മൈൽസ്) സഞ്ചരിക്കാൻ സാധിക്കുന്ന അൾട്രാ ഫാസ്റ്റിങ് സോളിഡ് സ്റ്റേറ്റ് ബാറ്ററിയുമായാണ് ടൊയോട്ട ഇത്തവണ ഇലക്ട്രിക് വാഹന ലോകത്തേക്കെത്തുന്നത്. നിലവിൽ സോളിഡ് സ്റ്റേറ്റ് ബാറ്ററി അനുസരിച്ചുള്ള വാഹനനിർമാണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 2027-ഓടെ വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ഒറ്റചാർജിൽ 1,200 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ബാറ്ററിയാണ് ടൊയോട്ട വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഭാവിയിൽ ഇത് 1,600 കിലോമീറ്റർ വരെ സഞ്ചരിക്കാൻ പ്രാപ്തമാക്കുമെന്നും ടൊയോട്ട പറഞ്ഞു.
ഏറ്റവും പുതിയ അൾട്രാ ഫാസ്റ്റിങ് സോളിഡ് സ്റ്റേറ്റ് ബാറ്ററിയുടെ പ്രത്യേകതകൾ
കൂടുതൽ റേഞ്ച്
പ്രധാനമായും സോളിഡ് സ്റ്റേറ്റ് ബാറ്ററി അനുസരിച്ച് നിർമിക്കുന്ന വാഹനത്തിന് ലഭിക്കുന്ന ഉയർന്ന റേഞ്ചാണ് ഏറ്റവും വലിയ പ്രത്യേകത. സോളിഡ് സ്റ്റേറ്റ് ബാറ്ററികൾ 'ലിക്വിഡ് ഇലക്ട്രോലൈറ്റ് ലിഥിയം-അയോൺ' അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. കൂടുതൽ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നതുകൊണ്ട് പുതിയ ബാറ്ററിയുടെ വലുപ്പം സാധാരണ ഇലക്ട്രിക് വാഹന ബാറ്ററികളോടെ സമാനമാകുമെന്ന് ടൊയോട്ട അവകാശപ്പെടുന്നുണ്ട്.
ഫാസ്റ്റ് ചാർജിങ്
പുതിയ സോളിഡ് സ്റ്റേറ്റ് ബാറ്ററിയിൽ ഇലക്ട്രോലൈറ്റുകൾ ഉള്ളതിനാൽ അയോണുകൾ കൂടുതൽ വേഗത്തിൽ പ്രഹരിച്ച് ഫാസ്റ്റ് ചാർജിങ് വാഗ്‌ദാനം ചെയ്യുന്നു. ഇത് ഗ്യാസോലിൻ കാറുകളിൽ ഇന്ധനം നിറക്കുന്നതിനേക്കാൾ വേഗത്തിൽ ചാർജിങ് സാധ്യമാകുമെന്നും ടൊയോട്ട അവകാശപ്പെടുന്നു.
സുരക്ഷ വർധിപ്പിച്ചു
സോളിഡ് ഇലക്ട്രോലൈറ്റ്സുകൾ ബാറ്ററിയുടെ ചോർച്ചയും അമിത ചൂടും കുറക്കുന്നു. അത് മൂലം വാഹനത്തിന് തീപിടിക്കാനുള്ള സാധ്യതയും കുറവാണ്.
ലോങ്ങ് ലൈഫ്
കൂടുതൽ സ്ഥിരതയുള്ളതും ഈട് നിൽക്കുന്ന രീതിയിലുമാണ് പുതിയ സോളിഡ് സ്റ്റേറ്റ് ബാറ്ററികളുട നിർമാണം. അതിനാൽ വാഹനത്തിന്റെ ബാറ്ററികൾക്ക് കൂടുതൽ ലൈഫ് ലഭിക്കും.
ടൊയോട്ടയുടെ പുതിയ പരീക്ഷണം ഇലക്ട്രിക് കാറുകളെ പരമ്പരാഗത കാറുകളെപ്പോലെ തന്നെ സൗകര്യപ്രദമാക്കും. കൂടാതെ ചാർജിങ് സ്റ്റേഷനുകളിൽ സ്ലോട്ടുകൾക്കായി കാത്തിരിക്കേണ്ട ഉത്കണ്ഠയും കുറയ്ക്കും. ടൊയോട്ടയുടെ ഈ പുതിയ സോളിഡ് സ്റ്റേറ്റ് ബാറ്ററികൾ അമേരിക്കൻ ഭീമന്മാരായ ടെസ്‌ലയെയും ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി.വൈ.ഡിക്കും വെല്ലുവിളി ഉയർത്തുമെന്നതിൽ സംശയമില്ല.